അഹമ്മദാബാദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ സ്ഥലത്ത് അപകടം; നിരവധി ട്രെയിനുകൾ റദ്ദാക്കി

PHOTO CREDIT: X
അഹമ്മദാബാദ്: അഹമ്മദാബാദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ സ്ഥലത്ത് ഗ്യാൻട്രി(ക്രെയിൻ) തൊട്ടടുത്ത റെയിൽപാളത്തിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രി 11ഓടെ അഹമ്മദാബാദിലെ വത്വയിലാണ് അപകടമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിർമ്മിച്ച ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ (എൻഎച്ച്എസ്ആർസിഎൽ) അറിയിച്ചു.
എന്നാൽ, അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. 25 ട്രെയിനുകളെങ്കിലും റദ്ദാക്കിയതായാണ് വിവരം. 15 എണ്ണം ഭാഗികമായി റദ്ദാക്കി. അഞ്ച് ട്രെയിനുകൾ പുനഃക്രമീകരിക്കുകയും ആറെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി അഹമ്മദാബാദ് റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വത്വ-ബോരിവാലി എക്‌സ്പ്രസ്, അഹമ്മദാബാദ്-മുംബൈ സെൻട്രൽ എക്‌സ്പ്രസ്, വഡോദര-വത്വ ഇൻ്റർസിറ്റി, അഹമ്മദാബാദ്-വൽസാദ് ഗുജറാത്ത് ക്വീൻ, ജാംനഗർ-വഡോദര ഇൻ്റർസിറ്റി, വഡ്‌നഗർ-വൽസാദ്-വഡ്‌നഗർ എക്‌സ്പ്രസ്, വത്വ-ആനന്ദ് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
നിർമ്മാണ പ്രവർത്തനത്തിനിടെ സെഗ്മെന്റൽ ലോഞ്ചിംഗ് ഗാൻട്രികളിൽ ഒന്ന് കോൺക്രീറ്റ് ബ്ലോക്കുകൾ ഉറപ്പിച്ച ശേഷം പിൻവാങ്ങുമ്പോഴാണ് അപകടമുണ്ടായത്. വത്വയ്ക്കും അഹമ്മദാബാദ് സ്റ്റേഷനുകൾക്കും ഇടയിലുള്ള ഡൗൺ ലൈനിലെ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. തകരാറുള്ള പാതയിലൂടെയുള്ള ട്രെയിനുകളുടെ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേ ലൈൻ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.









0 comments