അഗ്നീവീറിന്റെ അമ്മ കോടതിയില്‍ ; മരണാനന്തര ആനുകൂല്യത്തിൽ വിവേചനം ഒഴിവാക്കണം
print edition കരസേനയിൽ 2 ലക്ഷം സൈനികരുടെ കുറവ് ; അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് ഉയർത്തും

ന്യൂഡൽഹി
സൈനികരുടെ എണ്ണത്തിൽ ഗുരുതരമായ കുറവ് നിലനിൽക്കെയാണ് ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സൈനികനടപടികളിലേക്ക് കടക്കേണ്ടിവന്നതെന്ന് വെളിപ്പെടുത്തൽ. കരസേനയിൽ മാത്രം നിലവിൽ 1.8 ലക്ഷം സൈനിക തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ ദിനപത്രം റിപ്പോർട്ടുചെയ്‌തു. ഗുരുതര ആള്‍ക്ഷാമം മുൻനിർത്തി കരാർ സൈനികരായ അഗ്‌നിവീറുകളുടെ റിക്രൂട്ട്‌മെന്റ് പ്രതിവർഷം ഒരു ലക്ഷത്തിലേറെയായി വർധിപ്പിക്കാനാണ് കരസേനയുടെ ആലോചന.
നിലവിൽ പ്രതിവർഷം 45,000–50,000 അഗ്‌നിവീറുകളെയാണ് നാലുവർഷ കാലാവധിയിൽ തെരഞ്ഞെടുക്കുന്നത്. പ്രതിവർഷം ശരാശരി 60,000–65,000 സൈനികര്‍ വിരമിക്കുന്നു. കോവിഡ് കാലയളവിൽ 2020–22ൽ കരസേനയിൽ കാര്യമായ റിക്രൂട്ട്‌മെന്റുണ്ടായില്ല. ഇൗ കാലയളവിലും 65,000 വീതം സൈനികർ പ്രതിവർഷം വിരമിച്ചു. സൈനിക തസ്‌തികകളിലെ ഒഴിവ് രണ്ടുലക്ഷത്തിനടുത്തേക്ക് വർധിക്കാനിത് ഇടയാക്കി.
ചെലവുചുരുക്കലെന്ന പേരിൽ സൈനികസേവനത്തെ വെറും കരാർ ജോലിയാക്കി ചുരുക്കിയുള്ള അഗ്‌നിപഥ് പദ്ധതിക്ക് മോദി സർക്കാർ തുടക്കമിട്ടത് 2022 പകുതിയിലാണ്. മൂന്ന് സേനകളിലുമായി 46,000 തസ്‌തികകളിലേക്കായിരുന്നു അഗ്‌നിവീർ നിയമനം. ഇതിൽ നാൽപ്പതിനായിരവും കരസേനയിൽ. ഘട്ടംഘട്ടമായി റിക്രൂട്ട്‌മെന്റ് വർധിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും നടപ്പാക്കിയില്ല. 2022ൽ അഗ്‌നിവീർ തസ്‌തികകളിൽ കയറിയവർ അടുത്ത വർഷം വിരമിച്ചുതുടങ്ങും. സൈനിക തസ്‌തികകളിലെ കുറവ് വീണ്ടും ഉയരാൻ ഇതിടയാക്കും. റിക്രൂട്ട്‌മെന്റ് പ്രതിവർഷം ഒരു ലക്ഷത്തിലേക്ക് ഉയർത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. എന്നാൽ വിവിധ റെജിമെന്റുകളിലെ പരിശീലനസൗകര്യവും മറ്റും പരിഗണിച്ചേ വിപുലമായ റിക്രൂട്ട്‌മെന്റിലേക്ക് കടക്കാനാകൂ. നാവികസേനയിലും വ്യോമസേനയിലും റിക്രൂട്ട്മെന്റ് വര്‍ധിപ്പിക്കും.
അഗ്നീവീറിന്റെ അമ്മ കോടതിയില്‍ ; മരണാനന്തര ആനുകൂല്യത്തിൽ വിവേചനം ഒഴിവാക്കണം
മരിച്ച സൈനികരുടെ കുടുംബത്തിന് ആനുകൂല്യം നല്‍കുന്നതില്‍ അഗ്നിവീറുകളുടെ കുടുംബങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അഗ്നിവീറിന്റെ അമ്മ. ജമ്മു കശ്‌മീരിലെ പൂഞ്ചിലുണ്ടായ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച അഗ്നിവീർ എം മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായി ശ്രീറാം നായിക്കാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. യുദ്ധമുഖത്ത് ജീവൻ ബലിയർപ്പിച്ച ആദ്യ അഗ്നിവീറായിരുന്നു മുരളി നായിക്.
സാധാരണ സൈനികരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതുപോലെ കുടുംബങ്ങൾക്ക് ദീർഘകാല പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിന്റെ ഭാഗമായവര്‍ക്ക് നിഷേധിക്കുന്നത് വിവേചനപരമാണ്. സമാന ചുമതലകൾ നിർവഹിക്കുകയും സമാനമായ അപകടസാധ്യതകൾ നേരിടുകയും ചെയ്യുന്ന രണ്ട് വിഭാഗം സൈനികർക്കിടയിൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ അഭികാമ്യമല്ലാത്ത തരംതിരിവ് വരുത്തുന്നത് ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന സമത്വം, ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വീരമൃത്യു വരിക്കുന്ന അഗ്നിവീറുകളുടെ കുടുംബങ്ങൾക്ക് സാധാരണ സൈനികരുടേതിന് തുല്യമായ ആനുകൂല്യം നല്‍കണമെന്ന് 2024ല്‍ പാർലമെന്ററി സമിതി ശുപാര്‍ശ ചെയ്‌തിരുന്നു.










0 comments