ചണ്ഡീഗഢിൽ വ്യോമാക്രമണ സൈറൺ; ജനങ്ങളോട് വീടിനുള്ളിൽ തുടരാൻ നിർദേശം

റാഞ്ചി: ചണ്ഡീഗഢിൽ വ്യോമാക്രമണ സൈറൺ മുഴക്കി. ആക്രമണ സാധ്യതയുണ്ടെന്ന് വ്യോമസേനാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി.
വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി ചണ്ഡീഗഢിലുടനീളം അടിയന്തര വൈദ്യുതി തടസം ഏർപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ മുന്നറിയിപ്പ് വരുന്നത്. വീടുകളിലും കെട്ടിടങ്ങളിലും പൂർണ്ണമായും വെളിച്ചം അണച്ചു.
വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ രാത്രി 9.30 ഓടെ വൈദ്യുതി വിതരണം നിർത്തി. എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് വീടിനുള്ളിൽ തന്നെ തുടരാൻ ആർഡബ്ല്യുഎകൾക്കും മാർക്കറ്റ് അസോസിയേഷനുകൾക്കും അയച്ച സന്ദേശത്തിൽ മുനിസിപ്പൽ കമീഷണർ മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ തുടരുകയാണ്. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പാക് ആക്രമണം നടന്ന സ്ഥലങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റോഡ് മാർഗം ജമ്മുവിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്‌ച രാത്രിയോടെയാണ് പാകിസ്ഥാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്. ഈ ആക്രമണത്തെ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.









0 comments