print edition വേട്ടയാടലുകളെ കൂസാത്ത സമരവീര്യം

ന്യൂഡൽഹി: സംഘപരിവാറിന്റെയും ഡൽഹി പൊലീസിന്റെയും നിരന്തരമായ വേട്ടയാടലുകളെ തെല്ലും കൂസാതെയാണ് ജന്തർമന്തറിലെ വിദ്യാർഥി– യുവജനപ്രക്ഷോഭത്തിനടക്കം ഐഷി ഘോഷ് ധീരമായി നേതൃത്വം നൽകുന്നത്. ജന്തർമന്തറിലെ സമരവിജയത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ പൊലീസ് വേട്ടയാടൽ.
ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലേക്ക് ഉയർന്ന ഐഷി 2019 ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി. ഫീസ് വർധനയ്‌ക്കെതിരായും ഹോസ്‌റ്റലുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും മറ്റും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
വളഞ്ഞവഴിയിലൂടെ ജെഎൻയുവിൽ ആധിപത്യമുറപ്പിക്കാൻ എബിവിപി നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തി. എസ്‌എഫ്‌ഐയുടെ ക്യാമ്പസിലെ ആധിപത്യത്തെ കൈയ്യൂക്ക് കൊണ്ടും കേന്ദ്രഭരണത്തിലൂടെയും ഇല്ലാതാക്കാനായിരുന്നു സംഘപരിവാർ ശ്രമം.
2020 ജനുവരി അഞ്ച് രാത്രിയിൽ ജെഎൻയു ക്യാമ്പസിലേക്ക് ഡൽഹി പൊലീസിന്റെ പിന്തുണയോടെ ആയുധങ്ങളുമായി ഇരച്ചുകയറിയ സംഘപരിവാർ ക്രിമിനലുകൾ ഐഷിയെയും മറ്റ് എസ്‌എഫ്‌ഐ പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചു. ഐഷിയുടെ തലയടിച്ച് പൊട്ടിച്ച ഗുണ്ടകൾ കൈ തല്ലിയൊടിച്ചു.
അക്രമികൾക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആഗോളശ്രദ്ധ പിടിച്ചുപറ്റി. ഒടിഞ്ഞ കൈയ്യും തലയിലെ മുറിവിലെ കെട്ടുമായി ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഐഷിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു.
ബോളിവുഡ് താരം ദീപികാ പദുക്കോൺ അടക്കം പല പ്രമുഖരും ക്യാമ്പസിലെത്തി ഐഷിക്കും സഹപ്രവർത്തകർക്കും ഐക്യദാർഢ്യം അറിയിച്ചു. ക്രിമിനലുകൾക്ക് എതിരെ കേസെടുക്കാൻ കൂട്ടാക്കാതിരുന്ന ഡൽഹി പൊലീസ് ജെഎൻയുവിലെ സർവർ റൂം തകർത്തുവെന്ന കള്ളംചമച്ച് ഐഷിക്കും കൂട്ടർക്കുമെതിരെ കേസെടുത്തു.
ഡൽഹിയിലെ എല്ലാ സംഘപരിവാർ വിരുദ്ധ സമരങ്ങളുടെയും മുൻനിരയിൽ ഐഷിയുണ്ട്. ജന്തർമന്തർ സമരത്തിൽ തുടക്കം മുതൽ സജീവമായി നിലകൊണ്ടു. കോക്രോച്ച് ജനതാ പാർടി നേതാക്കൾ ദൈനംദിന പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത് ഐഷിയടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി നേതാക്കളുമായി കൂടിയാലോചിച്ചാണ്.
സോനം വാങ്‌ചുക്കിനെ പൊലീസ് അറസ്‌റ്റുചെയ്‌ത് നീക്കിയ ശേഷം ജന്തർമന്തറിലെ സമരവേദിയിൽ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയ്‌ക്കൊപ്പം നിരാഹാരമിരുന്നു. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായതിന് ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്.










0 comments