print edition സുന്ദര നായകൻ

1958ൽ ധർമേന്ദ്ര മുംബൈ തെരുവിലിറങ്ങി. വിരൽ കൂട്ടിത്തിരുമ്മിയും നഖം കടിച്ചും ആകാംക്ഷാഭരിതരായ ഒരുകൂട്ടം യുവാക്കളോടൊപ്പം ബസ് യാത്ര കഴിഞ്ഞായിരുന്നു അത്. ഫിലിംഫെയർ ആഭിമുഖ്യത്തിൽ നടന്മാരെ തെരഞ്ഞെടുക്കുന്ന മത്സരത്തിന് എത്തിയതാണ് എല്ലാവരും. നിർമാതാവ് അർജുൻ ഹിൻഗോറാനി ആ മുഖസൗന്ദര്യത്തിൽ ആകർഷിക്കപ്പെട്ടതോടെ സിനിമാജീവിതത്തിന് തുടക്കമായി.
പ്രേക്ഷകരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉറക്കംകെടുത്തിയ സൗന്ദര്യബിംബമായി ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി. എഴുപതുകളിൽ ലോകത്തിലെ മികച്ച പുരുഷ സൗന്ദര്യത്തിനുടമയായി അറിയപ്പെട്ടു. ഷോൺ കോണെറി, പോൾ ന്യൂമാൻ എന്നീ ഹോളിവുഡ് നടന്മാരോട്് മത്സരിക്കാൻ പോന്നവിധം വാഴ്ത്തപ്പെട്ടു. ധർമേന്ദ്ര എന്ന ധരംസിങ് ദിയോളിന്റെ അഭിനയജീവിതം സൗന്ദര്യത്തിനപ്പുറം മികവുകൾ തീർത്തു. 1960കളിൽ ഷമ്മി കപൂറിനോട് മത്സരിച്ചാണ് സിനിമയിൽ ഇടം കണ്ടെത്തിയത്. രാജേന്ദ്രകുമാറും അക്കാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്നു.1960കൾ മുതൽ രാജേഷ് ഖന്നയോടും ധർമേന്ദ്രയ്‌ക്ക് മത്സരിക്കേണ്ടിവന്നു. എഴുപതുകളുടെ ആദ്യത്തിൽ അമിതാഭ് ബച്ചനും ചിത്രത്തിലെത്തി.
അതൊക്കെയാണെങ്കിലും ഹിന്ദി സിനിമയിൽ തന്റെ ഇടം കണ്ടെത്തുന്നതിൽ ധർമേന്ദ്ര വിജയിച്ചു. 55 വർഷംകൊണ്ട് 300 സിനിമ. അറുപതുകളിൽ ബന്ദിനി, സത്യകാം, ഫൂൽ ഓർ പഥർ, ഹഖീഖത്ത് തുടങ്ങിയ ഹിറ്റുകൾ. തുടർന്ന് മൂന്നു പതിറ്റാണ്ട് വൻ ബജറ്റ്‐ ഇടത്തരം സിനിമകളിലൂടെ തിരക്കുള്ള നടനായി. ഷോലെ, ചരസ്, ഡ്രീംഗേൾ, സീത ഓർ ഗീത, ധരംവീർ, പ്രൊഫസർ പ്യാരീലാൽ തുടങ്ങിയവ ബോക്സ്ഓഫീസിൽ ജൂബിലി ആഘോഷിച്ചു. ആരാധകരുടെ പ്രിയങ്കരനാകാൻ ധർമേന്ദ്രക്കു കഴിഞ്ഞു. വികാരങ്ങളെ കൈകുപ്പായത്തിൽ കൊണ്ടുനടന്നയാളായി അറിയപ്പെട്ടു. ആനന്ദനിമിഷങ്ങൾക്കായി എല്ലാം മറന്നു. പാർടികളിൽ മദ്യലഹരിയിൽ മയങ്ങി. തന്നെ നശിപ്പിച്ചത് ആ ശീലമാണെന്ന് പിൽക്കാലത്ത് പരിതപിച്ചു.

ആദ്യചിത്രമായ ‘ദിൽ ഭീ തേരാ ഹം ഭി തേരാ’( 1960)യിൽ ധർമേന്ദ്ര വിമ്മിട്ടപ്പെട്ടാണ് അഭിനയിച്ചത്. എളുപ്പം വികാരതരളിതനാകുന്ന സ്വഭാവം ലൊക്കേഷനിൽ അസ്വസ്ഥനാക്കി. ആദ്യകാല സിനിമകളിൽ ഫ്രെയിമുകളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെടാൻ സംവിധായകരോട് റീഷൂട്ടിങ്ങിന് അഭ്യർഥിക്കുമായിരുന്നു. ഷോലെയിൽ ബച്ചനൊപ്പമുള്ള അഭിനയം വിസ്മയം തീർത്തു. എൺപതുകളിൽ ധർമേന്ദ്ര ആക്‌ഷൻ ഹീറോ. ബച്ചനും വിനോദ് ഖന്നയ്ക്കുമൊപ്പം ഹിന്ദി സിനിമയിലെ നെടുംതൂണുമായി. എൺപതിൽ വിജേത ഫിലിം കമ്പനി തുടങ്ങി മകൻ സണ്ണി ദിയോളിനെ നായകനാക്കി 1983ൽ ബേതാബ് നിർമിച്ചു.
ബർസാത്തിലും നായകൻ. സഹോദരപുത്രൻ അഭയ് ദിയോളിനെ നായകനാക്കി സോചനതയും നിർമിച്ചു. മുംബൈയിലെ ഫാഷൻ രാജാവായും അറുപതുകളിൽ ധർമേന്ദ്ര അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വേഷവിധാനം ആ വ്യവസായത്തിൽ അനുകരിക്കപ്പെട്ടു. യാദോൻ കി ബാരതിൽ ഡെനിം വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ആയിരങ്ങളുടെ ഹരമാക്കി. എൺപതുകളിൽ ജാക്കറ്റും ജീൻസുമണിഞ്ഞ് നായക ബിംബമാകുകയുംചെയ്തു.
ജീവിതത്തിന്റെ വെള്ളിത്തിര
വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിന് പുറത്തും ഏറെ ചർച്ചയായ പ്രണയകഥയാണ് പഞ്ചാബിയായ ധർമേന്ദ്രയും തമിഴ്‌നാട്ടുകാരിയായ ഹേമമാലിനിയും തമ്മിൽ. മാമൂലുകളും സാമൂഹ്യവിലക്കുകളും അവർക്ക് തടസ്സമായില്ല. പ്രകാശ്കൗറിനെ വിവാഹംചെയ്ത ധർമേന്ദ്രയ്‌ക്ക് നാലുകുട്ടികളുണ്ടായിരുന്നു. ഹേമയുടെ പ്രണയത്തിന് അത് തടസ്സമായില്ല. ഇന്ത്യൻ സിനിമയിലെ സ്വപ്നസുന്ദരിയും ബോളിവുഡിന്റെ പൗരുഷവും "തും ഹസീൻ മെയ്ൻ ജവാൻ' സെറ്റിലാണ് പ്രണയബദ്ധരായത്. 1970ലായിരുന്നു ബന്ധത്തിന്റെ തുടക്കം. സഞ്ജീവ്കുമാർ, ജിതേന്ദ്ര തുടങ്ങിയവരുടേതടക്കം വിവാഹാലോചന നിരസിച്ചായിരുന്നത്രെ ഹേമ ധർമേന്ദ്രയുമായടുത്തത്. വിവാഹത്തെ ഹേമയുടെ അച്ഛൻ വി എസ് രാമാനുജൻ ചക്രവർത്തി അയ്യങ്കാർ എതിർത്തു. കുടുംബവുമായി കഴിയുന്ന ഒരാളെ വരിക്കുന്നതിലുള്ള ഇഷ്ടക്കേട് തുറന്നുപറഞ്ഞു. അതിനാൽ അച്ഛന്റെ മരണശേഷമായിരുന്നു വിവാഹം. അത് സിനിമാനിർമാതാവായ അമ്മ ജയ ചക്രവർത്തിയെ ഉലച്ചു.

ആദ്യകൂടിക്കാഴ്ചപോലെ മരണംവരെ തുടർന്നതായിരുന്നു ആ ബന്ധം. "മെയ്ൻ ജാത് യമ്ല പഗല ദീവാന'എന്ന ഗാനചിത്രീകരണമാണ് ധർമേന്ദ്രയിലേക്ക് കാന്തസമാനമായി അടുപ്പിച്ചതെന്നാണ് ഹേമ പറഞ്ഞത്. അദ്ദേഹത്തിന്റെ മനോഹര നൃത്തച്ചുവട് പ്രണയം മുളപ്പിച്ചു. "ഷോലെ'യുടെ ചിത്രീകരണവേളയിൽ സെറ്റിലെ പ്രകാശം അലങ്കോലമാക്കാൻ അദ്ദേഹം ലൈറ്റ് ബോയിമാർക്ക് ‘കൈക്കൂലി’ കൊടുത്തതായും കേട്ടിട്ടുണ്ട്. റീടേക് ആവർത്തിക്കുന്നതിലൂടെ ഹേമയെ പലവട്ടം പുണരാനായിരുന്നു അത്. കാലവും പ്രായവും ദുർഘടസന്ദർഭങ്ങളും ആ പ്രണയത്തിന് മങ്ങലേൽപ്പിച്ചില്ല. ഭ്രാന്തമായ സ്നേഹം പരന്നൊഴുകി. തടസ്സമോ ഭംഗികേടോ ഉണ്ടായില്ല. 42 സിനിമയിൽ ഒന്നിച്ചഭിനയിച്ചു. അവയിലെ പ്രണയംപോലെ പുറത്തേതും പ്രേക്ഷകർ ഏറ്റുവാങ്ങി. ഇളംതലമുറ മാതൃകയായി പിന്തുടർന്നു. കാണാൻ തോന്നിയാൽ ചുറ്റുപാടിന്റെ പരിമിതി നോക്കാതെ ഹേമയുടെ അടുത്തേക്ക് ധർമേന്ദ്ര ഓടിയെത്തുമായിരുന്നു. ഒരിക്കൽ അദ്ദേഹം ബംഗളൂരുവിലും ഹേമ നാസിക്കിലും ഷൂട്ടിങ്ങിൽ. സെറ്റിൽനിന്ന് ആരോടും പറയാതെ ധർമേന്ദ്ര മുങ്ങി. നിർമാതാവും സംവിധായകനും സഹതാരങ്ങളും ഭയപ്പെട്ടു. അദ്ദേഹം നേരെ നാസിക്കിലേക്ക് വിട്ടതായിരുന്നു. രാത്രി ഉറങ്ങാൻപോലും സമയം കളയാതെ 24 മണിക്കൂർ സ്വയം കാറോടിച്ചായിരുന്നു യാത്ര..

സീത ഔർ ഗീത, ഡ്രീം ഗേൾ, ചരസ്, ദി ബേണിങ് ട്രെയിൻ തുടങ്ങിയവയിലെ നായികാനായകന്മാരായി. അസൂയാവഹവും മാതൃകാപരവുമായ പ്രണയജോഡിയെ മരണത്തിനേ പിരിക്കാനായുള്ളൂ.
ധർമേന്ദ്രയുടെ ആദ്യ ഭാര്യയിലെ ആൺമക്കളായ സണ്ണി ദിയോളും ബോബി ദിയോളും ബോളിവുഡ് താരങ്ങളാണ്. ഹേമയിലുള്ള മൂത്ത മകൾ ഇഷാ ദിയോളും ബോളിവുഡ് താരമാണ്. ഇഷയുടെ അനിയത്തി അഹാന ഫാഷൻ ഡിസൈനറാണ്. വിജേതയും അജീതയുമാണ് ധർമേന്ദ്രയുടെ ആദ്യ വിവാഹത്തിലെ പെൺമക്കൾ.
ഷോലെയിലെ സൂപ്പർസ്‌റ്റാർ
സാക്ഷാൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും തകർത്തഭിനയിച്ച സിനിമയായിരുന്നു ഈ വർഷം അരനൂറ്റാണ്ട് തികച്ച ഷോലെ. ഇന്ത്യയിൽ ചലച്ചിത്രപ്രേമികളെ ഏറ്റവും സ്വാധീനിച്ച എക്കാലത്തെയും വലിയ ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന അതിൽ നായകൻ ധർമേന്ദ്രയുടെ വീരുവായിരുന്നു. ധർമേന്ദ്രയുടെ താൽപര്യപ്രകാരമാണ് കൂട്ടുകാരൻ ജയ് ആയി ബച്ചനെ തീരുമാനിച്ചത്. 1970ൽ നാല് തുടർവിജയങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞ ധർമേന്ദ്ര ‘ബിഗ് ബി’ക്ക് മുന്പേ സൂപ്പർതാരമായി മാറിയിരുന്നു.

‘ഷോലെ’ മുംബൈയിലെ മിനർവ തിയറ്ററിൽ അഞ്ച് വർഷത്തിലധികം ഓടി. സോവിയറ്റ് യൂണിയനിലും വലിയ ഹിറ്റായിരുന്നു. രണ്ടുപതിറ്റാണ്ടോളം ബോളിവുഡിലെ ഏറ്റവും വിജയിച്ച ചിത്രമെന്ന റെക്കോഡ് ഷോലെയ്‌ക്കായിരുന്നു. കൃത്യമായി പറഞ്ഞാൽ 1994ൽ ‘ഹം ആപ്‌കെ ഹേ കോൻ’ ഇറങ്ങുന്നതുവരെ. 2002ൽ ബ്രിട്ടീഷ് ഫിലിം ഇൻസിസ്‌റ്റിറ്റ്യൂട്ട് 10 മികച്ച ഇന്ത്യൻ സിനിമകളെ കണ്ടെത്താൻ നടത്തിയ വോട്ടിങ്ങിൽ ഒന്നാംസ്ഥാനം ഷോലെയ്‌ക്കായിരുന്നു. 2005ൽ അൻപതാം ഫിലിംഫെയർ അവാർഡിന്റെ ജൂറി 50 വർഷത്തിനിടയിലെ ഏറ്റവും മികച്ച ചിത്രമായും രമേഷ് സിപ്പി സംവിധാനംചെയ്‌ത ഇൗ സിനിമയെ തെരഞ്ഞെടുത്തു.










0 comments