print edition പാർലമെന്റിലും തൊഴിലാളിരോഷം അലയടിച്ചു ; ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി
വിവാദ തൊഴിൽ കോഡുകൾക്കെതിരെയടക്കം രാജ്യവ്യാപകമായി പണിമുടക്കിയ തൊഴിലാളികളുടെ രോഷം പാർലമെന്റിലും അലയടിച്ചു. ലോക്‌സഭയിൽ തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ അവതരിപ്പിച്ച വ്യാവസായിക കോഡ് ഭേദഗതി ബില്ലിനെ എതിർത്ത് സംസാരിച്ച പ്രതിപക്ഷ അംഗങ്ങൾ പണിമുടക്കിലേക്ക് തൊഴിലാളികളെ നയിച്ച സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് ആധിപത്യകാലം മുതൽ രാജ്യത്തെ തൊഴിലാളിവർഗം സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനുള്ള മോദിസർക്കാരിന്റെ നീക്കങ്ങളാണ് പണിമുടക്കിന് നിർബന്ധിതരാക്കിയതെന്ന് സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ പറഞ്ഞു. കോർപറേറ്റുകളുടെ താൽപ്പര്യപ്രകാരമാണ് കേന്ദ്രസർക്കാർ തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. ഇൗ നടപടിയിലൂടെ മോദി സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സർക്കാരായി മാറി. രാജ്യത്തെ കർഷകരും തൊഴിലാളികളും എല്ലാം ബ്രിട്ടീഷുകാരോട് പോരാടിയാണ് അവരുടെ അവകാശങ്ങൾ നേടിയെടുത്തത്. ‘സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യ’ത്തെ മുട്ടുകുത്തിക്കാൻ കർഷകർക്കും തൊഴിലാളികൾക്കും കഴിഞ്ഞെങ്കിൽ മോദി സർക്കാരിന്റെ തെറ്റായ നടപടികളെ തിരുത്തിക്കാനും അവർക്ക് സാധിക്കുമെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു.
പൊതുപണിമുടക്കിലൂടെ തൊഴിലാളികളും കർഷകരും ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇൗ രാജ്യത്തെ ഒരോ പൗരന്റെയും അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പണിമുടക്കിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ ശൂന്യവേളയിൽ അദ്ദേഹം അവതരിപ്പിച്ചു. ബിഎംഎസ് പണിമുടക്കിൽനിന്ന് വിട്ടുനിന്നെങ്കിലും തൊഴിൽ കോഡുകൾക്കെതിരായ പണിമുടക്കിൽ ബിഎംഎസുമായി ബന്ധപ്പെട്ട ജീവനക്കാരും അണിനിരന്നു. വ്യവസായരംഗത്തെ മുരടിപ്പിന് കാരണം തൊഴിലാളികളല്ല; മോദിസർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ലോക്‌സഭയിൽ സംസാരിച്ച സുപ്രിയ സുലെ, റാണി ശ്രീകുമാർ, അരവിന്ദ് സാവന്ത്, കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമദ് ബഷീർ തുടങ്ങിയ അംഗങ്ങളും പണിമുടക്കിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
ഒറ്റക്കെട്ടായി പ്രതിപക്ഷം
പണിമുടക്കിന് പിന്തുണയറിയിച്ച് പാർലമെന്റിന് മുന്നിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ പാർടികൾ. ഇടതുപക്ഷ എംപിമാരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യത്തിന് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പാർടികളെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രാജ്യസഭയിൽ ശൂന്യവേളയിൽ പണിമുടക്കിന്റെ സാഹചര്യം വ്യക്തമാക്കി സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കോൺഗ്രസ് പാർലമെന്ററി പാർടി നേതാവ് സോണിയ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് എംപിമാർ ശക്തമായി പിന്തുണച്ചു. ഇത് സഭാരേഖകളുടെ ഭാഗമാകുകയും ചെയ്‌തു.









0 comments