ad
Deshabhimani

print edition ഐഷിയോട് പകപോക്കൽ; കത്തിപ്പടർന്ന്‌ പ്രതിഷേധം

Parliament.jpg

എ കെ ജി ഭവനിൽ ഡൽഹി പൊലീസ് ഇരച്ചുകയറിയതിനെതിരെ പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 2 min read

ന്യൂഡൽഹി: ഐഷി ഘോഷിനെ വേട്ടയാടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ പാർലമെന്റിൽ കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി പ്രതിഷേധം അലയടിച്ചു. സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിൽ ഇരച്ചുകയറി ഐഷിയെ അറസ്റ്റ്‌ ചെയ്യാനുള്ള നീക്കത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ളവർ ശക്തമായി വിമർശിച്ചു.


പാർലമെന്റിന്‌ പുറത്ത്‌ പ്രതിഷേധത്തിൽ ഇടതുപക്ഷ എംപിമാർക്കൊപ്പം തൃണമ‍ൂൽ കോൺഗ്രസ്‌,‍ ജാർഖണ്ഡ്‌ മുക്തി മോർച്ച, ഡിഎംകെ എംപിമാരും പങ്കെടുത്തു. അതേസമയം, ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നീക്കത്തെ കേന്ദ്രമന്ത്രി ജെ പി നദ്ദ ന്യായീകരിച്ചു.


ഡൽഹി പൊലീസ് നീക്കം സഭാനടപടികൾ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ എംപി എന്നിവർ നോട്ടീസ്‌ നൽകി. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്ന്‌ കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.


ആഭ്യന്തരമന്ത്രി അമിത്‌ ഷാ മറുപടി പറയണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ രാജ്യസഭയിൽ ആവശ്യപ്പെട്ടു. യുവജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയെന്ന കേന്ദ്രസർക്കാർ അജൻഡ നടപ്പാക്കാനാണ്‌ ഡൽഹി പൊലീസ്‌ ശ്രമിച്ചത്‌. യൂണിഫോമും നെയിംപ്ലേറ്റുമില്ലാതെ ദേശീയ പാർടി ആസ്ഥാനത്തേക്ക്‌ ഇരച്ചുകയറി അറസ്റ്റ്‌ ചെയ്യാൻ നോക്കിയതുകൊണ്ടാണ്‌ തടയേണ്ടി വന്നതെന്നും ബ്രിട്ടാസ്‌ പറഞ്ഞു.


ബ്രിട്ടാസ്‌ സംസാരിക്കവേ പാർലമെന്റ്‌ നടപടികൾ സംപ്രേഷണം ചെയ്യുന്ന സൻസദ്‌ ടിവി കാമറകൾ അദ്ദേഹത്തെ -േഫാക്കസ്‌ ചെയ്യാതെ ഭരണപക്ഷത്തേക്ക്‌ ഫോക്കസ്‌ ചെയ്‌തത്‌ പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷ അംഗങ്ങൾ സർക്കാരിന്‌ അസുഖകരമായ കാര്യങ്ങൾ പറയുന്പോൾ അത്‌ ജനങ്ങൾ കാണേണ്ടതില്ലെന്നാണ്‌ കേന്ദ്ര നിലപാടെന്ന്‌ ബ്രിട്ടാസ്‌ പറഞ്ഞു.


രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയും പൊലീസ്‌ നടപടിയെ വിമർശിച്ചു. ‘ഡൽഹി പൊലീസ്‌ നടപടി ലജ്ജാവഹമാണ്‌. ഒരു ദേശീയ പാർടിയുടെ ഓഫീസിൽ പൊലീസോ സിബിഐയോ ഇരച്ചുകയറുന്ന അവസ്ഥയുണ്ടായാൽ ഇ‍ൗ രാജ്യത്തെ ജനങ്ങളും ജനാധിപത്യവും സുരക്ഷിതമല്ലെന്നാണ്‌ അർഥം. സിപിഐ എം ഓഫീസിൽ ഇരച്ചുകയറിയ പൊലീസ്‌ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ആരാണ്‌ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവർക്ക്‌ നിർദേശം നൽകിയതെന്ന്‌ സർക്കാർ വിശദീകരിക്കണം –ഖാർഗെ ആവശ്യപ്പെട്ടു.


ഡൽഹി പൊലീസിന്റെ പകപോക്കൽ നടപടിക്കെതിരെ പാർലമെന്റിന്‌ പുറത്ത്‌ എംപിമാർ പ്രതിഷേധിച്ചു. ഇടതുപക്ഷ എംപിമാരായ അമ്രാറാം, കെ രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ, പി സന്തോഷ്‌കുമാർ,‍ ജോസ്‌ കെ മാണി, രാജാ രാംസിങ്, തൃണമുൽകോൺഗ്രസ്‌ എംപി സാഗരിക ഘോഷ്‌‍, ജെഎംഎം എംപി മഹുവ മാജി, ഡിഎംകെ എംപിമാർ തുടങ്ങിയവർ പങ്കെടുത്തു. ഐഷിഘോഷിനെ ഉന്നമിട്ടുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ എതിരെ ജന്തർമന്തറിലും വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home