വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് ബ്രിട്ടൻ

ആകാശ ദുരന്തം ; നടുങ്ങി ഇന്ത്യ, 
അനുശോചിച്ച് 
ലോകരാഷ്‌ട്രങ്ങൾ

Ahmedabad Plane Crash
വെബ് ഡെസ്ക്

Published on Jun 13, 2025, 03:13 AM | 2 min read


മോസ്‌കോ

അഹമ്മദാബാദിലെ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച്‌ ലോകരാഷ്‌ട്രങ്ങൾ. അപകടത്തിൽ അഗാധ ദുഃഖിതനാണെന്നും ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹൃദയപൂർവമായ അനുശോചനം അറിയിക്കുന്നുവെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.


ബ്രിട്ടീഷ്‌ രാജാവ് ചാൾസ് മൂന്നാമനും പ്രധാനമന്ത്രി കിയർ സ്റ്റാമറും ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സംഭവമറിഞ്ഞ്‌ താനും ഭാര്യ കാമിലയും നടുങ്ങിയെന്ന് ചാൾസ് രാജാവ് പറഞ്ഞു. ദുരന്തത്തിനിരയായ എല്ലാവരുടെയും കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുണ്ടെന്ന്‌ ബക്കിങ്‌ കൊട്ടാരത്തിൽനിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സമയത്ത് തന്റെ ചിന്തകൾ യാത്രക്കാരോടും കുടുംബങ്ങളോടും ഒപ്പമുണ്ടെന്ന്‌ പ്രധാനമന്ത്രി സ്റ്റാമർ പറഞ്ഞു. ബ്രിട്ടീഷ്‌ വിദേശകാര്യ ഓഫീസ് ഡൽഹിയിലും ലണ്ടനിലും പ്രതിസന്ധി പരിഹാരസംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്ന് വിദേശ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.


ദുഃഖത്തിന്റെ നിമിഷത്തിൽ യൂറോപ്പ് ഇന്ത്യയിലെ ജനങ്ങളോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചനസന്ദേശമയച്ചു.


കനേഡിയൻ പൗരനും ഉൾപ്പെട്ട അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ തകർന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേ,മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഉക്രയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജർമൻ വിദേശമന്ത്രി ജോഹാൻ വാദെഫുൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു.


എയർ ഇന്ത്യ വിമാനാപകടത്തിൽ പാകിസ്ഥാൻ ദുഃഖം രേഖപ്പെടുത്തി. ദാരുണമായ അപകടത്തിൽ ദുഃഖിതനാണെന്നും ഹൃദയഭേദകമായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഉണ്ടെന്നും പാക്‌ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.


വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് ബ്രിട്ടൻ

അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച്‌ ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനായി വിദഗ്‌ധ അന്വേഷണസംഘത്തെ ഇന്ത്യയിലേക്ക് നിയോഗിക്കുമെന്ന് വിമാന അപകടങ്ങൾ അന്വേഷിക്കുന്ന ബ്രിട്ടീഷ് ഏജൻസി അറിയിച്ചു.


ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ഔപചാരികമായി സഹായം വാഗ്ദാനം ചെയ്തതായി എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) അറിയിച്ചു. വിമാനത്തിൽ ബ്രിട്ടീഷ്‌ പൗരർ ഉണ്ടായിരുന്നതിനാൽ ഇന്ത്യൻ അന്വേഷണത്തിൽ തങ്ങൾക്ക് വിദഗ്ധ പദവി ഉണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു.


അമേരിക്കൻ അന്വേഷണസംഘം സജ്ജമെന്ന്‌ സിവിൽ വ്യോമയാന അപകടങ്ങൾ അന്വേഷിക്കുന്ന യുഎസ്‌ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി).


അന്താരാഷ്ട്ര സംഭവം നടക്കുമ്പോൾ അതത്‌ സർക്കാരാണ്‌ അന്വേഷണത്തിന് നേതൃത്വം നൽകുക. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിന്‌ സഹായം അഭ്യർഥിച്ചാൽ എൻ‌ടി‌എസ്‌ബിയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധി.







deshabhimani section

Related News

View More
0 comments
Sort by

Home