ഡൽഹി വിമാനത്താവളത്തിന് ‘പക്ഷികളുടെ ഭീഷണി’ ഇന്ന് ഇടികിട്ടിയത് ആകാശ എയറിന്

ന്യൂഡൽഹി: പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് 200 ലധികം യാത്രക്കാരുമായി പറന്ന ആകാശ എയർ വിമാനത്തിൽ പക്ഷി ഇടിച്ചു. വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്ന വേളയിലാണ് ആശങ്കയുയർത്തിയ അപകടം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.
2023 മുതൽ ഇതുവരെ രാജ്യത്തെ 20 പ്രധാന വിമാനത്താവളങ്ങളിലായി പ്രതിവർഷം 2,000-ത്തിലധികം പക്ഷി/മൃഗ ഇടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ജൂൺ വരെ മാത്രം 641 ഇടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പങ്കിട്ട ഡാറ്റ പറയുന്നു.
ഇത്തരം സംഭവങ്ങളിൽ കൂടുതലും നേരിടുന്നത് ഡൽഹിയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രതിവർഷം ശരാശരി 400-ലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2022-ൽ 442, 2023-ൽ 616, 2024-ൽ 419 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ കണക്കുകൾ. 2025-ൽ ജൂൺ വരെ 95 സംഭവങ്ങൾ ഉണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ എഞ്ചിനകത്തേക്ക് ഇടിച്ചു കയറുന്നതാണ് ഏറ്റവും വലിയ ആശങ്ക.
ശനിയാഴ്ച രാവിലെ അപകടം ഭീഷണി നേരിട്ട ബോയിംഗ് 737 മാക്സ് 8 വിമാനം പൂനെയിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് അപകടം തിരിച്ചറിഞ്ഞത്. വിമാനം സുരക്ഷിതമായി ഇറക്കി. പക്ഷി ഇടിച്ചാൽ പതിവ് പരിശോധനകളും നടപടിക്രമങ്ങളുമുണ്ട്. തിരികെ ഗോവയിലേക്ക് പോവേണ്ടതായിരുന്നു. ഇതിനായി മറ്റൊരു വിമാനം ക്രമീകരിച്ചതായി എയർലൈൻ അറിയിച്ചു.
വ്യോമയാന ലോകത്തെ പക്ഷിപ്പേടി
1988 മുതൽ 2023 വരെ ലോകമെമ്പാടുമായി വന്യജീവികളെ ഇടിച്ചുണ്ടായ വിമാന അപകടങ്ങളിൽ 491 പേർ കൊല്ലപ്പെടുകയുണ്ടായി. 350 ലധികം വിമാനങ്ങൾ നശിക്കുകയും ചെയ്തു. 2023 ൽ 713 വിമാനത്താവളങ്ങളിലായി ഏകദേശം 19,400 പക്ഷി ഇടിക്കൽ സംഭവങ്ങൾ ഉണ്ടായതായി എഫ്എഎ രേഖപ്പെടുത്തുന്നു.
വിമാനങ്ങൾ പറന്ന് ഉയരുമ്പോഴും ഇറങ്ങുമ്പോഴുമാണ് ഇത്തരം ഭീഷണികൾ ഏറ്റവും അധികം സംഭവിക്കാറ്. അപകട സാധ്യത കുറവാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണ്. ക്യാൻസലേഷനും വൈകലുമായി ഇതും യാത്രക്കാർക്ക് വെല്ലുവിളി തീർക്കുന്നു. പക്ഷി നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാറുണ്ട്. എങ്കിലും ഫലപ്രദമാവുന്നത് നിശ്ചിത പരിധിയോളമാണ്. പക്ഷിയിടികൾ മൂലം വാണിജ്യ വ്യോമയാന മേഖലകളിൽ ലോകമെമ്പാടും ഓരോ വർഷവും 1.2 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുന്നു.
ഏറ്റവും ഉയരത്തിൽ പറക്കുന്നവർ
പരുന്തും പ്രാവും വിവിധയിനം കാക്കകളുമാണ് ഏറ്റവും അധികം ഭീഷണി തീർക്കുന്നത്. വിമാനത്തിലെ ആഘാത പോയിന്റുകൾ മിക്കപ്പോഴും അവയുടെ മൂക്ക്, എഞ്ചിനുകൾ, ചിറകുകൾ, വിൻഡ്ഷീൽഡ് എന്നിവയാണ്. വലിയ പക്ഷികൾ, അല്ലെങ്കിൽ പക്ഷിക്കൂട്ടം ഉൾപ്പെടുന്ന കൂട്ടിയിടികൾ വലിയ നാശനഷ്ടങ്ങൾ വരുത്തും. മിക്ക വിമാനങ്ങളും 4 പൗണ്ട് വരെ ഭാരമുള്ള പക്ഷികളുമായി കൂട്ടിയിടിയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ വേഗത, ഇടിയുടെ സ്വഭാവം, കാറ്റ് തുടങ്ങിയ സാഹചര്യങ്ങളും ഇവയെ സ്വാധീനിക്കാം.










0 comments