ad
Deshabhimani

എയർ ഇന്ത്യയുടെ അനാസ്ഥ; മാറിപ്പോയ വിമാനം തിരിച്ചിറക്കി

Air india.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 09:22 AM | 1 min read

ന്യൂഡൽഹി: സാങ്കേതിക അനുമതിയില്ലാത്ത വിമാനം മാറി അയച്ചതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ ആകാശത്ത് പറന്ന ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറക്കി.


കനേഡിയൻ ആകാശപരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത ബോയിംഗ് 777-200 എൽആർ (Boeing 777-200LR) വിമാനം മാറി അയച്ചതാണ് ഈ അസാധാരണ നടപടിക്ക് കാരണമായത്.


ഡൽഹിയിൽ നിന്ന് പറന്നുയർന്ന് നാല് മണിക്കൂറുകൾക്ക് ശേഷം ചൈനീസ് വ്യോമമേഖലയിൽ എത്തിയപ്പോഴാണ് വിമാനം മാറിപ്പോയ വിവരം അധികൃതർ തിരിച്ചറിയുന്നത്. കാനഡ സർവീസുകൾക്കായി ബോയിംഗ് 777-300 ഇ ആർ വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയ്ക്ക് നിലവിൽ അനുമതിയുള്ളത്.


എന്നാൽ അബദ്ധത്തിൽ മറ്റൊരു വിഭാഗത്തിൽപ്പെട്ട വിമാനം സർവീസിന് നിയോഗിക്കുകയായിരുന്നു. തുടർന്ന് വിമാനം ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിച്ചുവരാൻ നിർദ്ദേശം നൽകി. ഏകദേശം എട്ട് മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.


യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് താമസസൗകര്യവും മറ്റ് സേവനങ്ങളും നൽകിയതായും അടുത്ത ദിവസം തന്നെ മറ്റൊരു വിമാനത്തിൽ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും എയർ ഇന്ത്യ അറിയിച്ചു.


വിമാനം മാറിപ്പോയത് എയർ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും സമയം പറന്നതിനുണ്ടായ ഇന്ധനച്ചെലവും മറ്റ് സേവനച്ചെലവുകളും കമ്പനിക്ക് വലിയ ബാധ്യതയാകും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home