ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: ലഹരിക്കേസിൽ തമിഴ്, തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നിരുന്നു. അറസ്റ്റിലായ എഐഎഡിഎംകെ നേതാവിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്റെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചെന്നൈയിലെ ഒരു ബാറിലുണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ എഐഎഡിഎംകെ മുൻ പ്രവർത്തകനായ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് മനസിലാക്കി. നടന്ന് ഇയാളുമായി ബന്ധമുള്ളതായും കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചുവെന്നുമാണ് സംശയം.
ചോദ്യം ചെയ്യലിൽ ശ്രീകാന്തിന് കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തതായി പ്രസാദ് സമ്മതിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ശ്രീകാന്ത് 12,000 രൂപയ്ക്ക് ഒരു ഗ്രാം കൊക്കെയ്ൻ വാങ്ങിയതായി പ്രസാദ് അവകാശപ്പെട്ടു. ചെന്നൈയിലെ സ്വകാര്യ പാർട്ടികളിലും ക്ലബ്ബുകളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പ്രസാദ് ആരോപിച്ചു.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വിശാലമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ തമിഴ് നടന്മാർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.









0 comments