വിവാഹവാഗ്ദാനം നൽകി യുപിയിലെ പൊലീസ് കോൺസ്റ്റബിൾ പറ്റിച്ചു; യുവതി ആത്മഹത്യ ചെയ്തു

യുവതി പങ്കുവച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നു്.
ആഗ്ര: ആഗ്രയിൽ പൊലീസ് കോൺസ്റ്റബിളിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് യുവതി ആത്മഹത്യ ചെയ്തു. വിവാഹവാഗ്ദാനം നൽകി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. താജ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെ വി ഗൗതമിനെതിരെയാണ് യുവതി രംഗത്തെത്തിയത്. നാല് വർഷമായി ഇവർ ലിവിംഗ് ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്ന് യുവതി ആരോപിച്ചു.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ഭാര്യയെപ്പോലെ തന്നെ നിർത്തിയെന്നും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. ഈ കാലയളവിൽ ശാരീരികമായും മാനസികമായും പീഡനമനുഭവിച്ചതായി യുവതി ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും കോൺസ്റ്റബിൾ രക്ഷപ്പെടുമെന്നും തന്നോട് പറഞ്ഞതായി യുവതി വീഡിയോകളിൽ പറഞ്ഞു.
'ഗൗതമിന്റെ ചേട്ടൻ എന്നോട് കല്യാണം കഴിക്കാൻ പറയുന്നു. എന്നാൽ, ഗൗതം പറയുന്നത് അവന്റെ വീട്ടുകാർ സമ്മതിക്കില്ലെന്നാണ്. കല്യാണം കഴിക്കില്ലെങ്കിൽ വേണ്ട, പക്ഷേ ഒരു പെൺകുട്ടിയെയും ഇങ്ങനെ വഞ്ചിക്കരുത്,' യുവതി വീഡിയോയിൽ പറഞ്ഞു.
'എന്റെ മരണത്തിന് കാരണം ഗൗതമും അവന്റെ കുടുംബവുമാണ്. അവർ എന്നെ വല്ലാതെ വട്ടംചുറ്റിച്ചു, മാനസികമായി അത്രത്തോളം പീഡിപ്പിച്ചു. ഒടുവിൽ മരിക്കാൻ അല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയിലെത്തിച്ചു,' എന്ന് യുവതി കൂട്ടിചേർത്തു. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ച ശേഷം അയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും യുവതി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നീതിക്കായി യുവതി വീഡിയോയിൽ അഭ്യർത്ഥിച്ചു. ജീവിച്ചിരുന്നപ്പോൾ തനിക്ക് നീതി ലഭിച്ചില്ലെന്നും മരണശേഷമെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവതി പറഞ്ഞു. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺസ്റ്റബിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു.










0 comments