ad
Deshabhimani

ഛദ്ദയ്‌ക്കും കൂട്ടർക്കും കൂറുമാറ്റ സംരക്ഷണം ലഭിക്കില്ല

print edition പാർലമെന്ററി പാർടിയല്ല രാഷ്‌ട്രീയ പാർടി

AAP
avatar
റിതിൻ പൗലോസ്‌

Published on Apr 26, 2026, 12:08 AM | 1 min read

ന്യൂഡൽഹി: ആം ആദ്‌മി പാർടിയെ ഞെട്ടിച്ച്‌ രാഘവ്‌ ഛദ്ദയടക്കം ഏഴ്‌ രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ലയിച്ചെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഈ നടപടിയുടെ നിയമപരമായ നിലനിൽപ്പ്‌ ചോദ്യമുനയിൽ. കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന്‌ സംരക്ഷണം ലഭിക്കണമെങ്കിൽ രാഷ്‌ട്രീയ പാർടിയുടെ ലയന തീരുമാനത്തിന്‌ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന പാർലമെന്ററി പാർടി അംഗങ്ങളിൽ മൂന്നിൽ രണ്ട്‌ പേരുടെ ഭൂരിപക്ഷം വേണം. സംസ്ഥാന തലത്തിൽ മുന്നിൽ രണ്ട്‌ എംഎൽഎമാരും പിന്തുണയ്‌ക്കണം. എന്നാൽ നേതൃത്വത്തിന്റെ അറിവില്ലാതെ ഏഴ്‌ രാജ്യസഭാംഗങ്ങൾ പ്രഖ്യാപിച്ച "ലയനം' ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതയിൽനിന്ന്‌ സംരക്ഷണം നൽകുന്നില്ലെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.


​ഇരുസഭകളിലുമായി എഎപിക്ക്‌ 13 എംപിമാരുണ്ട്‌. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിന്‌ ഒന്പത്‌ പേരുടെ പിന്തുണ വേണം. പഞ്ചാബിൽ 92, ഡൽഹി 22, ഗുജറാത്ത്‌ 4, ഗോവ 2, ജമ്മുകശ്‌മീർ ഒന്ന്‌ എന്നിങ്ങനെയാണ്‌ എംഎൽഎമാരുടെ എണ്ണം. എല്ലാ നിയമനിർമാണ സഭകളും ചേർന്നാൽ ദേശീയാടിസ്ഥാനത്തിലുള്ള ലയനത്തിന്‌ 90 പേർ പിന്തുണയ്‌ക്കണം. ഏഴ്‌പേർക്ക്‌ മാത്രം വിഘടിച്ച്‌ ലയിക്കാൻ കഴിയില്ല. പ്രഥമദൃഷ്‌ട്യാതന്നെ കൂറുമാറ്റ നിരോധന നിയമം ലംഘിക്കപ്പെട്ടും അയോഗ്യത കൽപ്പിക്കണമെന്ന്‌ എഎപിക്ക്‌ ആവശ്യപ്പെടാനാകും. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബിജെപി നിയമിച്ച രാജ്യസഭ ചെയർമാനാണെന്നിരിക്കേ നിയമയുദ്ധം സുപ്രീംകോടതിയിലേക്ക്‌ നീളാം.


​വടിയെടുത്ത്‌ കോടതി


ലയനമല്ലെങ്കിലും ശിവസേന പിളർപ്പിലെ സുപ്രീംകോടതി വിധി പ്രധാനം. പാർലമെന്ററി പാർടിയല്ല രാഷ്‌ട്രീയ പാർടിയെന്ന്‌ വ്യക്തമാക്കി യഥാർഥ ശിവസേന തങ്ങളാണെന്ന്‌ അവകാശപ്പെട്ട്‌ ഏക്‌നാഥ്‌ ഷിൻഡെ പക്ഷം നിയമിച്ച വിപ്പിനെ കോടതി അയോഗ്യനാക്കി. പാർലമെന്ററി പാർടിയെ രാഷ്‌ട്രീയ പാർടിയായി കണക്കാക്കുന്നത്‌ പത്താം ഷെഡ്യൂളിന് കടകവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതും ഛദ്ദയ്‌ക്കും കൂട്ടർക്കും വെല്ലുവിളിയാണ്‌.


ദ്വിസഭ സംവിധാനത്തിൽ ഒരു പാർലമെന്ററി പാർടി എന്താണെന്നുള്ളത്‌ സുപ്രധാന ചോദ്യമായി തുടരുകയാണെന്ന്‌ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ സഞ്ജയ്‌ ഹെഗ്‌ഡെ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. അയോഗ്യത ഒഴിവാകണമെങ്കിൽ പാർടിയുടെ ലോക്‌സഭ, രാജ്യസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും ലയിക്കേണ്ടതുണ്ടെന്ന് വാദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home