പറന്നുയര്‍ന്ന് ആദ്യ മിനിറ്റിൽ അപകടം: വ്യോമയാന സെക്രട്ടറി

ന്യൂഡൽഹി
അപകടത്തിൽപെട്ട വിമാനത്തിൽ നിന്ന് അപായ സന്ദേശം ലഭിച്ച ഉടനെ എയർ ട്രാഫിക് കൺട്രോൾ ബന്ധപ്പെട്ടെന്നും മറുപടി വന്നില്ലെന്നും വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ. ‘ഉച്ചയ്ക്ക് 1.39ന് ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് അഹമ്മദാബാദ് എടിസിയിലേക്ക് ‘മെയ് ഡേ’ സന്ദേശം നൽകി. തിരിച്ചു ബന്ധപ്പെട്ടപ്പോൾ ഒരു പ്രതികരണവും ലഭിച്ചില്ല.
കൃത്യം ഒരു മിനിറ്റിനുശേഷം വിമാനത്താവളത്തിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ വിമാനം തകർന്നുവീണു. 650 അടി ഉയരത്തിലെത്തിയ ശേഷം വിമാനം താഴേക്ക് പതിക്കുകയായിരുന്നു. പാരീസ്–- ഡൽഹി –- അഹമ്മദാബാദ് സർവീസ് ഒരു പ്രശ്നവുമില്ലാതെ പൂർത്തിയാക്കിയ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും സമീർ കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
വീഡിയോ ചിത്രീകരിച്ച യുവാവ് സാക്ഷി
വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച പതിനേഴുകാരന്റെ മൊഴി രേഖപ്പെടുത്തി. അപകടത്തിൽ യുവാവിനെ സാക്ഷിയാക്കിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. സ്ഥിരമായി വിമാനങ്ങളുടെ വീഡിയോ ആര്യൻ ചിത്രീകരിക്കാറുണ്ട്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിന്റെ ദൃശ്യം ആര്യൻ ചിത്രീകരിക്കുന്നതിനിടെയാണ് വൻ ദുരന്തമുണ്ടായത്. സംഭവത്തിൽ യുവാവിനെ അറസ്‌റ്റുചെയ്‌തെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവം കണ്ട് ആര്യൻ ഭയന്നതോടെ അന്ന് ഉറങ്ങാനായില്ലെന്നും ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന തോന്നലിലാണെന്നും സഹോദരി പറഞ്ഞു.









0 comments