Deshabhimani

അഹമ്മദാബാദ്‌ വിമാന ദുരന്തം ; ബോയിങ്‌ സംഘം എത്തി

boeing team
വെബ് ഡെസ്ക്

Published on Jun 16, 2025, 04:17 AM | 2 min read

ന്യൂഡൽഹി

അഹമ്മദാബാദിൽ വിമാനം തകർന്നുവീണസ്ഥലം ബോയിങ്‌ കമ്പനി അധികൃതർ ഞായറാഴ്‌ച സന്ദർശിച്ചു. കമ്പനി അധികൃതർക്ക്‌ പുറമേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. അപകടകാരണം സംബന്ധിച്ച്‌ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരിശോധനയും നടത്തി. എൻജിൻ പ്രവർത്തനം, ഫ്ലാപ്പുകളുടെയും ലാൻഡിങ്‌ ഗിയറുകളുടെയും പ്രവർത്തനം, കോക്‌പിറ്റ്‌ വോയിസ്‌ റെക്കൊർഡർ, സെൻസർ ഡേറ്റയുടെ വിശകലനം എന്നിവയ്‌ക്ക്‌ പുറമേ ഏതെങ്കിലും യന്ത്രഭാഗങ്ങൾ തകരാറായിരുന്നോ എന്നും ബോയിങിന്റെ വിദഗ്‌ധ സമിതി പരിശോധിക്കുന്നുണ്ട്‌. കമ്പനിയുടെ സാങ്കേതിക സഹായം എയർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വ്യോമയാന മന്ത്രാലയം രൂപം നൽകിയ ഉന്നതതല അന്വേഷണ സമിതിയുമായും ബോയിങ്‌ സഹകരിക്കും. അതീവ രഹസ്യസ്വഭാവത്തോടെയാണ്‌ അപകടസ്ഥലം ബോയിങിന്റെ ഏഴംഗ സംഘം പകൽ രണ്ടിന്‌ പരിശോധിച്ചത്‌. പ്രദേശം പൊലീസ്‌ വലയത്തിലാക്കിയ ശേഷം മാധ്യമങ്ങളെയും അകറ്റി നിർത്തി.


അതിനിടെ ബ്രിട്ടീഷ്‌ സർക്കാരിന്റെ എയർ ആക്‌സിഡന്റ്‌ ഇൻവസ്‌റ്റിഗേഷൻ ബ്രാഞ്ചിന്റെ വിദഗ്‌ധ സമിതി ഇന്ത്യയിൽ എത്തിയതായി ബ്രിട്ടീഷ്‌ ഹൈക്കമീഷൻ അറിയിച്ചു. ഇന്ത്യ നടത്തുന്ന അന്വേഷണത്തെ സഹായിക്കാനാണ്‌ സംഘമെത്തിയത്‌. ദുരന്തസ്ഥലവും സന്ദർശിക്കും. ദുരന്തത്തിൽ 53 ബ്രിട്ടീഷ്‌ പൗരർ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിൽ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ്‌കുമാർ രമേശും ബ്രിട്ടീഷ്‌ പൗരനാണ്‌.


സാങ്കേതിക പ്രശ്‌നങ്ങൾ 
ഉണ്ടായിരുന്നില്ലെന്ന്‌

വിമാനത്തിന്‌ കാര്യമായ സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലന്ന്‌ അധികൃതരെ ഉദ്ധരിച്ച്‌ റഷ്യൻ മാധ്യമമായ ‘ആർടി’ അവകാശപ്പെട്ടു. വിമാനത്തിന്റെ വലുതുവശത്തെ ‘ജെൻഎക്‌സ്‌’ എഞ്ചിൻ മാർച്ചിലും ഇടതുവശത്തേത്‌ ഏപ്രിലിലും പരിശോധിച്ച്‌ അവശ്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ലാൻഡിങ്‌ ഗിയറടക്കം പ്രധാന ഭാഗങ്ങൾ പരിശോധിച്ചുവെങ്കിലും എഞ്ചിനും വിമാനത്തിന്റെ ഘടനയിലും പ്രധാന പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. 2023 ജൂണിലാണ്‌ വിമാനത്തിൽ അവസാനമായി സമഗ്ര പരിശോന( സി–-ചെക്ക്‌) നടത്തിയത്‌. അടുത്തത്‌ ഈ വർഷം ഡിസംബറിലായിരുന്നു ഷെഡ്യൂൾ ചെയ്‌തിരുന്നതെന്നും -റിപ്പോർട്ടിൽ പറഞ്ഞു.


ഉന്നതതല അന്വേഷണ 
സമിതിയുടെ ആദ്യയോഗം ഇന്ന്‌

അഹമ്മദാബാദ്‌ വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രവ്യോമയാന മന്ത്രാലയം കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ്‌ മോഹന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യയോഗം തിങ്കളാഴ്‌ച ചേരും. ഡൽഹിയിലായിരിക്കും യോഗം. ചെയർമാന്‌ പുറമേ ആഭ്യന്തരകാര്യ അഡീഷണൽ സെക്രട്ടറി, വ്യോമയാന മന്ത്രാലയം, ഗുജറാത്ത് സർക്കാർ പ്രതിനിധി, ഡിജിസിഎ, വ്യോമസേന, ഇന്റലിജൻസ് ബ്യൂറോ, സംസ്ഥാന ദുരന്ത പ്രതികരണ അതോറിറ്റി, ദേശീയ, സംസ്ഥാന ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരുമുണ്ട്‌. അപകടസ്ഥലം സന്ദർശിക്കുന്നതിൽ തീരുമാനം തിങ്കളാഴ്‌ചയുണ്ടായേക്കും. മൂന്നുമാസത്തിനകം റിപ്പോർട്ട്‌ നൽകണം. ബോയിങ്‌ കമ്പനിയുടെയും ബ്രിട്ടീഷ്‌ സർക്കാരിന്റെ ഏജൻസിയുടേയും സഹായം സ്വീകരിക്കണമോ എന്നതിലും സമിതിയാണ്‌ തീരുമാനമെടുക്കുക.


അപകടത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കുക, വീഴ്‌ചകളുണ്ടായിട്ടുങ്കിൽ കണ്ടെത്തുക, സർട്ടിഫിക്കേഷൻ സംവിധാനം, അടിയന്തര പ്രതികരണ പ്രോട്ടോക്കോൾ, ക്രൂ പരിശീലനം, എയർ ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല പരിഷ്കാരം ശുപാർശ ചെയ്യൽ എന്നിവയാണ്‌ സമിതി ചെയ്യേണ്ടത്‌.


ബന്ധമില്ലെന്ന്‌ 
തുർക്കിയ കമ്പനി

ബോയിങ്‌ 787 –- 8,9 ഡ്രീംലൈനർ വിമാനങ്ങളുടെ അറ്റകുറ്റപണികളുമായി ബന്ധമുണ്ടെന്ന വാദം നിഷേധിച്ച്‌ തുർക്കിയ. തകർന്ന വിമാനത്തിന്റെ അറ്റകുറ്റപണി നടത്തിയത്‌ ടർക്കിഷ്‌ ടെക്നിക്‌ എന്ന സ്ഥാപനമാണെന്ന വാദം തുർക്കിയ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിങ്‌ ഡിസ്‌ഇൻഫർമേഷൻ തള്ളി. എയർ ഇന്ത്യയുമായുള്ള അറ്റകുറ്റപ്പണി കരാറിൽ ബോയിങ്‌ 777 വിമാനം മാത്രമേ ഉൾപ്പെടുന്നുള്ളു. ഇന്ത്യ–-തുർക്കിയ ബന്ധത്തെ മുൻനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ വാദം. തുർക്കിയയെ പ്രതിനിധീകരിക്കുന്ന മുൻനിര ബ്രാൻഡുകളെ തകർക്കാനുള്ള ശ്രമങ്ങളെ നിരീക്ഷിക്കുമെന്നും അവർ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.


എയർ ഇന്ത്യ വിമാനത്തിൽ 
5 മണിക്കൂർ എസി പ്രവർത്തിച്ചില്ല

സാങ്കേതിക തകരാറിനെ തുടർന്ന്‌ അഞ്ചു മണിക്കൂറിലേറെ ടേക്ക്‌ഓഫ്‌ വൈകിയ ദുബായ്‌–- രാജസ്ഥാൻ എയർ ഇന്ത്യ വിമാനത്തിൽ എസി പ്രവർത്തിച്ചില്ല. ദുബായിലെ കനത്ത ചൂടിൽ ദുരിതത്തിലായെന്ന്‌ ചൂണ്ടിക്കാട്ടി യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചു. 40 ഡിഗ്രി സെൽഷ്യസ്‌ താപനിലയിൽ വെള്ളം ഉൾപ്പെടെയുള്ള ആവശ്യവസ്‌തുക്കൾ പോലും കിട്ടിയില്ലെന്നും യാത്രക്കാർ പറഞ്ഞു. വെള്ളി വൈകിട്ട്‌ 7.25ന്‌ ടേക്ക്‌ഓഫ്‌ ചെയ്യേണ്ട എയർഇന്ത്യ വിമാനം 12.45നാണ്‌ പുറപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home