കേരളത്തിൽ സമ്പൂർണം
print edition രാജ്യം സ്‌തംഭിച്ചു ; 30 കോടി പേർ പണിമുടക്കി

അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധം ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Feb 13, 2026, 02:26 AM | 3 min read
ന്യൂഡൽഹി
ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ പോരാട്ട ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ ജനകീയ മുന്നേറ്റമായി. മോദി സർക്കാരിന്റെ തൊഴിലാളിദ്രോഹ, ജനവഞ്ചക നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജനരോഷം അലയടിച്ചു. തൊഴിലാളികളോടൊപ്പം കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നതോടെ ഗ്രാമ, നഗര ഭേദമില്ലാതെ രാജ്യം പ്രക്ഷോഭവേദിയായി. 30 കോടിയിലേറെപ്പേർ പണിമുടക്കിൽ അണിചേ ർന്നു.
കഴിഞ്ഞ ജൂലൈ ഒൻപതിന് സംഘടിപ്പിച്ച പണിമുടക്കിനേക്കാൾ അഞ്ച് കോടിയിലധികം ആളുകളാണ് ഇത്തവണ പണിമുടക്കിയത്. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. കേരളം, പുതുച്ചേരി, അസം, ത്രിപുര, ഒഡിഷ, ജാർഖണ്ഡ്, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഗോവ എന്നിവിടങ്ങളിൽ പണിമുടക്ക് പൂർണമായി. രാജസ്ഥാൻ, ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മേഘാലയ, മണിപ്പുർ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം തൊഴിലാളികളും സമരത്തിൽ അണിനിരന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകൾ സ്‌തംഭിച്ചു.

വിശാഖപട്ടണം, ആന്ധ്ര
ഖനി, ഉരുക്ക്, ബാങ്ക്, ഇൻഷുറൻസ്, പെട്രോളിയം, വൈദ്യുതി, തപാൽ, ടെലികോം, ആണവോർജം, തോട്ടം, ചണ മില്ലുകൾ, ഗതാഗതം, തുറമുഖം എന്നീ മേഖലകളിലെ തൊഴിലാളികളുടെ വലിയ പങ്കാളിത്തമുണ്ടായി. സംസ്ഥാന– കേന്ദ്ര സർക്കാർ ജീവനക്കാരും പണിമുടക്കി. ബഹുരാഷ്‌ട്ര കന്പനികളുടേതുൾപ്പെടെയുള്ള മിക്ക വ്യാവസായിക കേന്ദ്രങ്ങളിലെയും തൊഴിലാളികൾ സമരമുഖത്തെത്തി. പ്രതിരോധ മേഖലയിലെ ജീവനക്കാർ ഒരു മണിക്കൂർ പ്രതിഷേധിച്ചു. റെയിൽവേ യൂണിയനുകളും സമരത്തിന് ഐക്യദാർഢ്യമറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ എയർപോർട്ട് ജീവനക്കാർ മൂന്ന് മണിക്കൂർ പണിമുടക്കി.

ആശ, അംങ്കണവാടി, ഉച്ച ഭക്ഷണത്തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. ഇ–റിക്ഷ, ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കിയതോടെ പല നഗരങ്ങളിലും ഗതാഗതം സ്‌തംഭിച്ചു. വൈദ്യുതി ഭേദഗതി ബിൽ, വിത്തുബിൽ, യുഎസിന് കീഴടങ്ങിയുള്ള വ്യാപാര കരാറുകൾ, തൊഴിലുറപ്പ് പദ്ധതി അട്ടിമറി തുടങ്ങിയവയ്‌ക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും സമരത്തിൽ സജീവമായി. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നാവശ്യമുയർത്തി വിദ്യാർഥികളും അണിനിരന്നു. രൂക്ഷമായ തൊഴിലില്ലായ്‌മ, സ്ഥിരംതൊഴിൽ ഇല്ലാതാക്കൽ എന്നിവയ്‌ക്കെല്ലാം കാരണക്കാരായ കേന്ദ്ര സർക്കാരിനെതിരെ യുവജനങ്ങളും പ്രതിഷേധിച്ചു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും ബഹുജന സംഘടനകളും പിന്തുണച്ചു.
രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. മധ്യപ്രദേശിലെയും ഒഡിഷയിലെയും ഖനി മേഖല പൂർണമായും സ്‌തംഭിച്ചു. അസമിലെ വ്യാവസായിക മേഖലകളിൽ പണിമുടക്ക് വൻ വിജയമായി. ആന്ധ്രയിലെ കാക്കിനട തുറമുഖത്തിലെ പ്രവർത്തനം നിലച്ചു. ഗുജറാത്തിൽ പദ്ധതിത്തൊഴിലാളികളടക്കമുള്ളവർ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. പശ്ചിമ ബംഗാളിൽ പ്രതിഷേധിച്ച നൂറിലധികം തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു. കേരളത്തിൽ 250ൽ അധികം റാലികൾ നടന്നു.

ബംഗളൂരു, കർണാടക
കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാർ പണിമുടക്കി. പ്രതിഷേധ പ്രകടനം നടത്തിയവരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെ പൊലീസ് കൈയ്യേറ്റംചെയ്‌തു. തമിഴ്‌നാട്ടിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. വിവാദ തൊഴിൽ കോഡുകൾ, വിവിധ വ്യാപാര കരാറുകൾ തുടങ്ങിയ ജനദ്രോഹ– തൊഴിലാളി ദ്രേോഹ നടപടികൾ പിൻവലിക്കുംവരെ യോജിച്ച സമരം തുടരുമെന്ന പ്രഖ്യാപനംകൂടിയായി പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
കേരളത്തിൽ സമ്പൂർണം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, ജനവിരുദ്ധ നടപടികൾക്കെതിരെ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്കിൽ കേരളം നിശ്‌ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കി. കെഎസ്‌ആർടിസി ജീവനക്കാരും പണിമുടക്കിയതോടെ ഗതാഗതം പൂർണമായും സ്‌തംഭിച്ചു. തൊഴിൽശാലകളും തൊഴിലിടങ്ങളും പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളുടെ പ്രവർത്തവും ഏതാണ്ട് പൂർണമായും സ്‌തംഭിച്ചു.
കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും, ബാങ്ക്, ഇൻഷറുൻസ്, പ്രതിരോധം, റെയിൽവെ, തുറമുഖം, വ്യോമയാനം മേഖലകളിലെ ജീവനക്കാരും പണിമുടക്കി. സെക്രട്ടറിയറ്റിൽ 10 ശതമാനം മാത്രമായിരുന്നു ഹാജർ. കർഷക, കർഷകത്തൊഴിലാളി സംഘടനകളും സിപിഐ എമ്മും സിപിഐയും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും മഹിളാ, വിദ്യാർഥി, യുവജന സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തില്ല. അവശ്യ സർവീസ് മാത്രമാണ് പ്രവർത്തിച്ചത്. ട്രെയിൻ സർവീസ് നടന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. റെയിൽവെ സ്റ്റേഷനുകളിലും മറ്റും എത്തിയവർക്ക് പൊലീസും സന്നദ്ധസംഘടനകളും യാത്രാസൗകര്യം ഒരുക്കി.
ദേശീയതലത്തിൽ ഐഎൻടിയുസി സംയുക്ത സമരമാണ് തീരുമാനിച്ചതെങ്കിലും കേരളത്തിൽ യോജിച്ചുള്ള സമരത്തിൽനിന്ന് കോൺഗ്രസ് പിന്മാറി. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് നടത്തുന്ന മൂന്ന് ജാഥകളും പര്യടനം മാറ്റിവച്ചു. എന്നാൽ, വി ഡി സതീശന്റെ നയിക്കുന്ന യുഡിഎഫ് ജാഥ പണിമുടക്ക് ദിവസവും പര്യടനം നടത്തി. പണിമുടക്കിയ തൊഴിലാളികൾ സംസ്ഥാനത്ത് 650 കേന്ദ്രങ്ങളിൽ പ്രതിഷേധറാലികളും യോഗവും സംഘടിപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു.തലസ്ഥാനത്ത് മ്യൂസിയം ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ലോക്‌ഭവന് മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്തു.









0 comments