എയിംസ്, ദേശീയപാത: ബിജെപിക്കും കേന്ദ്ര സർക്കാരിനും കനത്ത പ്രഹരം

പ്രത്യേക ലേഖകൻ
Published on Mar 13, 2026, 02:45 AM | 1 min read
തിരുവനന്തപുരം:
ദേശീയപാത 66 യാഥാർഥ്യമാക്കാൻ കരുതലോടെ പ്രവർത്തിച്ച സംസ്ഥാന സർക്കാരിനെ അപമാനിച്ചതിനെതിരെയുള്ള ജനകീയ പ്രതികരണങ്ങളും ‘കേരളത്തിനുമാത്രം എയിംസ് നൽകാൻ എന്താ തടസ്സം’ എന്ന ഹൈക്കോടതിയുടെ ചോദ്യവും ബിജെപിക്കും കേന്ദ്ര സർക്കാരിനും കനത്ത പ്രഹരം. ബിജെപിയുടെയും യുഡിഎഫിന്റെയും പല സമരാഭാസങ്ങളും കേസുകളും അതിജീവിച്ചാണ് എൻഎച്ച് 66 യാഥാർഥ്യമാക്കുന്നത്.
ഉദ്ഘാടന ഫലകത്തിൽ പേരുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രിയെ ചടങ്ങിൽനിന്ന് മനഃപൂർവം മാറ്റിനിർത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും നിരന്തര ഇടപെടൽകൊണ്ടും ഇച്ഛാശക്തികൊണ്ടുമാണ് പാത യാഥാർഥ്യമായതെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം.
പാത വരാതിരിക്കാൻ യുഡിഎഫും ബിജെപി യും നടത്തിയ സമരങ്ങളും മറന്നിട്ടില്ല. അവരുടെ മുന്നിലാണ് ബിജെപിക്കാരെ മാത്രം അണിനിരത്തി ഉദ്ഘാടന നാടകം നടത്തിയത്. ഫലത്തിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ പരിഹാസ്യരാക്കി.
ദേശീയപാത നിർമാണം പൂർണമായും കേന്ദ്രസർക്കാരിന്റെ ചുമതലയാണെങ്കിലും സ്ഥലമേറ്റെടുക്കുന്നത് സംസ്ഥാന സർക്കാരാണ്. നോഡൽ ഏജൻസി പൊതുമരാമത്ത് വകുപ്പും. സ്ഥലമെടുക്കാനുള്ള പണത്തിൽ പകുതി നൽകണമെന്ന, മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധനകൂടി അംഗീകരിച്ചാണ് പാത പൂർത്തിയാക്കുന്നത്.
എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള അവഗണനയല്ലാതെ മറ്റൊന്നുമല്ലെന്ന് തെളിയിച്ചു, ഹൈക്കോടതിയുടെ ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടി.
11 വർഷമായി പരിഗണനയിലുണ്ടെന്നല്ലാതെ തടസ്സമെന്താണെന്ന് കേന്ദ്രത്തിന് കോടതിയിൽ പറയാനായില്ല. ഇതിനിടയിൽ പുതുതായി 22 എയിംസ് വിവിധ സംസ്ഥാനങ്ങളിൽ അനുവദിച്ചു. അതിൽ 18 എണ്ണവും പൂർത്തിയായി. എന്നിട്ടും ‘നിങ്ങൾക്ക് എയിംസ് തരില്ല’ എന്ന നിലപാട് കോടതിയിലും പരോക്ഷമായി ആവർത്തിക്കുകയാണ്.
ഇക്കാര്യങ്ങളിൽ നാട്ടുകാരോട് ഉത്തരം പറയാതെ, ജനപ്രതിനിധികളെ അപമാനിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സുഹൃത്തുക്കളും. മുഖ്യമന്ത്രിയെ അമ്മായിഅച്ഛനെന്നും പൊതുമരാമത്ത് മന്ത്രിയെ മരുമകനെന്നും വിളിച്ച് ജനത്തിനുമുന്നിൽ സ്വയം നാണംകെടുകയാണ് ഇവർ.










0 comments