ad
Deshabhimani

ചൈനീസ് റോബോട്ടിനെ സ്വന്തമെന്ന് പറഞ്ഞ് എഐ ഉച്ചകോടിയിലെത്തിച്ചു; ​ഗൽ​ഗോത്തിയാസ് സർവകലാശാല പുറത്ത്, നാണക്കേട്

robot.
വെബ് ഡെസ്ക്

Published on Feb 18, 2026, 02:54 PM | 1 min read

ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടിനെ എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ​ഗൽ​ഗോത്തിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി.നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാലയായ ​ഗൽ​ഗോത്തിയാസിന്റെ പ്രവർത്തനങ്ങളാണ് വലിയ നാണക്കേടായത്. എഐ ഇംപാക്ട് എക്സ്പോയിൽ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സർവകലാശാല ചൈനീസ് നി‌ർമ്മിത റോബോട്ടിനെ അവതരിപ്പിച്ചത്.റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വെട്ടിലായി. റോബോട്ടിൻറെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം.


വിവിധ മാധ്യമങ്ങൾക്കും റോബോട്ട് സംബന്ധിച്ച് പ്രൊഫസർമാരും വിദ്യാർഥകളും അഭിമുഖവും നൽകി. സർവകലാശാലയുടെ എഐ ഫണ്ടിൽനിന്നും 350 കോടി മുടക്കിയാണ് ഓറിയോൺ എന്ന് പേരിട്ട റോബോട്ടിനെ വികസിപ്പിച്ചതെന്നുവരെ ഒരു പ്രൊഫസർ മാധ്യമങ്ങളോട് പറഞ്ഞു. യൂണിട്രീ എന്ന ചൈനീസ് കമ്പനിയുടെ ജിഒടു മോഡൽ റോബോ ഡോ​ഗിനെ രണ്ട് ലക്ഷത്തിലധികം രൂപ നൽകി സർവകലാശാല വാങ്ങിയതാണെന്ന് വ്യക്തമാവുകയായിരുന്നു.

ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും, യഥാർഥ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് പകരം വെറും പിആർ ആയി ഉച്ചകോടി മാറിയെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു. ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയത് വരെ ക്രമീകരണങ്ങളിലെ പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുമ്പോഴാണ് വ്യാജ റോബോഡോ​ഗ് വിവാദം.


സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാനാണ് അധികൃതർ നിർദേശിച്ചത്. റോബോട്ടിനെ പുകഴ്ത്തിയുള്ള ട്വീറ്റ് കേന്ദ്രമന്ത്രി ഡിലീറ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home