വിമാനത്തിന് തകരാറില്ലെന്ന് 
സ്ഥിരീകരിച്ചു: എയർഇന്ത്യ സിഇഒ

അഹമ്മദാബാദ്‌ വിമാനദുരന്തം ; അന്വേഷണ റിപ്പോർട്ടില്‍ പാളിച്ചകള്‍

Ahmedabad Plane Crash report
avatar
അഖില ബാലകൃഷ്‍ണന്‍

Published on Jul 15, 2025, 03:51 AM | 2 min read


ന്യൂഡൽഹി

അഹമ്മദാബാദ്‌ വിമാനദുരന്തത്തിൽ എയർക്രാഫ്‌റ്റ്‌ ആക്സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പാളിച്ചകളുണ്ടെന്ന്‌ എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ആൽപ). പൈലറ്റുകളെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ അടിസ്ഥാനകാര്യങ്ങൾ പോലും തെറ്റായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ ആൽപ പ്രസിഡന്റ് ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു.


അപകടത്തിന്റെ ഓരോ ഘട്ടത്തിലും വിമാനത്തിന്റെ ഉയരം എത്രയാണെന്ന്‌ റിപ്പോർട്ടിലില്ല. ‘ഫുൾ അതോറിറ്റി ഡിജിറ്റൽ എഞ്ചിൻ കൺട്രോൾ’ എന്ന പദം ‘ഡ്യുവൽ എന്‍ജിൻ കൺട്രോൾ’ എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി.അന്വേഷണത്തിൽ തൃപ്തിയില്ലെന്നും റിപ്പോർട്ട്‌ അംഗീകരിക്കില്ലെന്നും ആൽപ വ്യക്തമാക്കി.


അടിമുടി ആശയക്കുഴപ്പം


● ‘മെയ്‌ ഡേ, മെയ്‌ ഡേ, ത്രസ്റ്റ്‌ ഇല്ല വിമാനം ഉയരുന്നില്ല’ – അഹമ്മദാബാദ്‌ ദുരന്തത്തിന്‌ തൊട്ടുമുമ്പ്‌ പൈലറ്റുമാർ എടിസിയിലേക്ക്‌ അയച്ച സന്ദേശം എന്നനിലയ്ക്ക്‌ ആദ്യം പുറത്തുവന്നത്‌ ഇങ്ങനെയാണ്‌. വ്യോമയാന മന്ത്രാലയമോ, അഹമ്മദാബാദ്‌ എടിസിയോ ഈ വിവരം നിരാകരിച്ചിട്ടില്ല. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ ‘മെയ്‌ ഡേ, മെയ്‌ ഡേ’ എന്നുമാത്രമാണ്‌ പൈലറ്റിന്റെ സന്ദേശം.


● എടിസിക്ക്‌ പ്രതികരിക്കാൻ സമയം ലഭിക്കുംമുമ്പ്‌ വിമാനം തകർന്നെന്നായിരുന്നു ആദ്യവിവരം. എന്നാൽ, വിമാനത്തിന്റെ കാൾസൈൻ എന്താണെന്ന്‌ എടിസിയിൽ നിന്ന്‌ ചോദിച്ചെന്നാണ്‌ റിപ്പോർട്ടിൽ.


● വിമാനത്തിന്റെ ഫ്ലാപ്പ്‌ ലിവറുകൾ ലാൻഡിങ്‌ പൊസിഷനിലായിരുന്നെന്നും ത്രസ്റ്റ്‌ കുറഞ്ഞിരിക്കാമെന്നുമായിരുന്നു സിസിടിവി ദൃശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ആദ്യ നിഗമനം. എയർഇന്ത്യയുടെ സിമുലേഷൻ പരിക്ഷണത്തിൽ ഈ സാധ്യത പരിശോധിച്ചു. ഫ്ലാപ്പ്‌ ലിവറുകൾ ടേക്ക്‌ പൊസിഷനിലാണെന്നും വിമാനത്തിന്‌ ആവശ്യത്തിന്‌ ത്രസ്റ്റ്‌ ഉണ്ടായിരുന്നതായുമാണ്‌ റിപ്പോർട്ടിലുള്ളത്‌.


● പൈലറ്റിന്റെ സംഭാഷണ സമയം റിപ്പോർട്ടിലില്ല. ഒരൊറ്റ ചോദ്യവും ഒറ്റവാക്കിലുള്ള ഉത്തരവുമാണ്‌ 15 പേജുള്ള റിപ്പോർട്ടിലുള്ളത്‌. ക്യാപ്റ്റനാണോ സഹ പൈലറ്റാണോ ചോദിക്കുന്നതെന്ന്‌ വ്യക്തമാക്കിയിട്ടില്ല.


● ഇടതുവശത്തെ ഫ്യുവൽ സ്വിച്ച്‌ ആണ്‌ ആദ്യം കട്ട്‌ഓഫ്‌ ചെയ്തതും പിന്നീട്‌ ആദ്യം റൺ ചെയ്തതും. പൈലറ്റ്‌ ഓഫ്‌ ചെയ്തേക്കാം എന്നതിനുള്ള ആകെ തെളിവ്‌ കോക്ക്‌പിറ്റ്‌ വോയിസ്‌ റെക്കോർഡ്‌ മാത്രം.


● അടിയന്തര ഘട്ടത്തിൽ വിമാനത്തിന്‌ വൈദ്യുതി നൽകുന്ന റാറ്റ്‌ സിസ്റ്റം വിമാനത്തിൽ പ്രവർത്തിച്ചു. എൻജിനുകൾ പ്രവർത്തിക്കാതായാൽ പൈലറ്റിന്‌ ഇത്‌ ഓൺചെയ്യാം. അല്ലാത്തപക്ഷം, സ്വയം പ്രവർത്തിക്കും. എന്നാൽ, ഇതെങ്ങനെ ഓൺ ആയി, സമയം ഒന്നും തന്നെ റിപ്പോർട്ടിലില്ല. ഫ്യുവൽ സ്വിച്ച്‌ ഓണായി രണ്ട്‌ സെക്കന്റുകൾക്കുള്ളിൽ വിമാനത്തിൽ ഓക്സിലറി പവർ യൂണിറ്റ്‌ പ്രവർത്തിച്ചു തുടങ്ങി. എപിയു പ്രവർത്തിക്കുമ്പോൾ റാറ്റ്‌ സ്വയം പ്രവർത്തിക്കില്ല.


വിമാനത്തിന് തകരാറില്ലെന്ന് 
സ്ഥിരീകരിച്ചു: എയർഇന്ത്യ സിഇഒ

അഹമ്മദാബാദ്‌ വിമാനദുരന്തത്തിന് കാരണം വിമാനത്തിന്റെ തകരാറല്ലെന്നാണ് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്ന് എയർഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നൽകുന്നതിനൊപ്പം ചോദ്യങ്ങളും അന്വേഷണ റിപ്പോർട്ട്‌ ഉയർത്തുന്നുണ്ട്‌. അപകടത്തിന്റെ കാരണങ്ങളോ മുൻകരുതൽ നിർദേശങ്ങളോ ഒന്നും പ്രതിപാദിക്കുന്നില്ല. അന്വേഷണം അവസാനിക്കും മുമ്പേ നിഗമനങ്ങളിലേക്ക്‌ എടുത്തുചാടുന്നത്‌ ബുദ്ധിശൂന്യമാണെന്നും കാംബല്‍ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home