ad
Deshabhimani

എയർ ഇന്ത്യ വെട്ടിക്കുറച്ചത് 56000 സീറ്റുകൾ, ഭീഷണിയിലായത് ചെലവ് കുറഞ്ഞ ഗൾഫ് യാത്ര

air india kochi delhi flight
വെബ് ഡെസ്ക്

Published on Oct 08, 2025, 11:21 AM | 2 min read

കൊണ്ടോട്ടി: എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നു. കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രികരെയാവും ഇത് ഏറ്റവും അധികം ബാധിക്കുക. ഒരു മാസം ഏകദേശം 56,000 സീറ്റുകൾ എങ്കിലും നഷ്ടമാവും എന്നാണ് കണക്കുകൾ.


പീക്ക് സീസണുകളിൽ ഗൾഫ് യാത്രികരെ പിഴിയുന്ന എയർലൈൻസുകളുടെ തന്ത്രങ്ങൾക്കെതിരെ നിരന്തരം പരാതികൾ ഉയരാറുള്ളതാണ്.  ഇത്രയും സീറ്റുകൾ കൂടി ഇല്ലാതാവുന്നതോടെ നിരക്ക് ഇനിയും ഉയർത്താൻ അവസരമാവും.


ഒക്ടോബർ 26-ന് തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിലാണ് കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളിൽ ചിലത് റദ്ദാക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നത്.


കണ്ണൂരിൽനിന്നുമാത്രം ആഴ്‌ചയിൽ 21 സർവീസുകളാണ് കുറയുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്‌റൈൻ, കുവൈത്ത്, ദമാം, റാസൽഖൈമ, മസ്‌കറ്റ്‌ റൂട്ടുകളിൽ ആഴ്‌ചയിൽ 96 സർവീസുകളുണ്ടായിരുന്നത് മടക്കസർവീസുകളടക്കം 54 ആയി കുറയും. കരിപ്പൂരിൽനിന്ന്‌ ആഴ്‌ചയിൽ 25 സർവീസുകളും കൊച്ചിയിൽനിന്ന്‌ 11 സർവീസുകളും തിരുവനന്തപുരത്തുനിന്ന്‌ 18 സർവീസുകളുമാണ് വെട്ടിക്കുറച്ചത്.

 

എയർ ഇന്ത്യ എക്സ്പ്രസിന്റെ പിന്മാറ്റം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് കണ്ണൂരിനാണ്. പൊതുവെ സർവീസുകൾ കുറവുള്ള കണ്ണൂരിൽ ആഴ്‌ചയിൽ മടക്കസർവീസുകളടക്കം 42 സർവീസുകളാണ് ഇല്ലാതാകുന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ യാത്രക്കാർ എത്തുന്നു. 95 ശതമാനം സീറ്റുകൾ വരെ ഫില്ലാവുന്നു. അപ്പോഴാണ് വെട്ടിക്കുറയ്ക്കൽ.


കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് ആഴ്‌ചയിൽ 10 സർവീസുകളാണ്. ഇത് ഏഴാവും. ദുബായിലേക്കുള്ള ഒരു സർവ്വീസും കുറച്ചു. ഷാർജ സർവീസുകൾ നേർ പകുതിയോളം കുറച്ച് 12-ൽനിന്ന് ഏഴാക്കി. മസ്‌കറ്റിലേക്കുള്ള ഏഴ് സർവീസുകൾ നാലാക്കി. റാസൽഖൈമയിലേക്കുള്ള ഒരു സർവ്വീസും കുറച്ചു.


കോഴിക്കോട്ടുനിന്ന് ദമാമിലേക്ക് ആഴ്‌ചയിൽ ഏഴു സർവീസുകളുള്ളത് മൂന്നാകും. ഷാർജയിലേക്കുള്ള ഒൻപത് സർവീസുകൾ ആറും റാസൽ ഖൈമയിലേക്കുള്ള ഏഴ് സർവീസുകൾ നാലും ആകും. മസ്‌കറ്റിലേക്കുള്ള ഏഴ് സർവീസുകൾ മൂന്നായും വെട്ടിക്കുറച്ചു.

Related News

തിരുവനന്തപുരത്തുനിന്നുള്ള ദുബായ്, അബുദാബി സർവീസുകളാണ് ഒഴിവാക്കുന്നത്. കൊച്ചിയിൽനിന്നുള്ള സലാല, റിയാദ് സർവീസുകളും കണ്ണൂരിൽനിന്നുള്ള ബഹ്‌റൈൻ, ജിദ്ദ, ദമാം സർവീസുകളും ഒഴിവാക്കുന്ന പട്ടികയിലുണ്ട്.


ചില സർവ്വീസുകൾ നേരത്തെ വെട്ടി. കരിപ്പൂരിൽനിന്നും കണ്ണൂരിൽനിന്നുമുള്ള കുവൈത്ത് വിമാനം കഴിഞ്ഞ ഒന്നാംതീയതിയോടെ അവസാനിപ്പിച്ചു.


കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് നാലു സർവീസുകളുള്ളത് പകുതിയാക്കി. അബുദാബിയിലേക്കുള്ള മുന്ന് സർവ്വീസുകൾ നിർത്തി. ദുബായ് സർവീസ് ഒന്ന് കുറച്ചു.

തിരുവനന്തപുരത്തുനിന്നുള്ള മസ്‌കറ്റ് സർവീസ് ഏഴിൽനിന്ന് നാലും ദോഹ സർവീസ് നാലിൽനിന്ന് രണ്ടുമാകും.


ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികളാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിലധികവും. നിരക്ക് കുറവാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സ്വകാര്യവൽക്കരണത്തോടെ ഈ സൌകര്യം ക്രമേണ പിൻവലിക്കുന്ന സാഹചര്യമാണ്.


കാരണങ്ങൾ പലത്, വിശദീകരണവും


2025 ജൂലൈ പകുതി വരെ എയർ ഇന്ത്യ വൈഡ്-ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകളുടെ ഏകദേശം 15% വെട്ടിക്കുറച്ചിട്ടുണ്ട്. ജൂൺ 12 ലെ അപകടത്തിന് ശേഷം സുരക്ഷാ പരിശോധനകൾ മെച്ചപ്പെടുത്തിയതും യുദ്ധ സാഹചര്യത്തിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളുമാണ് കാരണം പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home