ad
Deshabhimani

വെമ്പായം ബാറിലെ തർക്കം

കേസിൽ പ്രതി ചേർക്കുമെന്ന് നിരന്തരം ഭീഷണി; രതീഷിന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ കുടുംബം

bar
വെബ് ഡെസ്ക്

Published on Jul 24, 2026, 06:33 AM | 1 min read

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ ആക്രമണത്തിൽ ദൃക്സാക്ഷിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കുടുംബം രം​ഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷിനെ(35)യാണ് കഴിഞ്ഞ ദിവിസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമം നടക്കുമ്പോൾ ബാറിലുണ്ടായിരുന്ന രതീഷിനെ കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.


ഞായറാഴ്ച വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം. നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പുറത്തേയ്ക്ക് പോയ അനീഷ് പെട്രോൾ നിറച്ച കന്നാസുമായാണ് എത്തിയത്.


അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു. പെട്രോൾ ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്നിരുന്നു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോളാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് ​ഗുരുതരമായി പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. പെട്രോൾ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ​


മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു. ഇവരുടെ മരണത്തെ തുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് രതീഷിന് നേരെ കടുത്ത പീഡനവും ഭീഷണിയും ഉണ്ടായതായാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് രതീഷിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ​ഇതോടെ കേസുമായി ബന്ധപ്പെട്ട് മരണസംഖ്യ മൂന്നായി ഉയർന്നു. നിലവിൽ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home