കൂട്ടബലാത്സംഗം ചെയ്തു, മുഖത്ത് മൂത്രമൊഴിച്ചു: ബിജെപി എംഎൽഎയ്ക്കെതിരെ യുവതിയുടെ പരാതി

RAPE
വെബ് ഡെസ്ക്

Published on May 22, 2025, 12:35 PM | 1 min read

ബംഗളൂരു : ബംഗളൂരുവിൽ ബിജെപി എംഎൽഎ മുനിരത്നയ്ക്കെതിരെ കൂട്ടബലാത്സംഗപരാതി. 40കാരിയായ ബിജെപി പ്രവർത്തകയാണ് എംഎൽഎയ്ക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപി എംഎൽഎയും 3 കൂട്ടാളികളും കൂട്ടബലാത്സം​ഗത്തിനിരയാക്കിയെന്നും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ബം​ഗളൂരൂ പൊലീസ് എംഎൽഎയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.


ചൊവ്വാഴ്ച ആർഎംസി യാർഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2023 ജൂൺ 11 ന് മതിക്കെരെയിലെ മുനിരത്നയുടെ ഓഫീസിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എംഎൽഎയുടെ സഹായികളാണ് തന്നെ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ഇവരിൽ മൂന്ന് പേരുടെ പേര് പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


മുനിരത്നയും രണ്ട് കൂട്ടാളികളും യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കിയെന്നും പരാതിയിൽ പറയുന്നു. സമ്മതിച്ചില്ലെങ്കിൽ യുവതിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് തന്റെ രണ്ട് കൂട്ടാളികളോട് യുവതിയെ ബലാത്സംഗം ചെയ്യാൻ നിർദ്ദേശിച്ചതായും പീഡനത്തിനിടെ എംഎൽഎ യുവതിയുടെ മുഖത്ത് മൂത്രമൊഴിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.


മുനിരത്ന സിറിഞ്ച് ഉപയോഗിച്ച് ഒരു പദാർത്ഥം ശരീരത്ത് കുത്തിവച്ചതായും യുവതി ആരോപിച്ചു. സംഭവിച്ചത് പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും യുവതി അറിയിച്ചു. ഈ വർഷം ജനുവരിയിൽ യുവതി രോഗബാധിതയാണെന്ന് കണ്ടെത്തിയിരുന്നു. ബിജെപി എംഎൽഎ വൈറസിനെ കുത്തിവച്ചതായാണ് സംശയിക്കുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.


ലൈം​ഗികമായി ഉപദ്രവിക്കുന്നതിനു മുമ്പ് മുനിരത്ന തനിക്കെതിരെ വ്യാജ കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കി. കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് കേസിൽ നിന്ന് രക്ഷപെടാൻ സഹായിക്കാമെന്നു പറഞ്ഞ് എംഎൽഎയുടെ കൂട്ടാളികൾ എത്തിയതെന്നും യുവതി പറഞ്ഞു.


ബിഎൻഎസ് 376 ഡി (കൂട്ടബലാത്സംഗം), 270 (ജീവന് അപകടകരമായ രോഗബാധ പടർത്താൻ സാധ്യതയുള്ള മാരകമായ പ്രവൃത്തി), 323 (പരിക്കേൽപ്പിക്കൽ), 354 (സ്ത്രീക്കുനേരെയുള്ള ബോധപൂർവമായ ആക്രമണം, ബലപ്രയോഗം), 504 (സമാധാന ലംഘനം, പ്രകോപനം), 506 (ഭീഷണി), 509, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ബിജെപി എംഎൽഎയ്ക്കും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home