അഹമ്മദാബാദ്‌ വിമാനാപകടം; പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ ഇന്ന്‌ പുറത്തുവിട്ടേക്കും

ahmedabad plane crash
വെബ് ഡെസ്ക്

Published on Jul 11, 2025, 03:03 PM | 1 min read

ന്യൂഡൽഹി: 260 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ അഹമ്മദാബാദ്‌ വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ ഇന്ന്‌ പുറത്തുവിട്ടേക്കുമെന്ന്‌ വിവരം. ദേശീയ മാധ്യമങ്ങളാണ്‌ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ വെള്ളിയാഴ്‌ച പുറത്തുവിട്ടേക്കുമെന്ന്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ജൂൺ 12നുണ്ടായ അപകടത്തിന്‌ ഒരു മാസം തികയവെയാണ്‌ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ അധികൃതർ പുറത്തുവിടാനൊരുങ്ങുന്നത്‌. റിപ്പോർട്ട്‌ പുറത്തുവരുന്നതോടെ അപകടത്തിന്റെ കാരണം എന്തായിരുന്നു എന്ന്‌ വ്യക്തമാവും.


അഹമ്മദാബാദിലെ സർദാർ വല്ലഭായ്‌ പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന്‌ ജൂൺ 12ന്‌ ഉച്ചയ്‌ക്ക്‌ 1.38ന്‌ ലണ്ടനിലേക്ക്‌ പറന്ന വിമാനമാണ്‌ സെക്കൻഡുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്‌. ടേക്ക്‌ ഓഫ്‌ കഴിഞ്ഞപ്പോൾ തന്നെ പൈലറ്റ്‌ ‘മെയ്‌ ഡേ’ എന്ന സന്ദേശം കൺട്രോൾ റൂമിന്‌ കൈമാറിയിരുന്നെങ്കിലും വിമാനം സമീപത്തുള്ള മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന്‌ മുകളിലേക്ക്‌ പതിക്കുകയായിരുന്നു.

Related News

അപകടം നടന്ന്‌ ദിവസങ്ങൾക്ക്‌ ശേഷമാണ്‌ കോളേജ്‌ ഹോസ്റ്റലിൽ നിന്ന്‌ വിമാനത്തിന്റെ കോക്‌പിറ്റിലുണ്ടായിരുന്ന വോയ്‌സ്‌ റെക്കോർഡറും ഫ്ലൈറ്റ്‌ റെക്കോർഡറും ബ്ലാക്‌ ബോക്‌സുമുൾപ്പെടെ കണ്ടെടുത്തത്‌. ഉപകരണങ്ങൾ കേടുപാടുകൾ കൂടാതെയാണ്‌ അപകടം അന്വേഷിക്കുന്ന എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്‌ക്ക്‌ (എഎഐബി) ലഭിച്ചതും. ഈ ഉപകരണങ്ങൾ അന്വേഷണത്തിലെ നിർണായക തെളിവാകുമെന്ന വിലയിരുത്തലുണ്ട്‌.


അന്വേഷണ സംഘത്തിൽ എഎഐബിയോടൊപ്പം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡും ബോയിങ്ങും ഭാഗമാണ്‌. നേരത്തെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളും എഞ്ചിൻ ത്രസ്റ്റ് പ്രശ്നങ്ങളുമായിരിക്കും അപകടകാരണമായി പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.


ദുരന്തമുണ്ടായതിന്‌ ശേഷം ബോയിങ് എയർലൈൻസും എയർ ഇന്ത്യയും സൂക്ഷമ പരിശോധനയ്‌ക്ക്‌ വിധേയമായിരുന്നു. ബ്ലൂംബർഗ്‌ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച്‌ ബോയിങ്ങുമായി ബന്ധപ്പെട്ട്‌ വിമാനത്തിന്‌ മെക്കാനിക്കൽ, ഡിസൈൻ പ്രശ്‌നങ്ങളൊന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല എന്നാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home