Deshabhimani

രാജ്യത്ത് നടക്കുന്നത് അടിയന്തരാവസ്ഥയല്ലെങ്കിൽ പിന്നെന്ത്?; ജനാധിപത്യ വിശ്വാസികൾ ഒന്നായി പോരാടുമെന്ന് ഐഷി ഘോഷ്

aishe pressmeet 15 oct

പത്ര സമ്മേളനത്തിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കുന്നു. ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Oct 15, 2026, 04:38 PM | 2 min read

ന്യൂഡൽഹി: എത്രതന്നെ അടിച്ചമർത്താൻ ശ്രമിച്ചാലും സമരവുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച് എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. കള്ളപ്രചാരണങ്ങൾ നടത്തിയാലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തൽ തുടർന്നാലും ഞങ്ങൾ പിന്മാറില്ലെന്നും അവർ പറഞ്ഞു. ഡൽഹിയിലെ തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളായി കേന്ദ്രസർക്കാരും പൊലീസും നടത്തുന്ന നടപടികൾ അടിയന്തരാവസ്ഥയല്ലെങ്കിൽ പിന്നെന്താണെന്നും ഐഷി ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഡൽഹിയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഐഷി. സിജെപി നേതാവ് അഭിജിത് ദീപ്കെ, ഐസ നേതാവ് നേഹ ബോറ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുത്തു.


ഒക്ടോബർ പത്തിന് നടന്ന പ്രതിഷേധം അടിച്ചമർത്താൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങൾ രാജ്യം കണ്ടതാണ്. എന്നാൽ അതിനും ദിവസങ്ങൾക്കുമുമ്പുതന്നെ പ്രതിഷേധം തടയാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ട്രെയിൻ, മെട്രോ സർവീസുകൾ തടസ്സപ്പെടുത്തിയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ അർധരാത്രിയിൽ വീടുകളിലെത്തി കസ്റ്റഡിയിലെടുത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ നിലനിന്നിരുന്നതുകൊണ്ടാണ് നടപടികളെന്നാണ് പൊലീസിന്റെ വിശദീകരണം. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഗുജറാത്തിലും പ്രതിഷേധക്കാരെ വീടുകളിൽ തടഞ്ഞുവച്ചത് എന്തിനാണെന്നും ഐഷി ചോദിച്ചു.


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളോട് കേന്ദ്രസർക്കാർ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നതിന്റെ കാരണം വ്യക്തമാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിച്ചതിന്റെ പ്രത്യുപകാരമായാണ് ഗ്യാനേഷ് കുമാറിന് ഭരണകൂടം സംരക്ഷണമൊരുക്കുന്നത്. ധർമേന്ദ്ര പ്രധാൻ ഒഡിഷയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് മാത്രമാണ് ബിജെപിയെ സഹായിച്ചത്. ഗ്യാനേഷ് കുമാർ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടുകൊള്ളയ്ക്ക് സഹായം നൽകി. അതുകൊണ്ടാണ് ​ഗ്യാനേഷിന് വേണ്ടി മോദി ഭരണകൂടം ഇത്രയും സംരക്ഷമൊരുക്കുന്നത്. ജനാധിപത്യത്തെ അപമാനിക്കുന്നവരിൽനിന്ന് ജനാധിപത്യബോധം പ്രതീക്ഷിക്കാനാകില്ലെന്നും അവർ പറഞ്ഞു.


അങ്കിത ഭണ്ഡാരി വധക്കേസിൽ നീതി തേടി പ്രതിഷേധിച്ച മാതാപിതാക്കളെ ഡൽഹി പൊലീസ് വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത നടപടിയെയും ഐഷി വിമർശിച്ചു. മകൾക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത മാതാപിതാക്കളെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഗുരുതര ആരോപണങ്ങൾ നേരിടുന്നവർക്ക് ഉന്നതപദവികൾ നൽകുമ്പോൾ നീതിക്കായി തെരുവിലിറങ്ങുന്നവർക്ക് പൊലീസ് നടപടിയാണ് നേരിടേണ്ടിവരുന്നത്. വനിതാ മാധ്യമപ്രവർത്തകരെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന വിവേക് ഭാഗത്തിനെ ഉയർന്ന പദവിയിലേക്ക് പരിഗണിച്ച കേന്ദ്രനടപടിയെയും ഐഷി ചോദ്യം ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് സ്ഥാനക്കയറ്റവും ദേശീയപതാകയേന്തുന്നവർക്ക് അറസ്റ്റുമെന്ന സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും അവർ പറഞ്ഞു.


ദേശീയപതാകയുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി പ്രവർത്തകരായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ജയിലിലടച്ചതുകൊണ്ട് സമരം അവസാനിക്കില്ല. രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ദേശീയപതാകയുമായി തെരുവിലിറങ്ങും. ബാബാസാഹേബ് അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും മഹാത്മാഗാന്ധിയുടെയും ആശയങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പിന്മാറില്ല. ദേശീയപതാക കൈകളിലേന്തി പോരാട്ടം തുടരുമെന്നും ഐഷി ഘോഷ് വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home