ആർസിബി വിജയാഘോഷത്തിനിടെ അപകടം: കർണാടക ഹൈക്കോടതി വാദം കേൾക്കുന്നു

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി വാദം കേൾക്കുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി ഹാജരായി. സംഭവത്തിൽ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.
ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ അപകടം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ), റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, പൊലീസ് കമ്മീഷണർ ബി ദയാനന്ദ എന്നിവർക്ക് നോട്ടീസ് നൽകും. മജിസ്റ്റീരിയൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എംഎജി ജി ജഗദീഷ ആണ് ഇക്കാര്യം അറിയിച്ചത്. അപകടം നടന്ന ചിന്നസ്വാമി സ്റ്റേഡിയം ആദ്ദേഹം സന്ദർശിച്ചു.
വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണത്തിൽ കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് 18 വർഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎൽ കിരീടമണിഞ്ഞ ആർസിബിയുടെ വിജയാഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത്. വിരാട് കോഹ്‍ലിയടക്കമുള്ള താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കുംതിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്. പൊലീസിന്റെ സുരക്ഷാമുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.









0 comments