ad
Deshabhimani

പച്ചകുത്തിയ പേരും മദ്യക്കുപ്പിയിലെ ക്യുആർ കോഡും; ആഗ്രയിലെ കൊലപാതകം ചുരുളഴിഞ്ഞതിങ്ങനെ..

agra

അറസ്റ്റിലായ പ്രതികൾ

വെബ് ഡെസ്ക്

Published on Apr 05, 2026, 01:13 PM | 1 min read

ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഭാര്യയും ആൺസുഹൃത്തും പിടിയിൽ. ആഗ്ര സ്വദേശിയായ ലോകേന്ദ്രയാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ലോകേന്ദ്രയുടെ ഭാര്യ, ആൺസുഹൃത്ത് മഹേഷ് പ്രജാപതി, സുഹൃത്ത് ധരംവീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഏപ്രിൽ ഒന്നിന് രാത്രിയാണ് പകുതി കത്തിയ നിലയിൽ ലോകേന്ദ്രയുടെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. മുഖം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കൈത്തണ്ടയിൽ സ്വന്തം പേര് പച്ചകുത്തിയത് കേസിൽ വഴിത്തിരിവായി. കൈയിൽ സ്വന്തം പേര് തന്നെയാണ് ഇയാൾ ടാറ്റൂ ചെയ്തിരുന്നത്. ഇതിനിടെ ലോകേന്ദ്രയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയും ടാറ്റൂവും ഒത്തുനോക്കിയതോടെയാണ് കൊല്ലപ്പെട്ടത് ലോകേന്ദ്രയാണെന്ന് സ്ഥിരീകരിച്ചത്.


മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും പൊലീസിന് ഒരു ഒഴിഞ്ഞ മദ്യക്കുപ്പി ലഭിക്കുന്നു. ഈ കുപ്പിയിലെ ക്യൂആർ കോഡിലൂടെ മദ്യംവിറ്റ മദ്യവിൽപ്പനശാല ഏതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ലോകേന്ദ്രയും മറ്റു രണ്ടുപേരും മദ്യം വാങ്ങാനെത്തിയതിന്റെ ദൃശ്യം ലഭിച്ചു. ലോകേന്ദ്രയ്‌ക്കൊപ്പം മദ്യശാലയിലെത്തിയത് മഹേഷും ധരംവീറും ആണെന്ന് വ്യക്തമായതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.


ലോകേന്ദ്രയുടെ ഭാര്യയുമായി മഹേഷിന് ബന്ധമുണ്ടായിരുന്നതായും ഇത് ലോകേന്ദ്ര എതിർത്തതും മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം ലോകേന്ദ്ര വീട്ടിൽ നിന്നിറങ്ങിയ വിവരം ഭാര്യ മഹേഷിനെ വിളിച്ചറിയിച്ചു. തുടർന്ന് മദ്യപിക്കാനെന്ന വ്യാജേന മഹേഷും സുഹൃത്തും ചേർന്ന് ലോകേന്ദ്രയെ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home