ആഭ്യന്തരസെക്രട്ടറി അധ്യക്ഷൻ , മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും
അഹമ്മദാബാദ് വിമാനദുരന്തം ; അന്വേഷണത്തിന് ഉന്നതതല സമിതി

ന്യൂഡൽഹി
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേന്ദ്രആഭ്യന്തരസെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതതല സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം. എയർക്രാഫ്‌റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തുന്ന അന്വേഷണത്തിന് പുറമെയുള്ള കാര്യങ്ങളാണ് സമിതി പരിഗണിക്കുക. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര അഡീഷണൽ സെക്രട്ടറി, ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധി, ദുരന്ത പ്രതികരണ അതോറിറ്റിയുടെ പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമീഷണർ, വ്യോമസേനയുടെ ഡയറക്ടർ ജനറൽ ഓഫ് ഇൻസ്പെക്ഷൻ ആൻഡ് സേഫ്റ്റി, ഡയറക്ടർ ജനറൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, ഐബിയിൽ നിന്നുള്ള സ്‍പെഷ്യൽ ഡയറക്ടർ, ഫോറൻസിക് സയൻസസ് സർവീസസ് ഡയറക്ടർ എന്നിവർ സമിതിയിലുണ്ടാകും. സുരക്ഷാപിഴവുകളും അപകടത്തിന്റെ മറ്റ് തലങ്ങളും പരിശോധിക്കും. മൂന്നുമാസമാണ് അന്വേഷണ സമയം. തിങ്കളാഴ്ച സമിതി യോഗം ചേരും.
ഡിഎൻഎ പരിശോധന 11 പേരെ തിരിച്ചറിഞ്ഞു
ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 11പേരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇതില്‍ ഒരു മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി. മറ്റുള്ളവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഞായറാഴ്‌ച കൈമാറുമെന്നും അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനിഷ് പട്ടേൽ പറഞ്ഞു. ഡിഎൻഎ പരിശോധനകൂടാതെ തിരിച്ചറിയാനായ എട്ട് മൃതദേഹങ്ങളും കൈമാറി. പൂർണ്ണമായി കത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാനാണ് ബന്ധുക്കളുടെ ഡിഎൻഎ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്നത്.
സിവിൽ ആശുപത്രിയിൽ ശേഖരിക്കുന്ന ഡിഎൻഎ സാമ്പിൾ അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ഫോറൻസിക് സയൻസ് ലബോറട്ടിയിലാണ് (എഫ്‌എസ്‌എൽ) പരിശോധിക്കുന്നത്. ഒരു സാമ്പിൾ പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണം. കൊല്ലപ്പെട്ട 220 പേരുടെ ബന്ധുക്കൾ വെള്ളിയാഴ്‌ചവരെ ഡിഎൻഎ സാമ്പിളുകൾ നൽകാനായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 270മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഉള്ളത്.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചു. ഹോസ്‌റ്റലിലും പരിസരത്തും ഉണ്ടായിരുന്ന 49ഓളംപേർ ഉൾപ്പെടെ ആകെ 290 പേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.









0 comments