print edition ബർധമാനിൽ വീണ്ടും ചെങ്കൊടി പാറും

സോനാമുഖിയിലെ സിപിഐ എം സ്ഥാനാർഥി അജിത് റായ് പ്രചാരണത്തിൽ
ഗോപി
Published on Apr 26, 2026, 12:04 AM | 1 min read
കൊൽക്കത്ത: കാർഷിക, വ്യവസായ മേഖലയായ ബർധമാന്റെ മണ്ണിൽ വീണ്ടും ചെങ്കൊടി പാറും. മേഖലയിലെ ശക്തി വീണ്ടെടുക്കാനുള്ള പോരാട്ടമാണ് അരങ്ങേറുന്നത്. കൃഷിക്കും വ്യവസായത്തിനും ഒരുപോലെ പ്രാധാന്യമുള്ള ബർധമാനെ ‘ലാൽ മട്ടീർ ലാൽ ദുർഗ’ -(ചുവന്ന മണ്ണിലെ ചുവന്ന ദുർഗ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ധീരോദാത്തമായ കർഷക പോരാട്ടങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും ഉശിരൻ ചരിത്രമാണ് ഇൗ ദേശത്തിന് പറയാനുള്ളത്. ആ പോരാട്ടങ്ങളുടെയെല്ലാം നേതൃത്വം സിപിഐ എം ആയിരുന്നു. ബംഗാളിലൊട്ടാകെ തൃണമൂൽ കോൺഗ്രസ് നടപ്പാക്കിയ അക്രമ, കൊലപാതക പകപോക്കലിൽ ബർധമാനിലും തിരിച്ചടി നേരിട്ടു.
കൃഷിയും വ്യവസായവും ഒരുപോലെ സമൃദ്ധമായിരുന്ന നാടിന് മമത ഭരണത്തിൽ താളംതെറ്റി. നൂറുകണക്കിന് വ്യവസായ ശാലകൾ പൂട്ടി. കൃഷിയും ക്ഷയിച്ചു. തൃണമൂൽ ഭരണകാലത്ത് കടക്കെണയിൽപ്പെട്ട് ജീവനൊടുക്കിയ 138 കർഷകരിൽ 94 പേരും പൂർവ ബർധമാനിലാണ്. അതിനെതിരെ നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയാണ് സിപിഐ എം. ആ മുന്നേറ്റം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പ്രചാരണത്തിലെ വൻ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്. പശ്ചിമ- ബർധമാനിൽ ഒൻപതും പൂർവ ബർധമാനിൽ 16ഉം സീറ്റുകളാണുള്ളത്. ആദ്യഘട്ടത്തിൽ വോട്ടുചെയ്‌ത പശ്ചിമ മേഖലയിൽ വൻ മുന്നേറ്റമാണ് ഇടതുമുന്നണി നടത്തിയത്. 29ന് നടക്കുന്ന രണ്ടാംഘട്ടത്തിലും മുന്നണി ശക്തമായ പോരാട്ടത്തിലാണ്. 16ൽ 15 സീറ്റിൽ സിപിഐ എം മത്സരിക്കുന്നു. ഒരിടത്ത് മാർക്‌സിസ്റ്റ് ഫോർവേഡ് ബ്ലോക്കും. സിപിഐ എം സ്ഥാനാർഥികളിൽ മിക്കവരും യുവാക്കൾ.










0 comments