'അമ്മയെ തള്ളിയിട്ടശേഷം അവരെന്നെ അടിച്ചുവീഴ്ത്തി'; നിരപരാധിയായ യുവാവിന് പൊലീസിന്റെ ക്രൂരമർദനം

അടൂർ: 'പ്രായമായ അമ്മയെ തള്ളിയിട്ടശേഷമാണ് അവരെന്നെ അടിച്ചുവീഴ്ത്തിയത്. വിലങ്ങിട്ട കൈകൾകൂപ്പി നിരപരാധിയാണെന്ന് യാചിച്ച് പറഞ്ഞിട്ടും കേട്ടില്ല. അമ്മയുടെ മുന്നിലിട്ട് ചവിട്ടുകയും തലയ്ക്കിടിക്കുകയുമൊക്കെ ചെയ്തു. വലിച്ചിഴച്ചാണ് പൊലീസ് ജീപ്പിൽ കയറ്റിയത്' – പൊലീസിന്റെ ക്രൂരത വിവരിക്കുന്നതിനിടെ അഫ്സൽ പൊട്ടിക്കരഞ്ഞു. എംഡിഎംഎ കേസിൽ പങ്കുണ്ടെന്നാരോപിച്ച് അടൂർ പറക്കോട് സുബൈർ മൻസിലിൽ അഫ്സലിനെ(28) എറണാകുളം പാലാരിവട്ടം പൊലീസാണ് കസ്റ്റഡിയിലെടുത്ത് ക്രൂരമർദനത്തിനിരയാക്കിയത്.
കേസിലെ പ്രതികൾക്ക് പണം ബാങ്ക് അക്കൗണ്ട് വഴി അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാരിവട്ടം പൊലീസ് സംഘത്തോടൊപ്പം എത്തിയ അടൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പൊലീസ് വാഹനത്തിൽ വച്ച് തന്നെ മർദിച്ചതായി യുവാവ് പറഞ്ഞു. അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം നിരപരാധിയാണെന്ന് അറിഞ്ഞതോടെയാണ് അഫ്സലിനെ വിട്ടയച്ചത്. ഇതിനിടെ അടൂർ സ്റ്റേഷനിലെത്തിച്ചശേഷം നൂറനാട് ഭാഗത്തെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
തുടർന്ന് നൂറനാട് സ്റ്റേഷനിലെത്തിച്ച് പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതിവാങ്ങിയശേഷമാണ് പറഞ്ഞുവിട്ടത്. മർദനത്തിൽ കാലിനും മുഖത്തും സാരമായി പരിക്കേറ്റ് അവശനിലയിലായ യുവാവിനെ സുഹൃത്തുക്കളെത്തി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് അഫ്സൽ പറഞ്ഞു.








0 comments