ad
Deshabhimani

വേതന വർധനവ് ആവശ്യപ്പെട്ട് ഏഴ് ദിവസമായി തൊഴിലാളികള്‍ സമരത്തില്‍

print edition ആകാശത്ത്‌ സുരക്ഷയൊരുക്കുന്നവരെ ആര്‌ രക്ഷിക്കും

ഡൽഹി വിമാനത്താവളത്തിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സിഐടിയു  അഖിലേന്ത്യ പ്രസിഡന്റ്‌ സുദീപ്‌ ദത്ത സന്ദർശിച്ചപ്പോൾ

ഡൽഹി വിമാനത്താവളത്തിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ സുദീപ്‌ ദത്ത സന്ദർശിച്ചപ്പോൾ

avatar
കെ പി അക്ഷയ്‌

Published on May 19, 2026, 11:59 PM | 2 min read

ന്യൂ‍ഡൽഹി: ഉത്തർപ്രദേശ്‌ അസംഗഡ്‌ സ്വദേശിയായ മനീഷ്‌ ഗുപ്‌ത എയർ ഇന്ത്യ എൻജിനിയറിങ്‌ സർവീസസ്‌ ലിമിറ്റഡിലെ(എഐഇഎസ്എൽ) തൊഴിലാളിയാണ്‌. ഡൽഹി വിമാനത്താവളത്തിലെ എഐഇഎസ്എൽ ഓഫീസിൽ സീനിയർ എയർക്രാഫ്‌റ്റ്‌ ടെക്‌നീഷ്യനായി ഫിക്‌സഡ്‌ ടേം വ്യവസ്ഥയിലാണ്‌ ജോലി. വേതന വർധനവ് ആവശ്യപ്പെട്ട് ഏഴ് ദിവസമായി തുടരുന്ന തൊഴിലാളി ധർണയിൽ മനീഷുമുണ്ട്‌.

ഒൻപത്‌ വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. വേതനം 32,000 രൂപ മാത്രം. അതേ തസ്‌കിയിലുള്ള സ്ഥിരം ജീവനക്കാർക്ക്‌ ലഭിക്കുന്നത്‌ ഒന്നര ലക്ഷം ര‍ൂപയാണെന്ന്‌ മനീഷ്‌ പറയുന്നു. എഐഇഎസ്‌എല്ലിലെ തൊഴിലാളി സമരത്തിലുയരുന്ന ആവശ്യം മനീഷിന്റെ വാക്കുകളിൽനിന്ന്‌ വ്യക്തം. കുടുംബത്തോടൊപ്പം ഡൽഹിയിലാണ്‌ മനീഷിന്റെ താമസം. ഭാര്യയും കുഞ്ഞുമുണ്ട്‌. ‘12,000 രൂ‍പയാണ്‌ വീട്ടുവാടക. 5,000 രൂപയാണ്‌ മാസം പാചകവാതകത്തിന് മുടക്കുന്നത്‌. 2,000 ര‍ൂപ കറന്റ്‌ ബില്ലായും നൽകണം. മറ്റുചിലവുകളും കഴിഞ്ഞ്‌ കയ്യിൽ ഒന്നുമുണ്ടാവില്ല’ – മനീഷ്‌ പറഞ്ഞു.

സീനിയർ എയർക്രാഫ്‌റ്റ്‌ ടെക്‌നീഷ്യനായ മനീഷിന്‌ ലഭിക്കുന്ന വേതനം 32,000 ആണെങ്കിൽ, അതിനുതാഴെയുള്ള തസ്‌തികയായ എയർക്രാഫ്‌റ്റ്‌ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഒഡീഷയിൽ നിന്നുള്ള മലയ്‌ സോണിക്ക്‌ ലഭിക്കുന്നത്‌ 22,000 ര‍ൂ‍പയാണ്‌. ഇതേ തസ്‌തികയിലുള്ള സ്ഥിരം തൊഴിലാളികൾക്ക്‌ ലഭിക്കുന്നത്‌ ഒരുലക്ഷത്തിന്‌ മേലെയും. സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്‌. കന്പനിയിലെ ജൂനിയർ ടെക്‌നീഷൻമാരുടെ ശന്പളം 15,000ത്തിനും 18,000ത്തിനും ഇടയ്‌ക്കാണ്‌.

ദശലക്ഷക്കണക്കിന്‌ യാത്രക്കാരെ സുരക്ഷിതമായി അതാത്‌ സ്ഥലങ്ങളിലെത്തിക്കുന്നത്‌ എയർക്രാഫ്‌റ്റ്‌ ടെക്‌നീഷ്യൻമാരുടെ കരങ്ങളാണ്‌. എന്നാൽ ഇതേ തൊഴിലാളികളെ പൊതുമേഖലാ സ്ഥാപനമായ എഐഇഎസ്‌എൽ എല്ലാവിധത്തിലും ചൂഷണം ചെയ്യുന്നു.(എയർ ഇന്ത്യയെ സ്വകാര്യ വൽക്കരിച്ചെങ്കിലും എഐഇഎസ്‌എല്ലിനെ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായി നിലനിർത്തുകയായിരുന്നു.) വേതന വർധനവ്‌, സ്ഥിരനിയമനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ്‌ തൊഴിലാളികൾ സമരം ചെയ്യുന്നത്‌. ഡൽഹിക്ക്‌ പുറമേ കന്പനിയുടെ ചെന്നൈ, മുംബൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ തൊഴിലാളികളും സമരത്തിലാണ്‌. അതായത്‌ രാജ്യത്തെ പ്രധാനവിമാനത്താവളത്തിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ സമരമിരിക്കുന്നു.

പന്ത്രണ്ടിന്‌ മുകളിൽ മണിക്കൂറിന്‌ മുകളിലാണ്‌ തൊഴിൽ സമയമെന്ന്‌ കന്പനിയിലെ തൊഴിലാളിയായ ദീപക്‌ മോറിയ പറയുന്നു. എട്ട്‌ മണിക്കൂറിൽ കൂടുതൽ ജോലി ചെയ്‌താൽ അധികവേതനമായി യഥാർഥ വേതനത്തിന്റെ ഇരട്ടി നൽകണമെന്നാണ്‌ നിയമം. എന്നാൽ, ഇവിടെ തൊഴിലാളിക്ക്‌ ലഭിക്കുന്നത്‌ മണിക്കൂറിന്‌ 85 ര‍‍‍ൂപമാത്രം. വർഷംതോറും വേതനം കുറച്ചുനൽകുന്ന സ്ഥിതിയുമുണ്ട്‌. ഡൽഹി പോലൊരു മെട്രോ നഗരത്തിൽ ഇ‍ൗ തുകകൊണ്ട്‌ ഒന്നുമാകില്ലെന്നും ദീപക്‌ കൂട്ടിച്ചേർത്തു.

തുല്യവേതനം നൽകാൻ തയ്യാറാവാത്ത അധികൃതർ സമരം ചെയ്ത തൊഴിലാളികൾക്കുനേരെ ദ്രോഹനടപടികളുമെടുത്തു. പ്രശ്നം ചർച്ച ചെയ്യാൻ തൊഴിലാളി പ്രതിനിധികൾ മാനേജ്‌മെന്റിനെ കണ്ടപ്പോൾ നാല് യൂണിയൻ പ്രവർത്തകർക്ക്‌ കന്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. സമരം ചെയ്യുന്നവരെ പിരിച്ചുവിടുമെന്ന്‌ ഭീഷണിപ്പെടുത്തി. കേന്ദ്ര സർക്കാരിനെ അറിയിച്ചെങ്കിലും വിഷയത്തിൽ ഇടപെടുന്നില്ല. അതിനാൽ പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യമുൾപ്പെടെ ഉയർത്തി സമരം പുരോഗമിക്കുകയാണ്‌.

തൊഴിലാളിവിരുദ്ധ നടപടികളാണ്‌ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്‌. പൊതുമേഖലാ സ്ഥാപനമായ എഐഇഎസ്‌എൽ തൊഴിലാളികൾക്ക്‌ നൽകുന്നതിനേക്കാൾ ക‍ൂടുതൽ വേതനം സ്വകാര്യ കന്പനികൾ നൽകുന്നുണ്ട്‌. അപ്രകാരം ആരെങ്കിലും കന്പനി മാറാൻ ശ്രമിച്ചാൽ അതിനും മനേജ്‌മെന്റ്‌ അനുവദിക്കില്ല. പിരിഞ്ഞുപോകുന്പോൾ തൊഴിലാളികൾക്ക്‌ നിയമപ്രകാരം നൽകേണ്ട എൻഒസി നൽകാതിരിക്കുമെന്ന്‌ ഡൽഹിയിലെ സമരനേതാവും പിരിച്ചുവിടൽ നടപടിക്ക്‌ വിധേയനുമായ സ‍ൂരജ്‌ കുമാർ പറഞ്ഞു.

ക്ഷമയുടെ നെല്ലിപ്പലകയും കണ്ടാണ്‌ തൊഴിലാളികൾ സമരത്തിനിറങ്ങയത്‌ എന്ന സ്ഥിതിയും ഇവിടെയുണ്ട്‌. എഐഇഎസ്‌എല്ലിലെ തൊഴിലാളികൾ നാല്‌ വർഷമായി ഇ‍ൗ ആവശ്യങ്ങൾ മാനേജ്‌മെന്റിനോട്‌ ഉന്നയിക്കുന്നു. എയർക്രാഫ്‌റ്റ്‌ മെയിന്റെനൻസ്‌ എഞ്ചിനീയറിങ്‌ കോഴ്‌സ്‌ പഠിച്ചിറങ്ങിയവരാണ്‌ ഇ‍ൗ മേഖലയിൽ ജോലി ചെയ്യുന്നത്‌. പഠനം പൂർത്തിയാക്കി, ജോലിയിൽ പ്രവേശിച്ച്‌ പത്തിലധികം വർഷം പൂർത്തിയായിട്ടും കാര്യമായ വേതനം ലഭിക്കാത്തതിന്റെ നിരാശ സീനിയർ എയർക്രാഫ്‌റ്റ്‌ ടെക്‌നീഷ്യൻമാരിൽ കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home