ad
Deshabhimani

നിർണായകഘട്ടത്തിൽ എൻസിപി പിളർത്തി; മഹാരാഷ്ട്രയിൽ കൂടുതൽകാലം ഉപമുഖ്യമന്ത്രി

Ajit Pawar

അജിത് പവാർ | Image: FB/Ajit Pawar

വെബ് ഡെസ്ക്

Published on Jan 28, 2026, 11:41 AM | 2 min read

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാനിയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാർ. 66കാരനായ അദ്ദേഹം മഹാരാഷ്ട്രയുടെ എട്ടാമത് ഉപമുഖ്യമന്ത്രിയുമായിരുന്നു. വ്യത്യസ്ത കാലയളവുകളിലായി ആറ് തവണ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി എന്ന റെക്കോർഡിനും ഉടമയാണ്.


അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി 1959 ജൂലൈ 22ന് അഹമ്മദ്‌നഗർ ജില്ലയിലെ ഡിയോലാലി പ്രവരയിലാണ് അജിത് പവാറിന്റെ ജനനം. മുതിർന്ന രാഷ്ട്രീയ നേതാവും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ്. ലോക്‌സഭാ എംപി സുപ്രിയ സുലെയുടെ സഹോദരനുമാണ് അദ്ദേഹം.


1982ൽ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോർഡ് അംഗമായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. തെരഞ്ഞെടുപ്പിൽ പരാജയം അറിയാത്ത നേതാവാണ് അജിത് പവാർ. 1991ൽ ബാരാമതിയിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അധികകാലം അദ്ദേഹം ആ പദവിയിൽ തുടർന്നില്ല. കേന്ദ്രത്തിൽ പി വി നരസിംഹറാവു സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിരോധ മന്ത്രിയായ തന്റെ അമ്മാവൻ ശരദ് പവാറിന് മത്സരിക്കാനായി അജിത് പവാർ എംപി സ്ഥാനം രാജിവെച്ചു. തുടർന്ന് അതേവർഷം ബാരാമതിയിൽ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു.


പിന്നീട് ഏഴ് തവണ (1995, 1999, 2004, 2009, 2014, 2019, 2024) തുടർച്ചയായി ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി. കൃഷി, ഊർജം, ജലസേചനം, ജലവിഭവം, ആസൂത്രണം തുടങ്ങി പ്രധാനപ്പെട്ട പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.


2023ലെ പിളർപ്പ്


2023 ജൂലൈ 2നാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച എൻസിപി പിളർപ്പ് ഉണ്ടായത്. അജിത് പവാർ തന്റെ അമ്മാവനും പാർടി സ്ഥാപകനുമായ ശരദ് പവാറിനോട് കലഹിച്ച് ഭൂരിഭാഗം എംഎൽഎമാരുമായി ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ) സഖ്യ സർക്കാരിൽ ചേർന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാറും നേതൃത്വം നൽകുന്നതിനിടെയായിരുന്നു ഈ പിളർപ്പ്.


പിളർപ്പിന് ശേഷം നടന്ന നിയമപോരാട്ടത്തിൽ 2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമീഷൻ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ 'എൻസിപി' ആയി അംഗീകരിക്കുകയും പാർടി ചിഹ്നമായ 'ക്ലോക്ക്' അവർക്ക് അനുവദിക്കുകയും ചെയ്തു.


എന്നാൽ, അടുത്ത കാലത്തായി ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. പിംപ്രി ചിഞ്ച്‌വാട് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും സംയുക്തമായാണ് മത്സരിച്ചത്.


ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ 70,000 കോടി രൂപയുടെ ക്രമക്കേട് അജിത് പവാർ നടത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ സഖ്യസർക്കാരിൽ ഭാ​ഗമായതോടെ ഈ ആരോപണത്തിൽനിന്ന് ബിജെപി പിന്നോട്ടുപോകുകയും അജിത് പവാർ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home