ad
Deshabhimani

ആസിഡ് ആക്രമണത്തിൽ ആശങ്കാജനകമായ വർധനവ്; ശിക്ഷ വർധിപ്പിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

acid attack supreme court
വെബ് ഡെസ്ക്

Published on May 04, 2026, 06:28 PM | 2 min read

ന്യൂഡൽഹി : ആസിഡ് ആക്രമണ കേസുകളിൽ ആശങ്കാജനകമായ രീതിയിൽ വർധനവുണ്ടാകുന്നെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. അത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതും പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അയാളുടെ മേൽ ചുമത്തുന്നതും പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ക്രിമിനൽ നിയമശാസ്ത്രത്തിൽ, നിയമം മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ, കുറ്റാരോപിതർക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രോസിക്യൂഷനിലാണ്.


ആസിഡ് കഴിക്കാൻ നിർബന്ധിതരാകുന്നവരോ ബാഹ്യമായ പരിക്കുകളില്ലാതെ ആന്തരിക പരിക്കുകൾ ഏൽക്കുന്നവരോ, 2016ലെ അവകാശ നിയമപ്രകാരം ആസിഡ് ആക്രമണ ഇരകളുടെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 2016 ലെ നിയമം പ്രാബല്യത്തിൽ വന്നതുമുതൽ തന്നെ ഈ വിശദീകരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ആസിഡ് ആക്രമണ ഇരകളെ ഭിന്നശേഷി വിഭാ​ഗത്തിൽ തരംതിരിക്കണമെന്ന് ആവശ്യപ്പെട്ട് ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദേശം.


തിങ്കളാഴ്ച നടന്ന വാദത്തിനിടെ, ആസിഡ് ആക്രമണങ്ങൾക്ക് നൽകുന്ന ശിക്ഷ ആക്രമങ്ങൾ കുറയ്ക്കുന്നതിനുള്ള കാരണമായി മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആസിഡ് ആക്രമണ കേസുകളുടെ എണ്ണവും വർധിച്ചതായി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശിക്ഷ കൂടുതൽ കഠിനമാക്കേണ്ടതായിരുന്നുവെന്ന് കരുതുന്നില്ലേയെന്ന് ചോദിച്ച കോടതി 2013 മുതൽ ആസിഡ് ആക്രമണ കേസുകളുടെ എണ്ണത്തിൽ ഭയാനകമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും പറഞ്ഞു.


കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിയുടെ മേൽ ചുമത്തുന്നതിനൊപ്പം, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ മതിയായ വർധനവ് വരുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശിക്ഷിക്കപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. വിപണിയിലെ ആസിഡിന്റെ വിൽപ്പനയിൽ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാണിച്ചു.


ബലപ്രയോഗത്തിലൂടെ ആസിഡ് നൽകിയ ഇരകളെ 2016 ലെ നിയമപ്രകാരം 'ആസിഡ് ആക്രമണ ഇരകൾ' എന്ന പദപ്രയോഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ചിന് മുന്നിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. 2016 ലെ നിയമത്തിൽ ചേർത്തിട്ടുള്ള ഷെഡ്യൂൾ ഭേദഗതി ചെയ്യാൻ നോഡൽ മന്ത്രാലയം ഇതിനകം നിർദ്ദേശിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയത്തിൽ വീണ്ടും വാദം കേൾക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home