അജിത് പവാറിന്റെ വിയോഗം;മഹാരാഷ്ട്ര രാഷ്ട്രീയത്തിലും നിർണായക മണിക്കൂറുകൾ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം സംസ്ഥാനത്തെ രാഷ്ട്രീയ ഘടനയിലും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിമാനാപകടത്തിൽ അദ്ദേഹത്തിന്റെ മരണം രാജ്യത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഭരണ സമവാക്യങ്ങളും പാര്‍ട്ടി എന്ന നിലയ്ക്കുള്ള എൻസിപിയുടെ ഭാവിയും സംബന്ധിച്ച ചര്‍ച്ചകളും സജീവമായി.
ദേവേന്ദ്ര ഫഡ്നാവിസ് നേതൃത്വം നൽകുന്ന മഹായുതി സർക്കാരിൽ നിർണായക പങ്ക് വഹിച്ചിരുന്ന അജിത് പവാറിന്റെ അഭാവം വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണസഖ്യത്തിനുള്ളിൽ തന്നെ ഇത് പുതിയ കണക്കുകൂട്ടലുകൾക്ക് വഴിയൊരുക്കും. അദ്ദേഹം നയിച്ചിരുന്ന എൻസിപിക്ക് നിയമസഭയിൽ 41എംഎൽഎമാരുള്ള ശക്തമായ പിന്തുണയുണ്ട്. നേതൃമാറ്റം എങ്ങനെയാകുമെന്നത് വലിയ ചോദ്യം ഉയര്‍ത്തുന്നു. സർക്കാരിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങിനെയാവും എന്നതും ചോദ്യമാണ്. മഹായുതി സഖ്യത്തിന് സ്വന്തമായി ഭൂരിപക്ഷമുണ്ട്. എങ്കിലും സമവാക്യങ്ങൾ മാറുന്നത് ഭാവി രാഷ്ട്രീയത്തിലും നിര്‍ണ്ണായക ഫലങ്ങൾ ഉണ്ടാക്കും.
എൻസിപിയുടെ രണ്ട് വിഭാഗങ്ങൾക്കും അജിത് പവാറിന്റെ വിയോഗം ഒരുപോലെ വലിയ തിരിച്ചടിയാണ്.പാർട്ടി സ്ഥാപകൻ ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന സമയത്താണ് ദുരന്തം എത്തിയത്.ഇടഞ്ഞ് നിന്നപ്പോഴും അജിത് പവാറായിരുന്നു സംഘടനയെ പ്രായോഗികമായി മുന്നോട്ട് നയിച്ച മുഖം.
അടുത്തിടെ,ശരദ് പവാറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിരുന്നു.മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ രണ്ട് എൻസിപി വിഭാഗങ്ങളും ചേർന്ന് മത്സരിച്ചു. “പരിവാർ ഒന്നിച്ചു” എന്ന അജിത് പവാറിന്റെ പ്രഖ്യാപനവും ഇതോടൊപ്പം രാഷ്ട്രീയ നിരീക്ഷക വൃത്തങ്ങൾ ചര്‍ച്ച ചെയ്തു. ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും തമ്മിലുള്ള സംഘർഷങ്ങൾ വലുതാവുന്നതായി വാര്‍ത്തകൾ വന്നു. അജിത് പവാറും ശരദ് പവാറും പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ഒരുമിച്ചാണ് മത്സരിച്ചത്.
ഈ ചുറ്റുപാടുകളിലാണ് അദ്ദേഹത്തിന്റെ അകാലവിയോഗം സംഭവിച്ചിരിക്കുന്നത്. ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ എംപിമാരെ പാർലമെന്റിലേക്ക് അയയ്ക്കുന്ന മഹാരാഷ്ട്ര ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാണ്. അവിടത്തെ സമവാക്യങ്ങൾ പ്രധാനമാണ്.
രണ്ട് എൻസിപി വിഭാഗങ്ങളും ഇക്കാര്യത്തിൽ നിര്‍ണ്ണായക സ്ഥാനത്താണ്. അജിത് പവാറിന്റെ അഭാവത്തിൽ,സുപ്രിയ സുലെയെ കേന്ദ്രമാക്കി ഐക്യ ആവശ്യം ഉയരുന്നതായി സൂചനകൾ പുറത്തു വരുന്നു. എന്നാൽ ഇതോടൊപ്പം ഭരണ പക്ഷത്തോടൊപ്പം നിൽക്കുന്ന മുന്നണിയിലെ എംഎൽഎമാരുടെ നിലപാടും നിർണായകമാണ്. കമാൻഡര്‍ നഷ്ടപ്പെട്ട സാഹചര്യമാണ്.
അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാർ ഇതിനകം നിയമസഭാംഗമാണെങ്കിലും സംസ്ഥാനതല നേതൃസ്ഥാനത്തേക്ക് ഉയർന്നിട്ടില്ല. ആരാണ് എൻസിപിയിൽ നിന്ന് പുതിയ ഉപമുഖ്യമന്ത്രിയാകുക എന്നതും എൻസിപിയിലെ എംഎൽഎമാർക്ക് ഇനിയും ഒറ്റക്കെട്ടായി തുടരാനാകുമോ എന്നതും പ്രധാനമാണ്.
പഞ്ചസാര മിൽ സഹകരണ ബോര്‍ഡിലൂടെ
രാഷ്ട്രീയത്തിൽ എത്തിയ നാട്ടുകാരുടെ ദാദ
1959 ജൂലൈ 22 ന് ജനിച്ച പവാർ 1982 ൽ ഒരു സഹകരണ പഞ്ചസാര മിൽ ബോർഡിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. വളരെ വേഗത്തിൽ ഉയർന്നുവന്നു. 1991 ൽ ബാരാമതിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും അമ്മാവൻ ശരദ് പവാറിന് വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുത്തു. ദീർഘകാലം എംഎൽഎയും കാബിനറ്റ് മന്ത്രിയുമായി സംസ്ഥാന രാഷ്ട്രീയത്തിൽ തുടര്‍ന്നു.
2023-ലാണ് അമ്മാവൻ ശരദ് പവാർ സ്ഥാപിച്ച എൻസിപി പാർട്ടിയെ പിളർത്തി ബിജെപി-സേന മഹായുതി സഖ്യത്തിൽ ചേർന്നത്. 2019-ന്റെ തുടക്കത്തിൽ ബിജെപിയിലേക്ക് കൂറുമാറി ഒറ്റ ദിവസം കൊണ്ട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രീയ രംഗത്ത് ഞെട്ടൽ ഉണ്ടാക്കി എങ്കിലും പിന്നീട് ശരദ് പവാർ വിളിച്ചതിനെത്തുടർന്ന് അദ്ദേഹം എൻസിപിയിലേക്ക് മടങ്ങി.
ഇതു കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പാർട്ടി പിളർത്തി പുറത്ത് പോകുന്നത്. പക്ഷെ അന്ന് വെറും ഒരു വർഷത്തിനുള്ളിൽ രാഷ്ട്രീയ സ്വീകാര്യത നേടി. എൻസിപിയുടെ പേരും ക്ലോക്ക് ചിഹ്നവും സ്വന്തം ഗ്രൂപ്പിനൊപ്പം വിജയകരമായി നിലനിർത്തി.
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭാ എംപിയും ബാരാമതി ടെക്സ്റ്റൈൽ സഹകരണ സംഘത്തിന്റെ ചെയർപേഴ്‌സണുമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവലിൽ നിന്ന് മത്സരിച്ച പാർത്ഥ് പവാറും ബിസിനസുകാരനായ ജയ് പവാറും ഉൾപ്പെടെ രണ്ട് ആൺമക്കളാണ്.
സമീപ കാലത്താണ് സുനേത്ര പവാർ സ്വന്തമായ ഒരു രാഷ്ട്രീയ വ്യക്തിത്വമായി ഉയരുന്നത്. പാർത്ഥ് പവാറിനെ കുടുംബത്തിന്റെ അടുത്ത തലമുറയിലെ രാഷ്ട്രീയ മുഖമായി കണക്കാക്കുന്നു എങ്കിലും നേതൃ ശേഷി സംസ്ഥാന തലത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.
ശരദ് പവാര്‍ പക്ഷത്തുള്ള അജിത് പവാറിന്റെ കസിൻ സുപ്രിയ സുലെ ബാരാമതി എംപിയും മുതിർന്ന എൻസിപി നേതാവുമാണ്. അനന്തരവൻ രോഹിത് പവാർ കർജാത്ത്-ജാംഖേഡിൽ നിന്നുള്ള എംഎൽഎയാണ്. സുനേത്ര പവാറിനെ പരാജയപ്പെടുത്തിയാണ് ബാരാമതിയിൽ സുപ്രിയ സുലെ ജയിച്ചത്.










0 comments