print edition സൈനിക സ്കൂളും അദാനിക്ക്

ന്യൂഡൽഹി: സൈന്യത്തിലേക്ക് യുവജനങ്ങളെ വാർത്തെടുക്കുന്ന സൈനിക സ്‌കൂളുകളുടെ നടത്തിപ്പും കോർപ്പറേറ്റുകൾക്ക് തീറെഴുതി മോദി സർക്കാർ. അദാനി ഗ്രൂപ്പിന് സൈനിക സ്‌കൂൾ നടത്താൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ആന്ധ്രാപ്രദേശിലെ അദാനി വേൾഡ് സ്‌കൂളിനാണ് അംഗീകാരം.
നെല്ലൂർ ജില്ലയിലെ കൃഷ്ണപട്ടണം തുറമുഖത്തിന് സമീപമാണ് അദാനി സ്‌കൂൾ പ്രവർത്തിക്കുന്നത്. അദാനി ഗ്രൂപ്പാണ് ഇൗ തുറമുഖവും നിയന്ത്രിക്കുന്നത്. അദാനി കമ്മ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷന് കീഴിലാണ് സ്‌കൂളിന്റെ പ്രവർത്തനം. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയാണ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ.
സൈന്യത്തെ സംഘപരിവാർവൽക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് നീക്കമെന്ന വിമർശം ശക്തമായി. സൈന്യത്തിന്റെ മതനിരപേക്ഷ സ്വഭാവം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തം. സൈനിക സ്‌കൂളിന്റെ നടത്തിപ്പാവകാശം ലഭിച്ചതോടെ വലിയ സാന്പത്തിക സഹായം സർക്കാരിൽ നിന്ന് അദാനി ഗ്രൂപ്പിന് ലഭിക്കും.
വർഷം പത്തുലക്ഷം രൂപ വീതം പരിശീലന ഗ്രാന്റ് സ്‌കൂളിന് നൽകും. വിദ്യാർഥികളുടെ വാർഷിക ഫീസിന്റെ 50 ശതമാനം സർക്കാർ വഹിക്കും. ഇൗയിനത്തിൽ പ്രതിവർഷം സ്‌കൂളുകൾക്ക് 1.2 കോടി രൂപ ധനസഹായം സർക്കാരിൽനിന്ന് ലഭിക്കും. ഇതിനുപുറമെ വാർഷിക ഫീസായി രണ്ടര ലക്ഷം രൂപ വരെ വിദ്യാർഥികളിൽ നിന്ന് സ്‌കൂളുകൾ വാങ്ങുന്നുണ്ട്.
2021ലാണ് സൈനിക സ്‌കൂൾ നടത്താൻ സ്വകാര്യ കന്പനികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുന്നത്. ആ വർഷത്തെ ബജറ്റിൽ 100 സൈനിക സ്‌കൂളുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്ന 40 സ്‌കൂളിൽ 25 എണ്ണവും( 62 ശതമാനം) ലഭിച്ചിരിക്കുന്നത് സംഘപരിവരാർ കൂട്ടാളികൾക്കാണ്.
മലേഗാവ് സ്‌ഫോടനത്തിലെ പ്രതികൾക്ക് പരിശീലനം നൽകിയതിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള നാഗ്പുരിലെ ഭോൻസാല മിലിട്ടറി സ്‌കൂളിനും സൈനിക് സ്‌കൂൾ അംഗീകാരം നൽകി. 11 സ്‌കൂളുകൾ ബിജെപി നേതാക്കൾക്ക് ലഭിച്ചു.
ബിജെപി നേതാവും അരുണാചൽ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു, തീവ്ര ഹിന്ദുത്വ പ്രചാരകയായ സാധ്വി ഋതംബര, ഗുജറാത്ത് സ്‌പീക്കർ ശങ്കർ ചൗധരി, ബിജെപി മുൻ ജനറൽ സെക്രട്ടറി അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി, യുപി ബിജെപി എംഎൽഎ സരിത ബദൗരി തുടങ്ങിയവരാണ് സൈനിക് സ്‌കൂൾ കൈക്കലാക്കിയത്. ബാക്കി ആറ് സ്‌കൂളുകൾ ലഭിച്ചത് ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾക്കും സംഘപരിവാറിന്റെ വേണ്ടപ്പെട്ടവർക്കുമാണ്.










0 comments