പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല; ഡൽഹിയിൽ സിജെപി ഇടത് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനം

ന്യൂഡൽഹി: ആക്രമണങ്ങൾ കൊണ്ടൊന്നും പ്രതിഷേധങ്ങൾ അവസാനിച്ച് തിരികെ പോകില്ലെന്ന് എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി ഐഷി ഘോഷ്. ജന്തർ മന്തർ പ്രതിഷേധത്തിനുനേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിജെപിയുടെയും ഇടത് വിദ്യാർഥിസംഘടനകളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഐഷി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ വ്യാപക അക്രമമാണ് ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്ന് നടത്തുന്നത്. വോട്ട് കൊള്ള നടത്തുന്നവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസിലാകില്ല. ഗ്യാനേഷ് കുമാറിനെതിരെയുകല്ല പോരാട്ടം തുടരും. ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.
ഗ്യാനേശിന് വേണ്ടി ഡൽഹി മുഴുവൻ കത്തിക്കാനും മോദി തയാറാണെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. അതിനും വേണ്ടി എന്ത് സഹായം ആണ് ഗ്യാനേഷ് മോദിക്ക് ചെയ്ത് കൊടുത്തത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിച്ചതിലുള്ള പ്രത്യുപകാരമാണോ.
പിണറായി വിജയൻ ഉൾപ്പടെയുള്ള മുൻ മുഖ്യമന്ത്രിമാരെ ആക്രമിക്കുന്നു, വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നു, പ്രതിഷേധിച്ചവരെ തിഹാർ ജയിലിൽ അടയ്ക്കുന്നു. ഇതൊക്കെ മോദി ഗ്യാനേശിന് വേണ്ടി ചെയ്യുന്നതാണ്. ഈ പ്രതിഷേധസ്വരങ്ങളെ മോദി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളോട് പോലും ക്രൂരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ഐസ അഖിലേന്ത്യ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു. സകല സീമകളും ലംഘിച്ചുള്ള ആക്രമണമാണ് സമാധാനമപരമായി നടക്കുന്ന ഒരു സമരത്തിനുനേരെ ഡൽഹി പൊലീസും കേന്ദ്രസേനകളും സ്വീകരിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു.









0 comments