'സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസം; പ്രധാൻ രാജിവെക്കും വരെ സമരം തുടരും': അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ
ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, 26 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ച സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് അഭിജിത് ദീപ്കെ. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്തിയ സോനം വാങ്ചുക്കിന്റെ അസാധാരണമായ ധീരതയ്ക്കും ത്യാഗത്തിനും അഭിജീത് ദിപ്കെ ആദരവ് അർപ്പിച്ചു. 26 ദിവസത്തെ കഠിനമായ ഉപവാസത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വസിക്കുന്നതായും അദ്ദേഹത്തിന്റെ ജീവൻ ഈ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണെന്നും ദീപ്കെ എക്സ് കുറിപ്പിൽ വ്യക്തമാക്കി.
"സോനം സർ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിൽ ഞങ്ങൾക്ക് വലിയ ആശ്വാസവും നന്ദിയുമുണ്ട്. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിക്കൊണ്ട് ഈ രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്താൻ കാണിച്ച അസാധാരണമായ ധീരതയ്ക്കും ത്യാഗത്തിനും നന്ദി. അദ്ദേഹത്തിന്റെ ജീവൻ ഈ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണ്. എന്നാൽ നീറ്റ് അഴിമതിയുടെ ഉത്തരവാദിയായ ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർമന്തറിലെ സിജെപിയുടെ സമാധാനപരമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും"— അഭിജിത് ദീപ്കെ പറഞ്ഞു.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി തുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യത്തുടനീളം വലിയ ജനരോഷമാണ് അലയടിക്കുന്നത്. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജന്തർമന്തറിലെ സമരവേദിയിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥി കൂട്ടായ്മയുടെ തീരുമാനം.










0 comments