print edition രാജിവരെ പ്രക്ഷോഭം

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ പ്രക്ഷോഭം തുടരുന്ന യുവാക്കൾ
കെ പി അക്ഷയ്
Published on Jul 25, 2026, 01:31 AM | 1 min read
ന്യൂഡൽഹി : സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും കൊളുത്തിവിട്ട പ്രക്ഷോഭത്തീ രാജ്യമാകെ പടർന്നതോടെ നിലപാടില്‍ അയവ് വരുത്തി കേന്ദ്രസർക്കാർ. ജന്തർമന്തറിലേക്ക് പതിനായിരങ്ങൾ അണിമുറിയാതെ ഒഴുകിയതോടെ രണ്ട് പ്രധാന ആവശ്യം അംഗീകരിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. എന്നാൽ, ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന പ്രധാന ആവശ്യം അംഗീകരിക്കാത്തതിനാൽ പ്രക്ഷോഭം തീവ്രമാകും. 26 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്‌ച രാത്രി വൈകി സോനം വാങ്‌ചുക് അവസാനിപ്പിച്ചിരുന്നു.
ചോദ്യച്ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്‌ത കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ നൽകാമെന്നും പ്രതിഷേധക്കാർക്കെതിരെ നിയമനടപടി എടുക്കില്ലെന്നും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ചർച്ചയിൽ കേന്ദ്രം ഉറപ്പുനൽകി. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി വക്താക്കളായ അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരുമായാണ് ചർച്ച നടത്തിയത്. പ്രധാൻ രാജിവയ്‌ക്കുന്നതിൽ തീരുമാനമെടുക്കാൻ ശനിയാഴ്‌ച വരെ സമയം അനുവദിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. ചർച്ച ശനിയാഴ്‌ചയും തുടരും. എൻടിഎ ഉദ്യോഗസ്ഥരായ 47 പേരെ നീക്കിയെന്നും റിപ്പോർട്ടുണ്ട്. ചോദ്യചോർച്ച കേസുകളിൽ ശിക്ഷ കടുപ്പിച്ചുള്ള ഭേദഗതി ബില്ലിന് വെള്ളിയാഴ്‌ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായുള്ള ചർച്ചയ്‌ക്ക് ശേഷം വ്യാഴാഴ്‌ച രാത്രി ഏറെ വൈകിയാണ് വാങ്‌ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടികളും കേസുമുണ്ടാകില്ല. ആത്മഹത്യചെയ്‌തവരുടെ കുടുംബങ്ങൾക്ക് ധനസഹായം, പാർലമെന്റിൽ വിശദചർച്ച, സംഭവിച്ച കാര്യങ്ങൾക്ക് പൂർണ ഉത്തരവാദിത്വം എന്നീ ഉറപ്പുകളാണ് കേന്ദ്രം രേഖാമൂലം നൽകിയത്. രാജി സംബന്ധിച്ച് ഉറപ്പുനൽകാൻ സർക്കാരിന് സാധിച്ചില്ലെന്ന് വാങ്‌ചുക് പറഞ്ഞു.










0 comments