ജന്തർ മന്തറിൽ ജനരോഷം ഇരമ്പി
print edition മോദിക്ക് താക്കീത് ; എല്ലാ സംസ്ഥാനവും പണിമുടക്കിന്റെ ഭാഗമായി

കർണാടകത്തിലെ ചിക്കമംഗളൂരുവിൽ നടന്ന തൊഴിലാളി പ്രകടനം
എം പ്രശാന്ത്
Published on Feb 13, 2026, 02:25 AM | 4 min read
ന്യൂഡൽഹി
തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാരിനെതിരായ ശക്തമായ താക്കീതായി കേന്ദ്ര ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ച 24 മണിക്കൂർ പണിമുടക്ക് മാറി. 30 കോടി പേർ പങ്കെടുത്ത പണിമുടക്ക് ആവേശം രാജ്യമെമ്പാടും അലയടിച്ചു. തൊഴിലാളികൾക്ക് പിന്തുണയുമായി ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും പ്രകടനങ്ങളും യോഗങ്ങളുമായി അണിനിരന്നു. പണിമുടക്ക് മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളി– കർഷകവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ ഭാവമെങ്കിൽ കൂടുതൽ തീഷ്‌ണമായ സമരപോരാട്ടങ്ങളിലേക്ക് കടക്കാനാണ് ട്രേഡ്‌യൂണിയനുകളുടെയും കർഷകസംഘടനകളുടെയും തീരുമാനം.
സാധാരണ പണിമുടക്കുകൾക്കുമുമ്പ് യൂണിയനുകൾ ഉയർത്തുന്ന ആവശ്യങ്ങളിൽ സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമാകാറുണ്ട്. തൊഴിൽ മന്ത്രി ഉൾപ്പെടെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുന്ന മന്ത്രിമാരാകും ട്രേഡ്‌യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുക. അത്തരം കീഴ്‌വഴക്കങ്ങൾ ലംഘിക്കുകയെന്ന ധിക്കാരത്തിലേക്കും കേന്ദ്ര ബിജെപി സർക്കാർ കടന്നു. ചർച്ചയ്‌ക്കുപോലും സന്നദ്ധമാകാത്ത സർക്കാർ നിലപാട് ഭരണകക്ഷിയായ ബിജെപിയുടെ തൊഴിലാളി– കർഷക വിരുദ്ധ മനോഭാവത്തെ കൂടിയാണ് തുറന്നുകാട്ടുന്നത്.
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് മുതൽ കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിലാളിവിരുദ്ധ നയനിലപാടുകളാണ് തുടർച്ചയായി സ്വീകരിച്ചുവരുന്നത്. തൊഴിലാളി പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും സർക്കാർ പ്രതിനിധികളും ഉൾപ്പെട്ട ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ് 2015ന് ശേഷം സർക്കാർ വിളിച്ചുചേർത്തിട്ടില്ല. ലേബർ കോൺഫറൻസിൽ ചർച്ച ചെയ്യാതെയാണ് നാല് തൊഴിൽ കോഡുകളും സർക്കാർ കൊണ്ടുവന്നത്. ലേബർ കോൺഫറൻസ് വിളിച്ചുചേർക്കണമെന്ന ആവശ്യം സംഘപരിവാർ ട്രേഡ്‌യൂണിയനായ ബിഎംഎസ് പോലും മുന്നോട്ടുവച്ചിരുന്നു. അന്താരാഷ്ട്ര തൊഴിൽസംഘടനയും (ഐഎൽഒ) ലേബർ കോൺഫറൻസ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചിരുന്നു.
ട്രേഡ്‌യൂണിയനുകളുമായി ചർച്ച നടത്താതെയും ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാതെയും കോർപ്പറേറ്റുകൾക്കായി തികച്ചും ഏകാധിപത്യനിലപാടിലാണ് സർക്കാർ നീങ്ങുന്നത്. വരും ദിവസങ്ങളിലും സർക്കാരിന്റെ തൊഴിലാളി– കർഷകദ്രോഹ നിലപാടുകൾക്കെതിരായ സമരപരമ്പരകൾ രാജ്യത്ത് സംഭവിക്കും.
എല്ലാ സംസ്ഥാനവും പണിമുടക്കിന്റെ ഭാഗമായി
കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തൊഴിലാളികൾ തെരുവിലിറങ്ങി. ജാർഖണ്ഡ്, ഒഡീഷ്, ഛത്തീസ്‌ഗഡ്, യുപി, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നുള്ള കൽക്കരി ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചു. കേരളം, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് വൈദ്യുതി ജീവനക്കാർ വ്യാപകമായി പണിമുടക്കിയത്. പഞ്ചാബിൽ 25,000ഉം തമിഴ്‌നാട്ടിൽ 13,040 ഉം വൈദ്യതി ജീവനക്കാര്‍ പങ്കുചേർന്നു. വടക്കുകിഴക്കൻ, തെക്കൻ സംസ്ഥാനങ്ങളിലെ പവർ ഗ്രിഡ് കോർപറേഷനുകളും അടഞ്ഞുകിടന്നു. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ എൽപിജി നിറയ്‌ക്കുന്ന കേന്ദ്രങ്ങളിൽ പ്രവർത്തന തടസ്സമുണ്ടായി. ഒഡീഷ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളും സ്തംഭിച്ചു.
മിക്ക സംസ്ഥാനങ്ങളിലെയും നിർമാണ, വ്യാവസായിക മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിനോടൊപ്പം നിന്നു. 16 സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാരും അണിചേര്‍ന്നു. ഗുജറാത്തിലെ ലേബർ കോടതികളും ട്രൈബ്യൂണലും അടച്ചിട്ടു. പത്തോളം സംസ്ഥാനങ്ങളിൽ വിവിധ പദ്ധതിത്തൊഴിലാളികൾ വ്യാപകമായി സംഘടിച്ചു. ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിർമാണ തൊഴിലാളികൾ പണിമുടക്കി. വിവിധ സംസ്ഥാനങ്ങളിലെ ശുചീകരണ, ഗിഗ് തൊഴിലാളികളും സമരമുഖത്തിറങ്ങി.
ജന്തർ മന്തറിൽ ജനരോഷം ഇരമ്പി
മോദി സർക്കാരിന്റെ തൊഴിലാളി– ജനദ്രോഹ നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം അലയടിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും കർഷക, കർഷകത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു.
തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും സ്‌ത്രീകളും അണിനിരന്നതോടെ സർവമേഖലയിലും ശക്തമാകുന്ന ജനരോഷം പ്രകടമായി. രാജ്യതലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് റാലിയിൽ അണിനിരന്നത്. സിഐടിയു പ്രസിഡന്റ് സുദീപ് ദത്ത, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, ഐഎൻടിയുസി വൈസ് പ്രസിഡന്റ് അശോക് സിങ്, എച്ച്‌എംഎസ് ജനറൽ സെക്രട്ടറി ഹർഭജൻ സിങ് സന്ധു, എഐടിയുസിസി നേതാവ് ആർ കെ ശർമ, സേവാ നേതാവ് ലതാ ബെൻ, എഐസിസിടിയു നേതാവ് രാജീവ് ദിമ്രി, യുടിയുസി നേതാവ് ശത്രുജിത് സിങ് എന്നിവർ സംസാരിച്ചു. രാജ്യവ്യാപകമായി പണിമുടക്കിയ തൊഴിലാളികൾക്ക് നേതാക്കൾ അഭിവാദ്യം അർപ്പിച്ചു. സിഐടിയു വൈസ് പ്രസിഡന്റ് തപൻ സെൻ, അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ തുടങ്ങിയവരും റാലിയെ അഭിവാദ്യം ചെയ്തു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അരുൺ കുമാർ, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, ഹന്നൻ മൊള്ള, സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവരും ഐക്യദാർഢ്യമറിയിച്ചു.
മാധ്യമ പ്രവർത്തകരും അണിനിരന്നു
കേരള പത്രപ്രവർത്തക യൂണിയൻ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരും പണിമുടക്കിന് ഐക്യദാർഢ്യമറിയിച്ചു. മാധ്യമപ്രവർത്തകർ കേരളാ ഹൗസിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രകടനമായെത്തി. ഡിയുജെ ഭാരവാഹികളായ എസ് കെ പാണ്ഡെ, എ എം ജിഗീഷ്, എം പ്രശാന്ത് എന്നിവരും കെയുഡബ്ല്യുജെ ഭാരവാഹികളായ പ്രസൂൺ എസ് കണ്ടത്ത്, പി വി സുജിത്, ഡി ധനസുമോദ് എന്നിവരും നേതൃത്വം നൽകി. കേരള ഹൗസിലെ ജീവനക്കാരും ഐക്യദാർഢ്യമറിയിച്ചു.
ബംഗാളിൽ വൻ വിജയം
അഖിലേന്ത്യ പണിമുടക്ക് ബംഗാളിൽ വൻ വിജയം. തൃണമൂൽ, ബിജെപി ഭീഷണിയും അക്രമവും അവഗണിച്ച് തൊഴിലാളികളും കർഷക–കർഷകത്തൊഴിലാളികളും ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവൻ വൻ തോതിൽ അണിനിരന്നു. വ്യവസായ മേഖലകളിലും കൽക്കരി ഖനികളിലും ചണമില്ലുകളിലും തെയില തോട്ടങ്ങളിലും ഭൂരിപക്ഷം തൊഴിലാളികലും ജോലിയിൽനിന്ന് വിട്ടുനിന്നു. കൊൽക്കത്ത– ഹാൾദിയ തുറമുഖങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. ബാങ്ക്, ഇൻഷുറൻസ്, ഐടി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിൽ പങ്കാളികളായി. 6000ൽ അധികം സ്ഥലങ്ങളിൽ ധർണ നടന്നു.
പ്രക്ഷോഭകര്‍ക്ക് അഭിവാദ്യം: സിഐടിയു
ദേശീയ പണിമുടക്ക് ചരിത്ര വിജയമാക്കിയ തൊഴിലാളികളെയും കർഷകരെയും കർഷകത്തൊഴിലാളിയേയും സിഐടിയു അഭിവാദ്യം ചെയ്തു. സംഘടിത, അസംഘടിത മേഖലയിൽ നിന്നുൾപ്പെടെ വലിയ രീതിയിലുള്ള പങ്കാളിത്തമാണ് ഉണ്ടായത്. കോടതി ഉത്തരവുകൾ, നിരോധന ഉത്തരവുകൾ, തൊഴിലാളികൾക്ക് നേരെ ആക്രമണങ്ങൾ എന്നിവ ഉണ്ടായിട്ടും പണിമുടക്ക് സംഘടിതമായും അച്ചടക്കത്തോടെയും വ്യാപകമായും നടന്നു.
കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾക്കും തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ ‘ഡൂ ഓർ ഡൈ’ പോരാട്ടത്തിലാണ് ജനങ്ങൾ എന്ന് വ്യക്തമായി. ഇന്ത്യയിലെ കർഷകരും തൊഴിലാളികളും ഒരു സമ്മർദത്തിനും കീഴടങ്ങില്ലെന്നും പണിമുടക്ക് തെളിയിച്ചു. പണിമുടക്കിലൂടെ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗം ഐക്യം ഒന്നുകൂടി ഉറപ്പിച്ചുവെന്നും സിഐടിയു പ്രസ്‌താവനയില്‍ പറഞ്ഞു.
പോരാട്ടം തുടരും: ഖാർഗെ
തെരുവുകൾ മുതൽ പാർലമെന്റ് വരെ മോദിസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്ക് എതിരെ പോരാട്ടം തുടരുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. രാജ്യതാൽപര്യങ്ങൾ തീറെഴുതുന്ന മോദിസർക്കാരിന് എതിരെ തൊഴിലാളികളും ചെറുകിട വ്യാപാരികളും സാധാരണക്കാരും രംഗത്തിറങ്ങുകയാണ് – ഖാർഗെ പ്രതികരിച്ചു.









0 comments