അഹമ്മദാബാദ് വിമാന അപകടം: വിമാനത്തിൽ നിന്ന് അപായ സൂചന നൽകിയിരുന്നെന്ന് എയർ ട്രാഫിക് കൺട്രോൾ

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ. വിമാനത്തിൽ നിന്ന് അപായസൂചന നൽകിയിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു. വിമാനം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്കു മുമ്പ് പൈലറ്റ് എടിസിയിലേക്ക് മെയ്ഡേ കോൾ നൽകിയതായാണ് വിവരം.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയർഇന്ത്യ 171 വിമാനമാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയിൽ തകർന്നുവീണത്. 1.19ന് പറന്നുയർന്ന വിമാനം 1.40ന് മതിലിൽ ഇടിച്ച് തകരുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 53 പേർ വിദേശ പൗരൻമാരാണ്.
അപകടത്തിൽ 110 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രൂപാണിയുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു. അഹമ്മദാബാദിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം പറന്നുയരുന്നതും അൽപസമയത്തിനുള്ളിൽ തകർന്ന് തീപിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ വ്യോമയാന മന്ത്രാലയം പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സംഭവസ്ഥലത്തെത്തും. വിമാനം തകർന്നുവീണ ജനവാസ മേഖലയിൽ നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. എൻഡിആർഎഫും അർധ സൈനിക വിഭാഗവും രക്ഷാദൗത്യത്തിനുണ്ട്.








0 comments