അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതർക്ക് സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതർക്ക് സഹായവുമായി ഇന്ത്യ. ദുരന്തഭൂമിയിലേക്ക് അടിയന്തിരമായി 1,000 ടെന്റുകൾ കൈമാറിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ചെന്നും അനുശോചനം രേഖപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സഹായങ്ങളെത്തിക്കുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചു.
കാബൂളിൽ നിന്ന് കുനാറിലേക്ക് 15 ടൺ ഭക്ഷണ സാധനങ്ങൾ കൂടി ഇന്ത്യ ഇന്നെത്തിക്കും. നാളെ മുതൽ കൂടുതൽ സഹയങ്ങളെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനുണ്ടായ ഭുകമ്പത്തിലും നഷ്ടത്തിലും അതീവ ദുഖിതനാണെന്നും ദുരന്തബാധിതർക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ദുരന്തത്തിൽ മരണം 800 കവിഞ്ഞു. 2500ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ ഭൂചലനത്തിൽ തകർന്നു. പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് ആണ് 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിനടുത്ത് എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്.
ആദ്യം ഭൂചലനമുണ്ടായി ഏകദേശം 20 മിനിറ്റിനുശേഷം അതേ പ്രവിശ്യയിൽ രണ്ടാമതും ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലുള്ളതായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയിൽ ഡൽഹിയിലും ഉണ്ടായി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയുടെ അതിർത്തിയിലും നാശനഷ്ടങ്ങളുണ്ടായി.








0 comments