മോദിയുടെ ഇസ്രായേൽ സന്ദർശനം: ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തോടുള്ള വഞ്ചന- കിസാൻസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തോടുള്ള വഞ്ചനയും സ്വയംഭരണത്തോടുള്ള കീഴടങ്ങലുമാണെന്ന് അഖിലേന്ത്യാ കിസാൻസഭ വിമർശിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മോദിയും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പത്രക്കുറിപ്പ്, "തന്ത്രപരമായ പങ്കാളിത്തത്തിന്റെ" ബ്ലൂപ്രിന്റാണ്. യുഎസ് സാമ്രാജ്യത്വത്തിന് വേണ്ടി ഇന്ത്യയുടെ പരമാധികാരം ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാണ് മോദിയെന്നും കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കുന്ന സാഹചര്യത്തിൽ മോദി ഇസ്രായേൽ സന്ദർശിക്കുന്നത് അതീവ ഗൗരവതരമാണ്. പലസ്തീനികൾക്ക് നേരെ നടക്കുന്ന വംശഹത്യയെ വെള്ളപൂശിയും ഇന്ത്യയുടെ ചരിത്രപരമായ നിലപാടിനെ മോദി വഞ്ചിച്ചിരിക്കുകയാണ്. ഇസ്രായേൽ കൊലപ്പെടുത്തിയ 72,000-ത്തിലധികം പലസ്തീനികളെക്കുറിച്ച് ഒരു പരാമർശവും ഉണ്ടാകാതിരിക്കാൻ മോദി പ്രത്യേകം ശ്രദ്ധിച്ചു. കൃഷിരംഗത്ത് ഇസ്രായേലുമായി ശക്തമായ ബന്ധമുണ്ടാക്കുമെന്നും "ഇസ്രായേലി സാങ്കേതികവിദ്യ എല്ലാ ഇന്ത്യൻ ഗ്രാമങ്ങളിലും എത്തിക്കുമെന്നും" സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇസ്രായേലി അഗ്രിബിസിനസ് കമ്പനികൾ നും വലിയ സാമ്രാജ്യത്വ അജണ്ടകൾക്ക് വഴിയൊരുക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് കിസാൻസഭ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്രായേലിലെ തന്റെ ഇഷ്ടക്കാരായ ഇന്ത്യൻ കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യമാണ്. ഇന്ത്യയുടെ താൽപര്യങ്ങൾ യുഎസ് സാമ്രാജ്യത്വത്തിനും അവരുടെ ദാസന്മാർക്കും മുന്നിൽ കീഴടക്കുന്ന പ്രധാനമന്ത്രി മോദിയുടെ നടപടിക്കെതിരെ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളും പ്രതിരോധമുയർത്തണമെന്നും കിസാൻസഭ ആഹ്വാനം ചെയ്തു.









0 comments