വിമാന ദുരന്തത്തിൽ മരണം 290 , ബ്ലാക്ക് ബോക്‍സ് കണ്ടെത്തി , എഎഐബി സംഘമെത്തി

ഇരട്ട എഞ്ചിൻ വീഴ്‌ചയോ, മാനുഷിക പിഴവോ.... അന്വേഷണം തുടങ്ങി

Ahmedabad Plane Crash investigation

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചയാളുടെ ബന്ധു ബിജെ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരയുന്നു

വെബ് ഡെസ്ക്

Published on Jun 14, 2025, 01:27 AM | 2 min read

അഹമ്മദാബാദ്

ഇരട്ട എഞ്ചിൻ വീഴ്‌ചയോ, മാനുഷിക പിഴവോ.... മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ ബ്ലാക്ക്‌ബോക്‌സ്‌ (ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോഡര്‍) കണ്ടെത്തിയതോടെ അതിനുത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ലോകം. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന​ദുരന്തത്തിൽ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റി​ഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങി.


അതിനിടെ അപകടത്തിൽ 290ലധികംപേർ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ മെഡിക്കൽകോളേജ്‌ ഹോസ്‌റ്റലിലും പരിസരത്തും ഉണ്ടായിരുന്ന 49ഓളം പേർ മരിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. തിരിച്ചറിയാനാകത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ച ശേഷമേ ഔദ്യോഗിക കണക്ക്‌ പുറത്തുവിടൂ.


അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിൽ നിര്‍ണായകമായ ബ്ലാക്ക് ബോക്‍സ്‌ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽനിന്നാണ്‌ കണ്ടെത്തിയത്‌. വിമാനത്തിൽ അവസാനനിമിഷങ്ങളിൽ എന്തുസംഭവിച്ചുവെന്നതിൽ ബ്ലാക്ക് ബോക്സിന്റെ വിശദമായ പരിശോധനയില്‍ വ്യക്തമാകും.


അഹമ്മദാബാദിലെത്തിയെ എഎഐബി സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. ​ഗുജറാത്ത് സര്‍ക്കാരിലെ നാൽപ്പതോളം ഉദ്യോ​ഗസ്ഥരും അന്വേഷണത്തിന് സഹായിക്കുന്നുണ്ട്. അമേരിക്കയുടെ ബ്രിട്ടന്റെയും സംഘങ്ങളും അന്വേഷണ രം​ഗത്തുണ്ട്. എൻഐഎ സംഘവും സ്ഥലത്ത് പരിശോധന നടത്തി. മറ്റ് കേന്ദ്ര ഏജൻസികളിലെ ഉദ്യോ​ഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അപകടസാഹചര്യം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉന്നതലതലസമിതിയും രൂപീകരിച്ചു.


ബോയിങ്‌ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക്‌ അധിക സുരക്ഷാപരിശോധനകൾ നടത്തണമെന്ന്‌ എയർഇന്ത്യക്ക് ഡയറക്‌ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിർദേശം നൽകി. വിമാന അപകടവുമായി ബന്ധപ്പെട്ട് എല്ലാവിവരങ്ങളും സുതാര്യമായി കൈമാറുമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ടാറ്റ സൺസ് ചെയര്‍മാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു.


തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

വിമാനത്താവളത്തിൽനിന്ന് 5 കി.മി അകലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസിന് മുകളിൽ വിമാനം പതിക്കുമ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറിലേറെപേരാണ് ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. നാല് മെ‍ഡിക്കൽ വിദ്യാര്‍ഥികള്‍, ഭാര്യമാരടക്കം ആറ് റെസിഡന്റ് ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ എന്നിവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിൽ 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം ഉണ്ടായിരുന്നു. ഇത്രയും ഇന്ധനം കത്തിയമര്‍ന്നതിനാൽ പ്രദേശത്ത് വൻതീപിടിത്തമുണ്ടായി.


പലരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലായതിനാൽ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന തുടങ്ങി. മുഴുവന്‍പേരെയും തിരിച്ചറിയാനായി ദിവസങ്ങളെടുക്കും. തിരിച്ചറിഞ്ഞവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 215 പേരുടെ കുടുംബാം​ഗങ്ങള്‍ സാമ്പിളുകള്‍ നൽകാൻ ആശുപത്രിയിലെത്തി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലവും ബിജെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു. അപകടത്തിൽ മരിച്ച ​ഗുജറാത്ത് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുടെ വീടും സന്ദര്‍ശിച്ചു.


രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദില്‍

അപകടത്തിൽ മരിച്ച യുകെയിലെ നഴ്സായ പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി നായരുടെ ഇളയ സഹോദരൻ രതീഷും അടുത്ത ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിലേക്ക്‌ തിരിച്ചു. രതീഷിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home