അഹമ്മദാബാദ് - ലണ്ടൻ സർവീസ് റദ്ദാക്കി: ആവശ്യത്തിന് വിമാനങ്ങളില്ലെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി : അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ലഭ്യതക്കുറവാണ് സർവീസ് റദ്ദാക്കുന്നതിന് കാരണമായി എയർ ഇന്ത്യ പറയുന്നത്. ചൊവ്വാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI 159 സർവീസാണ് റദ്ദാക്കിയത്. വിമാനം ഉച്ചയ്ക്ക് 1:10 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു.
വ്യോമാതിർത്തി നിയന്ത്രണങ്ങളും അധിക സുരക്ഷാ പരിശോധനകളും കാരണം വിമാനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യ സർവീസ് റദ്ദാക്കിയത്. സാങ്കേതിക തകരാറുകളൊന്നും ഇല്ലെന്നും എയർ ഇന്ത്യ ആവർത്തിച്ചു.
അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും എയർലൈൻ അറിയിച്ചു. കുടുങ്ങിയ യാത്രക്കാർക്ക് ഹോട്ടൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ സൗജന്യമായി സർവീസ് ഷെഡ്യൂൾ ചെയ്യുകയോ ചെയ്യുമെന്നും അറിയിച്ചു.
ജൂൺ 17 ന് ലണ്ടൻ ഗാറ്റ്വിക്കിൽ നിന്ന് അമൃത്സറിലേക്കുള്ള AI170 വിമാനവും റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരിസിലേക്കുള്ള AI 143 വിമാനവും തിരിച്ചുള്ള AI 142 വിമാനവും റദ്ദാക്കിയതായും വിവരമുണ്ട്.
അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോയ 787-8 ഡ്രീംലൈനർ വിമാനം (AI 171) പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാളൊഴിച്ച് മറ്റെല്ലാവരും കൊല്ലപ്പെട്ടു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ ഡിജിസിഎ ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷ പരിശോധന കർശനമാക്കിയിരിക്കയാണ്.









0 comments