ad
Deshabhimani

രാജ്യത്തെ ഇവര്‍ എവിടേക്കാണ് നയിക്കുന്നത്, കനൽ കത്തുന്ന പ്രതിഷേധവുമായി പണിമുടക്കിലേക്ക്

strike
വെബ് ഡെസ്ക്

Published on Feb 11, 2026, 02:44 PM | 5 min read

രാജ്യത്തെ ഇവര്‍ എവിടെക്കാണ് നയിക്കുന്നത് എന്ന അങ്കലാപ്പിലാണ് ഇന്ത്യയിലെ ജനങ്ങൾ. വികസനവും പുരോഗതിയും പറഞ്ഞ് പുകമറ സൃഷ്ടിച്ച് ഓരോ മേഖലകളെയും കുത്തകകൾക്കും ഇഷ്ടക്കാര്‍ക്കും തീറെഴുതി. അന്താരാഷ്ട്ര ബന്ധങ്ങളിൽ ജനതാത്പര്യങ്ങൾ അടിയറ വെച്ചു. മൂലധന താത്പര്യങ്ങൾക്ക് മുന്നിൽ മുട്ടിൽ ഇഴഞ്ഞു. തിരുത്തലുകൾക്ക് പോലും സാധ്യയില്ലാത്ത വിചിത്രമായ കരാറുകളിലും നിബന്ധനകളിലും രാജ്യ താത്പര്യങ്ങളെ കൂട്ടികെട്ടി. നോട്ട് നിരോധനം മുതലായ മുൻപിൻ ചിന്തകളില്ലാത്ത അസംബന്ധ നടപടികളാൽ സമ്പദ് മേഖലകളിൽ തകര്‍ച്ചയുടെ അന്തക വിത്തുകൾ വിതച്ചു.


ബി ജെ പി നയിക്കുന്ന എൻ ഡി എ സര്‍ക്കാര്‍ തങ്ങൾക്ക് നേരെ വന്ന പ്രതിഷേധങ്ങളെ മുഴുവൻ നേരിട്ടത് രാജ്യത്തെ കൂടുതൽ കൂടുതൽ ശിഥിലമാക്കുന്ന വര്‍ഗ്ഗീയ വംശീയ വിഭാഗീയതകളുടെ വിനാശകരമായ തന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു. ജനാധിപത്യം അതിന്റെ ശക്തി വീണ്ടെടുത്ത് എതിര്‍പ്പിന്റെ സ്വരങ്ങൾ ഉയര്‍ത്തുമ്പോൾ എല്ലാം ശ്രദ്ധ തെറ്റിക്കാനായി മനുഷ്യരെ ഭിന്നിപ്പിച്ച് വിഭാഗീതയുടെ നഞ്ഞ് തീറ്റിച്ചു. രാജ്യം ഏറ്റവും അധികം കലാപങ്ങളിലൂടെയും കാലുഷ്യങ്ങളിലൂടെയും കടന്നു പോയ വിഭജന കാലഘത്തിൽ പോലും കേൾക്കാത്ത വിദ്വേഷത്തിന്റെ വിഷലിപ്തമായ അന്തരീക്ഷമാണ് അവര്‍ സൃഷ്ടിച്ചെടുത്തത്. മനുഷ്യരെ ഇരുട്ടിലേക്ക് വീണ്ടും ഇരുണ്ട കാലത്തേക്ക് നയിക്കാൻ ധൃതി കൂട്ടുകയാണ്.


അസമിൽ നിന്ന് അവസാനം കണ്ടത് ഒരു മുഖ്യമന്ത്രി തന്നെ ഒരു നിശ്ചിത മതവിഭാഗത്തിലെ പുരോഹിതനെയും പുതു തലമുറയിലെ യുവാവിനെയും പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്ന ഔദ്യോഗിക പരസ്യ ചിത്രമാണ്. അവ ആവേശത്തോടെ ഇത്തിരിയും കുറ്റ ബോധമില്ലാതെ രാജ്യത്തെയും അതിന്റെ ഭദ്രതയെയും കുറിച്ച് അല്പവും ആലോചനയില്ലാതെ സ്വയം സൃഷ്ടിച്ച് പരസ്യപ്പെടുത്തുകയാണ് ചെയ്തത്.


രാജ്യ താത്പര്യം പൂര്‍ണ്ണമായും അടിയറ വെച്ച ഒരു കരാറിനെ കുറിച്ച് ജനങ്ങൾ മുഴുവനും അങ്കലാപ്പിൽ കഴിയുമ്പോഴാണ് ശ്രദ്ധ തെറ്റിക്കാനായി വിഭജനത്തിന്റെ പോയിന്റ് ബ്ലാക് വെടിവെപ്പ് അഭ്യാസങ്ങൾ. കാര്‍ഷിക തൊഴിൽ വ്യവസായ മേഖലകളെ തകര്‍ക്കുന്ന ഒരു കരാറിനെ ചൊല്ലി എൻ ഡി എ മന്ത്രിസഭയിൽ മുതിര്‍ന്ന അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നു. അപകടം അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ അടിയറവ് കരാറുകൾ വരുന്നത് എന്നത് ഇത് വ്യക്തമാക്കുന്നു. എന്നിട്ടും ആരോ മുകളിൽ നിന്ന് നൽകിവിടുന്ന അസംബന്ധ അഭ്യാസങ്ങൾക്ക് കീ ജയ് വിളികൾ തുടരുന്നു. ഇടപാടുകൾക്ക് മറപിടിക്കാൻ പതിവ് തന്ത്രമായി ഓരോ ഘട്ടത്തിലും വിഭാഗീയത കത്തിച്ചെടുക്കുന്നു.


എവിടെ അധികാരത്തിലെത്തിയോ

അവിടെയെല്ലാം വിഭീഗീയതയുടെ വിഷം വിതറി


മത വര്‍ഗ്ഗീയത മാത്രമല്ല,വംശീതയും കത്തിച്ച് പൗരസമൂഹത്തെ പരസ്പരം കൊല്ലുന്ന ജീവികളാക്കി മാറ്റുകയാണ്. മണിപ്പൂരിൽ തങ്ങളുടെ മുന്നണി ഭരിക്കുമ്പോൾ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നിയന്ത്രിക്കാൻ കഴിയാതെ സ്വന്തം ഭരണ സമിതിയെ ഡൽഹിയിലെ യജമാനൻമാര്‍ ചേര്‍ന്ന് പിരിച്ചു വിട്ടു. രാഷ്ട്രപതി ഭരണത്തിന് കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടും കലാപം കത്തി നിന്നു.


സംസ്ഥാനത്തെ ജനങ്ങൾ തന്നെ മടുപ്പിലും നിരാശയിലുമായി. തൊട്ടു പിന്നാലെ എല്ലാം കെട്ടടങ്ങി എന്നു പറഞ്ഞ് രാഷ്ട്രപതി ഭരണം പിൻവലിച്ച് ഇഷ്ടക്കാരെ തിരികെ വാഴിച്ചു. പുതിയ എൻ ഡി എ മന്ത്രിസഭയുടെ ഭരണത്തിന്റെ ആറാം ദിവസം അതുവരെ ഇല്ലാത്ത സംഘര്‍ഷം പൊട്ടി പുറപ്പെട്ടു. സമാധാനത്തോടെ മാറി നിന്നിരുന്ന നാഗ വിഭാങ്ങൾ കൂടി അക്രമത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. മെയ്തെയ് കുക്കി സംഘര്‍ഷത്തിനിടെ അതുവരെ കലാപം എത്താത്ത ഉക്രൂലിൽ നാഗ കുക്കി സംഘര്‍ഷവും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആ അതിര്‍ത്തി ജില്ല ഇപ്പോഴും കത്തുകയാണ്.


ബി ജെ പി എവിടെ അധികാരം നേടുന്നുവോ അവിടെയെല്ലാം ഭരണം തട്ടിയെടുക്കാനായി വിതച്ച വിഭാഗീയതയുടെ വിത്തുകൾ സമൂഹത്തിൽ വിഷവള്ളികളായി പടര്‍ന്നേറി. അവ രാജ്യത്തെ അകത്തു നിന്നും ശിഥിലമാക്കി തീര്‍ക്കുന്ന സാഹചര്യത്തിലേക്ക് വലിയ ആശങ്കയായി വളരുന്നു. തലമുറകളായി പടുത്ത ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും പൗര സാഹോദര്യത്തിന്റെയും അടിത്തറകൾ വരെ ദുര്‍ബലമാക്കിയിരിക്കുന്നു.


fist


രാജ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ

പണിമുക്കിലെ വികാരം


രാജ്യം പൊതു പണിമുടക്കിലേക്ക് പോകുമ്പോൾ ഈ വിഭാഗീയതയ്ക്ക് അപ്പുറം ഇന്ത്യ എന്ന യഥാര്‍ത്ഥ വികാരം കനലായി കത്തി ജ്വലിച്ചു തുടങ്ങുന്നു. എല്ലാ വിഭാഗം ജനങ്ങളും ഇതിൽ പങ്കു ചേരുന്നു. ഓരോരുത്തരും കേന്ദ്രത്തിലെ വിവേകമില്ലാത്ത സര്‍ക്കാരിന്റെ വിചാര ശൂന്യമായ നയങ്ങളുടെ തിക്ത ഫലങ്ങൾ ഏറ്റുവാങ്ങി അവശരായി തുടങ്ങിയിരിക്കുന്നു. രാജ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ യഥാര്‍ത്ഥ രാജ്യസ്നേഹികളിലൂടെ പ്രതിഷേധരൂപം ആര്‍ജിക്കുന്നു.


കേന്ദ്ര സര്‍ക്കാരിന്റെ വിചാര ശൂന്യമായ നടപടികളിൽ അവസാനത്തെയാണ് അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാര കരാര്‍ ചട്ടക്കൂട്. ലളിതമായി തന്നെ അതിലെ അപകടം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെട്ടു. അതുവരെ മൂന്ന് ശതമാനം വരെ നികുതി നൽകി കയറ്റി അയച്ചിരുന്ന വസ്തുക്കൾക്ക് 18ശതമാനം എന്ന പുതിയ താരിഫ് സമ്മതിച്ച് തുല്യം ചാര്‍ത്തി നൽകി. റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരെ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഭരണ കൂടം സമീപ കാലത്ത് പ്രഖ്യാപിച്ച പ്രതികാര നികുതിയാണ് ഈ കരാര്‍ വ്യവസ്ഥയിലെ നിബന്ധനയ്ക്ക് മറയായിരിക്കുന്നത്. ഇത് ഇന്ത്യയെ വഞ്ചിക്കാൻ യു എസ് പ്രയോജനപ്പെടുത്തിയപ്പോൾ സന്തം രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാൻ എൻ ഡി എ സര്‍ക്കാരും മറയാക്കി.


ആദ്യം 25 ശതമാനം ആയിരുന്ന നികുതി നയതന്ത്ര നീക്കങ്ങൾ പാളിയതോടെ അമേരിക്ക അത്രയും കൂടി വര്‍ധിപ്പിച്ച് 50ശതമാനമാക്കിയിരുന്നു. പുതിയ കരാര്‍ ചട്ടക്കൂട് വന്നപ്പോൾ ഇതിലെ 18ശതമാനം നിലനിര്‍ത്തി ബാക്കി ഒത്തു തീര്‍പ്പാക്കി സമ്മതിച്ചു കൊടുത്തു. പ്രതിഷേധം ഒതുക്കാൻ, കഴിഞ്ഞ വര്‍ഷം നവംബറിൽ നികുതി കുറച്ച് നിശ്ചയിച്ച വസ്തുക്കൾ ഈ കരാറിന്റെ ഭാഗമാണെന്ന് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.


Related News

30ശതമാനത്തിലധികം ലാഭത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിര്‍ത്താമെന്ന് കരാറിന് മുന്നോടിയായി സമ്മതിച്ചു. ഇതോടെ, ചിലപ്പോൾ എണ്ണ വില വര്‍ധനവും വന്നേക്കാം. ഇതുവരെ ക്രൂഡ് ഓയിൽ വില റെക്കോര്‍ഡ് താഴ്ചയിൽ എത്തിയിട്ടും അത് ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല. കാര്‍ഷിക വ്യവസായ മേഖലകളിൽ എല്ലാം ഇതിന്റെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നു.


വ്യാപ കരാര്‍ മാത്രമല്ല ഒരു സമ്മാന പാക്കേജ് കൂടി ഇതിന്റെ കൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഡൊണൾഡ് ട്രംപ് ഭരണകൂടത്തിനായി ഓഫര്‍ വെച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം അമ്പത് ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ തങ്ങൾ വാങ്ങിച്ചു കൊള്ളാം എന്നാതാണ് പാക്കേജ്. നിലവിലുള്ള ഒരു ബിസിനസിലും കേട്ടുകേൾവി പോലുമില്ലാത്ത ഡീൽ. അഞ്ചു വര്‍ഷത്തിനകം ഇത്രയും തുകയ്ക്കുള്ള എന്ത് സാധനങ്ങളാണ് അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിക്കുക എന്നറിയില്ല. പക്ഷേ, ആയുധ ദല്ലാൾമാര്‍ വരെയുള്ള ആഗോള ഇടനില സംഘങ്ങൾ ആവേശത്തിലാണ്.


കേന്ദ്ര സർക്കാരിന്റെ നാല് പുതിയ തൊഴിൽ കോഡുകൾക്കും അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ഒപ്പുവെച്ച വ്യാപാര കരാറുകൾക്കുമെതിരെ രോഷം കത്തുകയാണ്. ഇവയ്ക്കെതിരെ മാത്രമല്ല ഫെബ്രുവരി 12-ന് രാജ്യവ്യാപകമായി പണിമുടക്ക് നടക്കുന്നത്. അസംബന്ധ ഭരണ നടപടികൾക്കെതിരെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി രോഷമാണ് ഉയരുന്നത്. കര്‍ഷകരും വ്യാപാരികളും വ്യവസായികളും എല്ലാം എൻ ഡി എ സര്‍ക്കാര്‍ വരുത്തി വെച്ച ഭീഷണികളുടെയും വെല്ലുവിളികളുടെയും വില അവരുടെ ജീവിതം കൊണ്ട് അനുഭവിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. നേരിട്ട് പൊള്ളൽ ഏറ്റ് തുടങ്ങിയതോടെ വികനത്തിന്റെയും പുരോഗതിയുടെ പാഴ് വാഗ്ദാനങ്ങളിൽ മയങ്ങി കേന്ദ്രത്തെ ന്യായീകരിച്ച് കഴിഞ്ഞിരുന്നവരും ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു.


ഹിമാചൽഹിമാചൽ പ്രദേശിൽ പണിമുടക്കിന് മുന്നോടിയായി നടന്ന യോഗത്തിൽ നിന്ന്


കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും


കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഘടക സംഘടനകൾക്കൊപ്പം കർഷക സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാൻ മോർച്ച (SKM),കാർഷിക തൊഴിലാളി യൂണിയനുകൾ,വിദ്യാർത്ഥി,വനിത,യുവജന സംഘടനകൾ തുടങ്ങിയവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയതായി കൊണ്ടു വന്ന നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നതും സമരത്തിന്റെ മുഖ്യ ആവശ്യമാണ്. അഞ്ചുവർഷത്തിലേറെയായി തുടരുന്ന പ്രതിഷേധങ്ങൾ മറികടന്നാണ് ഒട്ടും ജനാധിപത്യപരമല്ലാതെ ഈ കോഡുകൾ നടപ്പാക്കിയത്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് വരാനിരിക്കുന്നത്. വ്യാപാര കരാറിൽ ആര്‍ക്ക് വേണ്ടി നയങ്ങൾ രൂപീകരിച്ചുവോ അവര്‍ക്ക് വേണ്ടിയാണ് തൊഴിൽ ചട്ടങ്ങളും മാറ്റി എഴുതി നൽകിയിരിക്കുന്നത്.


നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (NREGA) -2004റദ്ദാക്കി അതിന് പകരമായി കൊണ്ടുവന്ന VB-G RAM Gനിയമവും സമരത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഗ്രാമീണ തൊഴിലുറപ്പ് അവകാശത്തെ ദുർബലപ്പെടുത്തുന്നതും ലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്ന് സംരക്ഷണമൊരുക്കിയിരുന്ന താങ്ങ് ഇല്ലാതാക്കുന്നതുമാണ് പുതിയ “RAM G”പരിഷ്കാരം.


protest


ആത്മാഭിമാനം ഉറപ്പിച്ച തൊഴിൽ ഉറപ്പ് തകര്‍ത്തു


പട്ടിണി മരണങ്ങൾ ആവര്‍ത്തിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒരു കുമ്പിൾ കഞ്ഞിക്കായി കാത്തിരിക്കുന്നവര്‍ക്ക് ആത്മാഭിമാനത്തിന്റെയും ഉറപ്പായിരുന്നു തൊഴിൽ ഉറപ്പ് പദ്ധതി നൽകിയിരുന്നത്. ആരുടെ മുന്നിലും കൈ നീട്ടാതെ തൊഴിലെടുത്ത് പശിയടക്കാം. അടിസ്ഥാന ജനവിഭാങ്ങളുടെ ദുരിതങ്ങളിൽ താങ്ങാവുന്ന ഇത്തരം പദ്ധതികളുടെ സാമ്പത്തിക ബാധ്യതകൾ സംസ്ഥാനങ്ങളുടെ തലയിൽ കയറ്റി വെച്ച് അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വ്യവസായ കുത്തകളുടെ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള കരാര്‍ തുക ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.


ഇതോടൊപ്പം വിത്ത് നിയമം,വൈദ്യുതി നിയമം തുടങ്ങിയ മറ്റു നിയമപരിഷ്‌കരണങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെയും അവരോടുള്ള വിധേയത്വത്തിന്റെയും പ്രകടന പത്രികയാക്കി മാറ്റിയിരിക്കുന്നു. ഓൾ ഇന്ത്യ കിസാൻ സഭ (AIKS)പുറത്തിറക്കിയ പ്രസ്താവനയിൽ,ഇന്ത്യ-അമേരിക്ക കരാർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. വലിയ തോതിൽ സബ്സിഡിയും സൗജന്യ വൈദ്യുതിയും അപകടരമായ കീടനാശിനികളും എല്ലാം നൽകി വിളിയിച്ച വിളകളാണ് നികുതി രഹിതമായി ഇന്ത്യയിലേക്ക് എത്താനിരിക്കുന്നത്. ഏതൊക്കെ മേഖലകളിലെ കര്‍ഷകരുടെ ജീവനെടുക്കും എന്ന് പറയാൻ വയ്യ. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഒന്നും ഫലത്തിൽ ജനം അനുഭവിക്കുന്നത് മറ്റൊന്നും ആയിത്തീരുകയാണ്. ഈ തിരിച്ചറിവ് ഗ്രാമീണ മേഖലയിൽ നിന്നും ഉയര്‍ന്നു വരുന്ന വികാരമായി പടരുകയാണ്.


Related News

ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവും സമരത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ ആദിവാസി ദളിത് ജനവിഭാഗങ്ങൾക്കെതിരായ നടപടികൾക്കും ശക്തമായ ശക്തമായി താക്കീത് നൽകുന്നു. പ്രതിഷേധ സ്വരങ്ങളെയും ജനാധിപത്യത്തിന്റെ ചെറു പ്രകാശങ്ങളെയും അടിച്ചമർത്തകയും കെടുത്തികളയുകയും ചെയ്യുന്ന നിയമങ്ങൾ ഉപയോഗിച്ച് പൊതു പ്രവർത്തകരെയും പത്രപ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതും പണിമുടക്കിലെ ആശങ്കയാണ്.


കഴിഞ്ഞ വർഷം ജൂലൈ 9-ന് സമാന ആവശ്യങ്ങളുമായി നടന്ന പണിമുടക്കിൽ 25കോടിയിലധികം പേർ പങ്കെടുത്തിരുന്നു. ഫെബ്രുവരി 12-ലെ സമരം കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ വൻ പ്രക്ഷോഭമാണ്.രാജ്യത്തെ തൊഴിലാളി-കർഷക സംഘടനകളുടെ ശക്തമായ രാഷ്ട്രീയ-സാമൂഹിക മുന്നറിയിപ്പ് കൂടിയാണ് പണിമുടക്കായി പരിണമിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home