വിദ്യാർഥികൾക്ക് നേരെ കൊലവിളി, ബിയർ കുപ്പിയേറ്; ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എബിവിപി ആക്രമണം: നാടകാവതരണം തടസപ്പെടുത്തി

എബിവിപി ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ
ഹൈദരാബാദ് : ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്ക് നേരെ കൊലവിളിയുമായി എബിവിപി. അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നാടകം അവതരിപ്പിക്കുന്നതിനിടെയാണ് എബിവിപി പ്രവർത്തകർ കൊലവിളി മുഴക്കിയെത്തിയത്. പിന്നാലെഎബിവിപി ക്യാമ്പസിൽ അഴിച്ചുവിട്ട അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി.
മെയ് 3ന് ജിബി ഹാളിൽ 57 വർഷം പഴക്കമുള്ള "ഹോളി" എന്ന നാടകം അവതരിപ്പിക്കുന്നതിനിടെയാണ് എബിവിപി പ്രവർത്തകർ തടസവുമായി എത്തിയത്. അവസാന വർഷ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായാണ് മൂന്നാം വർഷ നാടക പഠന വിദ്യാർഥികൾ 1969-ൽ മറാത്തി എഴുത്തുകാരൻ മഹേഷ് എൽകുഞ്ച്വാർ എഴുതിയ നാടകം അവതരിപ്പിച്ചത്. പതിറ്റാണ്ടുകളായി വിവിധ വേദികളിൽ അവതരിപ്പിക്കുന്ന നാടകമാണ് എബിവിപി പ്രവർത്തകർ മതം പറഞ്ഞ് തടയാൻ ശ്രമിച്ചത്. ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ അനുമതിക്ക് ശേഷമാണ് നാടകം വിദ്യാർഥികൾ അവതരിപ്പിച്ചത്. ക്യാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികളും നാടകം കാണുന്നതിനായി എത്തിയിരുന്നു. നാടകാവതരണത്തിനിടെ ബഹളം വച്ചുകൊണ്ട് ഹാളിലെത്തിയ എബിവിപി പ്രവർത്തകർ നാടകം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. നാടകത്തിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നു പറഞ്ഞാണ് ആദ്യം ഭീഷണി ആരംഭിച്ചത്. വധ ഭീഷണിയടക്കം മുഴക്കി.
നാടകം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, നാടകം ഒരു പ്രത്യേക മതത്തിനെതിരെയുള്ളതാണെന്ന് ക്ലാസ്, ഹോസ്റ്റൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൃത്രിമ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. എങ്കിലും അടുത്ത ദിവസവും നാടക അവതരണവുമായി വിദ്യാർഥികൾ മുന്നോട്ടുപോവുകയായിരുന്നു. നിരവധി വിദ്യാർഥികൾ അടുത്ത ദിവസവും നാടകം കാണാനെത്തി. തുടർന്ന് എബിവിപി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപാഹ്വാന സന്ദേശം പ്രചരിപ്പിച്ചാണ് സംഘപരിവാർ അക്രമികളെ സംഘടിപ്പിച്ചത്
ഹാളിലുണ്ടായിരുന്ന വിദ്യാർഥികളും എസ്‌എഫ്‌ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരെ ചെറുത്തു. പിന്നാലെ എബിവിപി പ്രവർത്തകർ ബിയർ കുപ്പികളും കല്ലുകളും മരക്കമ്പുകളും എറിഞ്ഞും ഹാളിന്റെ ജനൽ ഗ്ലാസുകൾ തകർത്തും ക്രൂരമായ അക്രമം അഴിച്ചുവിട്ടു. നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹാളിൻ്റെ നാല് ഭാഗത്തു നിന്നും കൊലവിളി മുഴക്കി ആക്രമിച്ച സംഘം സ്ത്രീകളുടെ ഗ്രീൻ റൂമിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു.
എബിവിപി പ്രവർത്തകർക്കൊപ്പം യൂണിയൻ അംഗങ്ങളും വിദ്യാർഥികളെ മർദിക്കുന്നതിലും നാടകാവതരണം തടയുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച നാടകം കുറ്റകരമാണെന്ന പേരിൽ നിലവിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. എബിവിപി യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തന്നെ വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിടുന്നതാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്യാമ്പസിൽ കാണുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
ഹാളിൽ നിന്ന് പുറത്തേക്ക് വന്ന വിദ്യാർഥികളെ "ഗോലി മാറോ സലോം കോ"(Shoot the traitors) എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എബിവിപി ഭീഷണിപ്പെടുത്തിയത്. പൊലീസിന്റെയും സുരക്ഷാ സേനയുടെയും മുന്നിൽ വച്ചായിരുന്നു കൊലവിളി. എന്നാൽ പൊലീസ് വിഷയത്തിൽ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
നാടക കലാ വകുപ്പിലെ മൂന്നാം വർഷ വിദ്യാർഥിയായ കൗസ്തുഭ് തവാനിയാണ് നാടകം സംവിധാനം ചെയ്തത്. തന്റെ അവസാനത്തെ അക്കാദമിക് പ്രൊഡക്ഷനായിരുന്നു നാടകമെന്നും ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് നാടകം അവതരിപ്പിച്ചതെന്നും തവാനി പറഞ്ഞു. നാടകത്തിലെ ചില സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്ന് എബിവിപി പ്രവർത്തകർ ആവശ്യപ്പെട്ടതായും പ്രസിദ്ധീകരിക്കുകയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത കൃതിയുടെ ഭാഗങ്ങൾ വെട്ടിമാറ്റണമെന്ന് പറയാൻ എബിവിപിക്ക് ആരാണ് അധികാരം നൽകിയതെന്നും തവാനി ചോദിച്ചു. നാടകം ജാതിവാദത്തിനെതിരാണെന്നും എന്നാൽ ഏതെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുന്നില്ലെന്നും ഹോളി നാടകത്തിന്റെ ഡ്രമറ്റർജും സർവകലാശാലയിലെ പൂർവ വിദ്യാർഥിനിയുമായ സി അർച്ചന പറഞ്ഞു. നാടകം മുഴുവൻ കാണാതെ ചില ഭാഗങ്ങൾ മാത്രം കണ്ട് പ്രശ്നങ്ങളുണ്ടാക്കുകയാണ് എബിവിപിയെന്നും അർച്ചന പറഞ്ഞു.
എബിവിപിയുടെ ശ്രമം ക്യാമ്പസ് ജനാധിപത്യത്തെ തകർക്കാൻ
ക്യാമ്പസ് ജനാധിപത്യത്തെ തകർക്കുന്നതിനൊപ്പം അക്കാദമിക് സ്വാതന്ത്ര്യത്തെ തടസപ്പെടുത്താനാണ് എബിവിപി ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക് സമഗ്രതയെ അട്ടിമറിക്കാനും ക്യാമ്പസ് ജനാധിപത്യത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പോരാടാനും എബിവിപിയും എബിവിപി നേതൃത്വത്തിലുള്ള യൂണിയനും നടത്തുന്ന ശ്രമങ്ങളെ വിദ്യാർത്ഥി സമൂഹം ശബ്ദമുയർത്തണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ക്യാമ്പസിന്റെ സമാധാനപരവും ജനാധിപത്യപരവുമായ ക്രമീകരണം തകർക്കാൻ സംഘശക്തികൾ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നു. വിട്ടുവീഴ്ചയില്ലാതെ അത്തരം പ്രവൃത്തികളെ ചെറുക്കുമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഒരു ക്യാമ്പസ് എന്ന നിലയിൽ എസ്‌എഫ്‌ഐ പോലുള്ള പുരോഗമന ശക്തികളുടെ നേതൃത്വത്തിൽ ക്യാമ്പസ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് എച്ച്‌സിയു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ അക്കാദമിക് സമഗ്രതയെ അട്ടിമറിക്കാനുള്ള എബിവിപിയുടെയും എബിവിപി നേതൃത്വത്തിലുള്ള യൂണിയന്റെയും ശ്രമങ്ങളെ എതിർക്കണം. വിദ്വേഷപ്രചാരകരെ തടയാനും ക്യാമ്പസ് ജനാധിപത്യം സംരക്ഷിക്കാനും എച്ച്‌സിയുവിലെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചുചേരേണ്ട സമയമാണിതെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.










0 comments