print edition 'വന്ദേമാതര'ത്തിൽ തലകുനിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ആർഎസ്‌എസിന്റെയും മോദി സർക്കാരിന്റെയും താൽപര്യങ്ങൾക്ക് വിധേയമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച് നാണംകെട്ട് കോൺഗ്രസ്. പാർടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസിന്റെ 90 വർഷത്തോളം പഴക്കമുള്ള പ്രഖ്യാപിതനിലപാടിൽ വെള്ളംചേർത്തത് രാജ്യവ്യാപകമായി വിമർശിക്കപ്പെടുകയാണ്.
1937 ഒക്ടോബറിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന എഐസിസി യോഗമാണ് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. രവീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെയുള്ള പ്രമുഖരുമായി ദീർഘമായ കൂടിയാലോചനയും ചർച്ചയും നടത്തിയ ശേഷമാണ് മാതൃരാജ്യത്തിന്റെ ഭംഗിയും മഹത്വവും വർണിക്കുന്ന ആദ്യ ഭാഗംമാത്രം ആലപിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്.
‘ഇൗ ഗാനത്തിലെ മറ്റ് ചരണങ്ങൾ അധികം അറിയപ്പെടാത്തവയും അപൂർവമായി മാത്രം ആലപിക്കപ്പെടുന്നതുമാണ്. അതിൽ മതപരമായ ചില ആശയങ്ങളും ബിംബങ്ങളുമുണ്ട്. അതെല്ലാം ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളുടെ ആശയങ്ങളുമായി ചേർന്നുപോകണമെന്നില്ല’– ഇങ്ങനെയാണ് 1937ലെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നെഹ്‌റു മുൻകൈയെടുത്ത് തയ്യാറാക്കിയ പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.
വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കാൻ മോദിസർക്കാരും ബിജെപിയും എല്ലാ നീക്കങ്ങളും നടത്തുന്ന അവസരത്തിൽ എഐസിസി ആസ്ഥാനത്തെ സംഭവം യാദൃശ്ചികമല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. വന്ദേമാതരം പൂർണമായും ആലപിച്ചെന്നും തടസ്സപ്പെടുകയോ നിർത്തുകയോ ചെയ്‌തിട്ടില്ലെന്നുമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം. കോൺഗ്രസ് ഭരിക്കുന്ന കർണാടകം, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലും പൂർണരൂപത്തിൽ ആലപിച്ചു. ഇതോടെ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിൽ ബോധപൂർവം വെള്ളംചേർക്കുകയാണെന്ന വിമർശനത്തിന് ബലമേറുകയാണ്.
രാഷ്ട്രീയ ആയുധമാക്കി ബിജെപി
ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമങ്ങൾ, അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ പ്രതിരോധത്തിലായ ബിജെപിക്ക് കോൺഗ്രസ് ആസ്ഥാനത്തെ ‘വന്ദേമാതര’ ആലാപനം വീണുകിട്ടിയ വടിയായി. ആലാപനം തടസ്സപ്പെടുത്താൻ സോണിയാഗാന്ധി ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
സോണിയക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിലെ ഉർവാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചതല്ലെന്നും കസേര കൊണ്ടുവരാനാണ് സോണിയ ആംഗ്യം കാണിച്ചതെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.
സോണിയ പരസ്യമായി മാപ്പുപറയുന്നതുവരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പശ്ചിമബംഗാൾ ബിജെപി അറിയിച്ചു. ബംഗാളിന്റെ സാഹിത്യസാമ്രാട്ടായ ബങ്കിംചന്ദ്രചാറ്റർജിയെയാണ് സോണിയ അപമാനിച്ചതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. വന്ദേമാതരത്തെ അവഹേളിച്ചവരോട് രാജ്യം പൊറുക്കില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പ്രതികരണം.










0 comments