അഹമ്മദാബാദ് വിമാന ദുരന്തം; കുറ്റം പൈലറ്റുമാർക്ക്


അഖില ബാലകൃഷ്‌ണൻ
Published on Jul 12, 2025, 11:13 PM | 1 min read
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൈലറ്റുമാരെ പ്രതിക്കൂട്ടിൽ നിർത്തി ബോയിങ്ങിനും ജിഇ എയ്റോസ്‌പേസിനും ക്ലീൻ ചീറ്റ് നൽകി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫായതാണ് അപകട കാരണമെന്ന് എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക കണ്ടെത്തല്‍. വിമാന നിർമാതാക്കളായ ബോയിങ്ങിനോ എൻജിൻ നിർമാതാക്കളായ ജിഇ എയ്റോസ്‌പേസിനോ ഉത്തരവാദിത്തമൊന്നുമില്ലെന്നാണ് റിപ്പോർട്ടിലെ നിഗമനം.
പറക്കുന്നതിനിടെ അബദ്ധത്തിൽപ്പോലും പൈലറ്റിന് ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കാനാകില്ലെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്‌നമോ, തകരാറിനെ തുടർന്ന് വൈദ്യുതി നിലച്ചതോ ആകാം ഫ്യുവല്‍ സ്വിച്ചുകൾ ഓഫാകാൻ ഇടയാക്കിയതെന്നാണ് വിദഗ്‌ധരുടെ നിഗമനം. ഈ സാധ്യത റിപ്പോർട്ട് ‘കുറ്റവിമുക്തരാക്കിയ’ ഇരു കമ്പനികളിലേക്കും വിരൽചൂണ്ടുന്നതാണ്. അപ്രതീക്ഷിതമായാണ് ഫ്യുവല്‍ സ്വിച്ചുകൾ ഓഫായതെന്ന് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പൈലറ്റുമാരുടെ സംഭാഷണവും വ്യക്തമാക്കുന്നു. ഇന്ധന സ്വിച്ചുകൾ എന്തിനാണ് ‘കട്ട് ഓഫ്’ ചെയ്‌തതെന്ന് ചോദിക്കുന്നതും താൻ ഓഫ് ചെയ്‌തില്ലെന്ന് മറുപടി പറയുന്നതുമായ പൈലറ്റുമാരുടെ സംഭാഷണമടങ്ങുന്നതാണ് കോക്‌പിറ്റ് ശബ്‌ദരേഖ. 15 പേജുള്ള റിപ്പോർട്ടിൽ ഈ സംഭാഷണം മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഫ്യുവൽ സ്വിച്ചുകൾ ഓഫായതാണ് അപകട കാരണമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടുചെയ്‌തിരുന്നു. അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങൾക്ക് എങ്ങനെ വിശദാംശങ്ങൾ ലഭിച്ചു എന്നതിലും വിശദീകരണമില്ല. ബോയിങ്ങിനെയും ജിഇയെയും സംരക്ഷിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുവെന്ന വിമർശം ശക്തമാണ്.
ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള എയർഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന് സെക്കന്റുകൾക്കുള്ളിൽ തകർന്നത്. സഹപൈലറ്റായ ക്ലൈവ് സുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ് ഇൻ കമാൻഡായ സുമിത് സബർവാളിന് നിരീക്ഷണ ചുമതലയായിരുന്നു. 229 യാത്രക്കാരും 12 ക്രൂ അംഗങ്ങളും പ്രദേശത്തുണ്ടായിരുന്ന 19 പേരും അടക്കം 260 പേർ മരിച്ചു.









0 comments