ബിഹാർ സംസ്ഥാന ഭൂവകാശ സമ്മേളനത്തിൽ നിരന്തരമായ പോരാട്ടത്തിന് ആഹ്വാനം

ന്യൂഡൽഹി: ഓൾ ഇന്ത്യ കിസാൻ സഭയും (എഐകെഎസ്) ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയനും (എഐഎഡബ്ല്യൂയു) സംയുക്തമായി ബിഹാർ സംസ്ഥാന ഭൂവകാശ സമ്മേളനം സംഘടിപ്പിച്ചു. ദർഭംഗയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 35 ജില്ലകളിൽ നിന്നായി ഏകദേശം 1,000 ദരിദ്ര കർഷകരും തൊഴിലാളികളും പങ്കെടുത്തു.
എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവലെ പതാക ഉയർത്തി. എഐകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് സിങ്, എഐഎഡബ്ല്യൂയു സംസ്ഥാന പ്രസിഡന്റ് രംഗ്ലാൽ പാസ്വാൻ എന്നിവരായിരുന്നു പ്രസീഡിയം അംഗങ്ങൾ. എഐകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം ഭാരതി സ്വാഗതം ആശംസിച്ചു. എഐകെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് കുമാർ കരട് പ്രമേയം അവതരിപ്പിച്ചു.
എഐഎഡബ്ല്യൂയു സംസ്ഥാന ജനറൽ സെക്രട്ടറി രാമാശ്രയ് മഹാതോ പ്രമേയത്തെ പിന്താങ്ങി. എഐഎഡബ്ല്യൂയു
വിക്രം സിങ് (എഐഎഡബ്ല്യൂയു ദേശീയ ജോയിന്റ് സെക്രട്ടറി), അവധേഷ് കുമാർ (എഐകെഎസ് ദേശീയ ജോയിന്റ് സെക്രട്ടറി) എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
മനുസ്മൃതിയുടെ കാലം മുതലുള്ള ഫ്യൂഡലിസം, ബ്രിട്ടീഷ് ഭരണം, നവലിബറലിസം, കോർപ്പറേറ്റ് ആധിപത്യം എന്നിവയിലൂടെയുള്ള ഇന്ത്യയിലെ ഭൂമി പ്രശ്നത്തിന്റെ ഉത്ഭവം എന്നിവയെക്കുറിച്ചായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ചകൾ. കേന്ദ്ര-സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടങ്ങളുടെ ജന്മി-കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ശകതമായ വിമർശനം സമ്മേളനത്തിൽ ഉയർന്നുവന്നു.
'കൃഷി ചെയ്യുന്നവന് ഭൂമി', 'ഭൂരഹിതർക്ക് ഭൂമി' എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെതിരെയുള്ള പ്രതിരോധം തീർക്കുമെന്ന് സമ്മേളനം തീരുമാനിച്ചു. 10 ഇന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്കുള്ള സമര പരിപാടികൾ പ്രഖ്യാപിക്കുകയും വലിയ ആവേശത്തോടെ സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു.









0 comments