അജിത് പവാറിന്റെ മരണം: ഡിജിസിഎ അന്വേഷണം പൂർത്തിയാകട്ടെ; ധൃതിപിടിച്ച് നിഗമനങ്ങളിലെത്തരുതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനുവരി 28-ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അജിത് പവാറും പൈലറ്റുമാരും ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലിയർജെറ്റ് വിമാനം തകർന്നുവീണത്.
അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാർ എംഎൽഎ രംഗത്തെത്തിയിരുന്നു. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഉന്നതതല അന്വേഷണം വേണമെന്ന രോഹിത് പവാറിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുള്ള അന്വേഷണം ഡിജിസിഎ ആരംഭിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൃത്യമായ നിഗമനങ്ങളിൽ എത്താൻ സാധിക്കൂ. ആർക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് തീർപ്പാക്കേണ്ടതുണ്ട്.
രോഹിത് പവാർ ഉന്നയിച്ച കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമപരമായ എല്ലാ അന്വേഷണങ്ങളും നടക്കും. കേസിലെ ഗൂഢാലോചനയെക്കുറിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തും മന്ത്രി സഞ്ജയ് ഷിർസാത്തും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് താനാണ് ആദ്യം കത്തെഴുതിയതെന്നും ഫഡ്‌നാവിസ് ഓർമ്മിപ്പിച്ചു. വ്യോമയാന മേഖലയിലെ പിഴവുകൾ തിരുത്താനും നേതാക്കളുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഈ അന്വേഷണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments