print edition കർഷകരുടെ രാപകൽ മഹാസത്യഗ്രഹം

മഹാരാഷ്ട്രയിലെ അക്കോളയിൽ കർഷകരുടെ മഹാസത്യഗ്രഹത്തിൽ സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് സംസാരിക്കുന്നു
മുംബൈ : വരൾച്ചാദുരിതം ബാധിച്ച കർഷകർക്ക് ന്യായമായ നഷ്‌ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ അക്കോളയിൽ കർഷകർ പ്രക്ഷോഭത്തിൽ. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ രാപകൽ മഹാസത്യാഗ്രഹം തുടങ്ങി.
വിള ഇൻഷുറൻസ് നഷ്‌ടപരിഹാരം വിതരണംചെയ്യുക, കൃത്യമായി വായ്‌പ തിരിച്ചടയ്‌ക്കുന്ന കർഷകർക്ക് രണ്ടുലക്ഷം രൂപയുടെ വായ്‌പ എഴുതിത്തള്ളുക, കൃഷി ചെയ്യുന്നവരുടെ പേരിൽ ഭൂമി മാറ്റിക്കൊടുക്കുക, ‘ലഡ്കി ബഹിൻ' പദ്ധതി പ്രകാരമുള്ള ധനസഹായം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈമാസം 26വരെയാണ് സമരം.
സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ എന്നീ സംഘടനകളും സമരത്തിൽ അണിനിരന്നു. പതിനായിരത്തോളം കർഷകരും തൊഴിലാളികളും യുവാക്കളും സ്‌ത്രീകളും തഹസിൽദാർ ഓഫീസിലേക്ക് മാർച്ച് നടത്തി.
മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അജിത് നാവലെ എന്നിവർ പങ്കെടുത്തു. 26നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അക്കോളയിൽ നിന്ന് മുംബൈയിലേക്ക് ട്രാക്‌ടർ റാലി നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.









0 comments